ഗഗന്‍യാന്‍ ദൗത്യത്തിന് സജ്ജമെന്ന് ഐഎസ്ആര്‍ഒ: ആളില്ലാ പേടകം ഈ മാസം തന്നെ വിക്ഷേപിച്ചേക്കും

ഗഗന്‍യാന്‍ ദൗത്യത്തിന് സജ്ജമെന്ന് ഐഎസ്ആര്‍ഒ: ആളില്ലാ പേടകം ഈ മാസം തന്നെ വിക്ഷേപിച്ചേക്കും

ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഐഎസ്ആര്‍ഒ ദൗത്യങ്ങളുടെ ആദ്യ പടിയായുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് ഈ മാസം തുടക്കമായേക്കും.

ആളില്ലാ പേടകമയച്ചുള്ള പരീക്ഷണങ്ങള്‍ക്കാണ് ആദ്യം തുടക്കമിടുന്നത്. ആളില്ലാ പരീക്ഷണ വാഹനമായ ടിവി ഡി 1 (ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍-1) വിക്ഷേപണത്തിന് സജ്ജമായതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ബഹിരാകാശ യത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള ക്രൂ മോഡ്യുള്‍ അടിയന്തര സാഹചര്യങ്ങളില്‍ യാത്രികരെ രക്ഷപ്പെടുത്താനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം തുടങ്ങയവ അടങ്ങിയതാണ് ടിവി ഡി 1. സംയോജനവും പരിശോധനയും പൂര്‍ത്തിയാക്കി ടിവി ഡി 1 വിക്ഷേപണത്തിന് സജ്ജമായി. പരീക്ഷണവാഹനം വിക്ഷേപണത്തറയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പേടകങ്ങളുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു.

ഭൗമാന്തരീക്ഷത്തിന് സമാനമായ ഉയര്‍ന്ന മര്‍ദമുള്ള സാഹചര്യമുള്ളതാണ് ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശ യാത്രികരെ വഹിക്കുന്ന ക്രൂ മൊഡ്യൂള്‍. യാത്രികരെ വഹിച്ചുള്ള യാത്രയ്ക്കായി ഈ മൊഡ്യൂള്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായാണ് യാത്രികരെ സുരക്ഷിതമായി കൊണ്ടുവരുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നത്.

ക്രൂ മൊഡ്യൂളിന്റെ മര്‍ദമില്ലാത്ത പതിപ്പാണ് ഇപ്പോള്‍ പരീക്ഷിക്കുന്ന ടിവി ഡി 1. യഥാര്‍ഥ ക്രൂ മോഡ്യുളിന്റെ അതേ വലുപ്പവും പിണ്ഡവുമുള്ളതാണ് ഇത്. ക്രൂ മോഡ്യുളിലെപ്പോലെ വേഗത കുറയ്ക്കുന്നതിനും തിരികെ വീണ്ടെടുക്കുന്നതിനുമായുള്ള പാരച്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിലുണ്ട്.


ഗതി നിയന്ത്രണം, സീക്വന്‍സിങ്, ടെലിമെട്രി, ഇന്‍സ്ട്രുമെന്റേഷന്‍, പവര്‍ എന്നിവയ്ക്കായുള്ള ഡ്യുവല്‍ റിഡന്‍ഡന്റ് മോഡ് കോണ്‍ഫിഗറേഷനിലാണ് ക്രൂ മൊഡ്യൂളിലെ ഏവിയോണിക്സ് സംവിധാനങ്ങള്‍. വിവിധ സംവിധാനങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിന് ക്രൂമൊഡ്യൂള്‍ സദാ സമയവും ഫ്ളൈറ്റ് ഡേറ്റ ശേഖരിക്കും.

ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന ക്രൂ മൊഡ്യൂളിനെ ബംഗാള്‍ ഉള്‍ക്കടലിലാണ് സുരക്ഷിതമായി വീഴ്ത്തുക. ഇവിടെ നിന്ന് നാവികസനയുടെ കപ്പലും ഡൈവിങ് ടീമിനെയും ഉപയോഗിച്ചാണ് വീണ്ടെടുക്കുക. ഇതിനുള്ള പരിശീലനം ഇതുമായി ബന്ധപ്പെട്ട സംഘങ്ങള്‍ക്ക് ഐഎസ്എര്‍ഒയും നാവികസേനയും ചേര്‍ന്ന് നേരത്തെ നല്‍കിയിരുന്നു.

ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ ആദ്യത്തേതാണ് ടിവി ഡി 1. മറ്റു മൂന്നെണ്ണവും ഒന്നിന് പുറെ ഒന്നായി നടത്താനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം. രണ്ടാം പരീക്ഷണമായ ടിഡി ഡി 2 ഈ വര്‍ഷം തന്നെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഒറ്റ ഘട്ടമുള്ള ലിക്വിഡ് റോക്കറ്റാണ് ടിവി ഡി 1 നായി ഐഎസ്ആര്‍ഒ സജ്ജമാക്കിയിരിക്കുന്നത്. ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്ന ഖര മോട്ടാറുകള്‍ ഉള്‍ക്കൊള്ളുന്ന ക്രൂ മൊഡ്യൂളിനും ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിനും പുറമെ ക്രൂ മൊഡ്യുള്‍ ഫെയ്‌റിങ്ങും ഇന്റര്‍ഫേസ് അഡാപ്റ്ററുകളും ഉള്‍പ്പെടുന്നതാണ് ആദ്യ ദൗത്യം.

ആരോഹണഘട്ടത്തില്‍ 1.2 എന്ന മാക് വേഗത കൈവരിക്കുന്ന ഘട്ടത്തിലാണ് അബോര്‍ട്ട് ദൗത്യം പരീക്ഷിക്കുക. ഏകദേശം 17 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റവും ക്രൂ മൊഡ്യൂളും പരീക്ഷണ വാഹനത്തില്‍ നിന്ന് വേര്‍പെടുത്തുക.

തുടര്‍ന്ന് ക്രൂ എസ്‌കേപ്പ് സിസ്റ്റത്തില്‍ നിന്ന് ക്രൂ മൊഡ്യൂള്‍ സ്വമേധയാ വേര്‍പെടുന്ന പ്രക്രിയ ആരംഭിക്കും. വേര്‍പെടുന്ന ക്രൂ മൊഡ്യൂള്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ട തീരത്തു നിന്ന് 10 കിലോമീറ്റര്‍ അകലെ കടലില്‍ സുരക്ഷിതമായി പതിക്കും.

ടിവി ഡി 1 ഉള്‍പ്പെടെയുള്ള നാല് അബോര്‍ട്ട് പരീക്ഷണങ്ങളും വിജയകരമായാല്‍ മനുഷ്യരെ സ്വന്തം മണ്ണില്‍ നിന്ന് ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യ 2024 ല്‍ ഇടം പിടിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.