നൈജീരിയയില്‍ മൂന്നു കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ അഞ്ചു പേരെ തട്ടിക്കൊണ്ടുപോയി

 നൈജീരിയയില്‍ മൂന്നു കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ അഞ്ചു പേരെ തട്ടിക്കൊണ്ടുപോയി

അബൂജ: തെക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് മൂന്ന് കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചു പേരെ തട്ടിക്കൊണ്ടുപോയി. മിഷണറി ഡോട്ടേഴ്‌സ് ഓഫ് മാറ്റര്‍ എക്ലേസ്യ സന്യാസ സമൂഹാംഗങ്ങളാണ് സന്യാസിനികള്‍. കന്യാസ്ത്രീകളില്‍ ഒരാളുടെ അമ്മയുടെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിക്ക് എംബാനോയിലേക്കുള്ള റോഡില്‍വെച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോകപ്പെട്ട സന്യാസിനികളെയും മറ്റുള്ളവരെയും കുറിച്ച് നിലവില്‍ തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നു മിഷണറി ഡോട്ടേഴ്‌സ് ഓഫ് മാറ്റര്‍ എക്ലേസ്യ അറിയിച്ചു. മിഷണറി സണ്‍സ് ഓഫ് ഹോളി ട്രിനിറ്റി സമൂഹാംഗമാണ് സെമിനാരി വിദ്യാര്‍ത്ഥി.



ക്രൈസ്തവരുടെ കുരുതിക്കളമായ നൈജീരിയയില്‍ വൈദികരെയും കന്യാസ്ത്രീകളെയും ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള ഒരു മാര്‍ഗമായിട്ടാണ് വൈദികരെയും സന്യാസിനികളെയും തട്ടിക്കൊണ്ടു പോകുന്നത്.

നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബോക്കോഹറാം ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളും ഇസ്ലാമിക ഗോത്രവര്‍ഗമായ ഫുലാനികളും ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സെമിനാരി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ ഫുലാനികളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

2009-ല്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിക തീവ്രവാദി സംഘടനകളിലൊന്നായ ബൊക്കോഹറാം രൂപീകരിക്കപ്പെട്ടത് മുതല്‍ നൈജീരിയയിലെ ക്രൈസ്തവരുടെ ജീവിതം നിരന്തരം ഭീഷണിയുടെ വക്കിലാണ്. ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് തുടര്‍ക്കഥയായിട്ടും നൈജീരിയന്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം തുടരുകയാണ്. അക്രമികളോട് അനുഭാവമുള്ള ധാരാളം പേര്‍ നൈജീരിയന്‍ സര്‍ക്കാരില്‍ ഉണ്ടെന്നും അതിനാലാണ് ആരും പിടിക്കപ്പെടാത്തതെന്നും, അക്രമികള്‍ക്ക് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.