'ഉജ്ജ്വല യോജന' ഗുണഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; എല്‍പിജി സിലിണ്ടര്‍ സബ്സിഡി 200 ല്‍ നിന്ന് 300 രൂപയാക്കി ഉയര്‍ത്തി

'ഉജ്ജ്വല യോജന' ഗുണഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; എല്‍പിജി സിലിണ്ടര്‍ സബ്സിഡി 200 ല്‍ നിന്ന് 300 രൂപയാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: ഉജ്ജ്വല യോജനയ്ക്ക് കീഴിലെ പാചക വാതക സബ്സിഡി 200ല്‍ നിന്ന് 300 ആക്കി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഗുണഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് ഇനി 300 രൂപ വീതം സബ്സിഡി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

ഉജ്ജ്വല ഗുണഭോക്താക്കള്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 903 രൂപ വിപണി വിലയില്‍ 703 രൂപയാണ് നല്‍കിയിരുന്നത്. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം 603 രൂപ നല്‍കിയാല്‍ മതിയാകും. രാജ്യത്ത് പത്ത് കോടിയിലധികം വരുന്ന ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 75 ലക്ഷം പാവപ്പെട്ട കുടുംബങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 1,650 കോടി രൂപയാണ് ഇതിനായി ചെലവ് കണക്കാക്കുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) വിപുലീകരിക്കുന്നതിന് സെപ്റ്റംബറിലെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ക്കാണ് സബ്സിഡി ലഭിക്കുക. പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാണ് തുക നേരിട്ടെത്തുന്നത്. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി രക്ഷാബന്ധന്‍ ദിനത്തില്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമുള്ള എല്‍പിജി സിലിണ്ടര്‍ വില 200 രൂപ കുറച്ചിരുന്നു.

ശുദ്ധമായ പാചക ഇന്ധനം ഗ്രാമീണ മേഖലയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. വീടുകളിലെ മുതിര്‍ന്ന സ്ത്രീകളുടെ പേരില്‍ നിക്ഷേപമില്ലാതെയാണ് എല്‍പിജി കണക്ഷനുകള്‍ നല്‍കുന്നത്. 2016 മെയിലാണ് പദ്ധതി ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.