കൊച്ചി: യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്തയായി (മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി) ജോസഫ് മോര്‍ ഗ്രിഗോറിയോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 24 നു നടക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്തേക്കുമുള്ള തിരഞ്ഞെടുപ്പ് നടന്നത്.
ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പു. ഈ സ്ഥാനത്തേക്ക് വേറെ നാമനിര്‍ദേശ പത്രികയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നു ജോസഫ് മോര്‍ ഗ്രിഗോറിയോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ സഭയുടെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയാണ് അദ്ദേഹം. അത്മായ ട്രസ്റ്റി, വൈദിക ട്രസ്റ്റി, സഭാ സെക്രട്ടറി എന്നിവരെ ഇനി അസോസിയേഷന്‍ തിരഞ്ഞെടുക്കും.
പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. വൈദിക ട്രസ്റ്റിയായി ഫാ. ജോണ്‍ ജോസഫ് പാത്തിക്കല്‍, റോയി ഏബ്രഹാം കോച്ചാട്ട് കോര്‍-എപ്പിസ്‌കോപ്പ, ഫാ. റോയി ജോര്‍ജ് കട്ടച്ചിറ എന്നിവരാണു മത്സരരംഗത്തുള്ളത്. അത്മായ ട്രസ്റ്റി സ്ഥാനത്തേക്ക് സി.കെ ഷാജി ചുണ്ടയില്‍, തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും സഭാ സെക്രട്ടറി സ്ഥാനത്തേക്ക് ബിബി ഏബ്രഹാം കടവുംഭാഗം, അഡ്വ.എല്‍ദോ പടയാട്ടി, ജേക്കബ് സി. മാത്യു, സുരേഷ് ജെയിംസ് വഞ്ചിപ്പാലം എന്നിവരും മത്സരിക്കും.
ഡോ. കോശി എം. ജോര്‍ജാണു വരണാധികാരി. 24 ന് രാവിലെ 11.15 മുതല്‍ ഉച്ചയ്ക്കു രണ്ടു വരെയാണു തെരഞ്ഞെടുപ്പ്. അന്നുതന്നെ ഫലപ്രഖ്യാപനം നടത്തും. ഇടവക, ഭദ്രാസന തലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2500 ല്‍ പരം പ്രതിനിധികളാണ് സഭയുടെ പാര്‍ലമെന്റ് എന്നറിയപ്പെടുന്ന അസോസിയേഷനിലെ അംഗങ്ങള്‍. അഞ്ചു വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
മുളന്തുരുത്തി സ്രാമ്പിക്കല്‍ പള്ളിത്തട്ട ഗീവര്‍ഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയ മകനായ മോര്‍ ഗ്രിഗോറിയോസ് 1960 നവംബര്‍ 10 നാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം 1984 മാര്‍ച്ച് 25ന് വൈദിക പട്ടം സ്വീകരിച്ചു.
1994 ജനുവരി 16 ന് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ അദ്ദേഹത്തെ കൊച്ചി ഭദ്രാസന ചുമതലയുള്ള മെത്രാപ്പൊലീത്തയായി വാഴിച്ചു. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2019 ലാണ് സഭയുടെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയായത്. സഭയുടെ രാഷ്ട്രീയ നിലപാടുകള്‍ അടക്കം തുറന്നു പറഞ്ഞുകൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് മോര്‍ ഗ്രീഗോറിയോസ്.
കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാഹോദര്യത്തിനും ഭംഗം വരുന്ന വിവാദങ്ങള്‍ക്ക് വിരാമമിടണമെന്ന് അടുത്തിടെ അദേഹം അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ അജഗണങ്ങളെ നേരായ മാര്‍ഗത്തില്‍ നയിക്കാനുള്ള ഉത്തരവാദിത്വം ചുമതലപ്പെട്ടവര്‍ക്കുണ്ട്. അത് നിര്‍വഹിക്കാനുള്ള അവകാശം തടയപ്പെടാന്‍ പാടില്ല.
മറ്റ് മതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്യപ്പെടരുത്. ചില തെറ്റായ പ്രവണതകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങളെ മനസിലാക്കി കാര്യങ്ങളുടെ നിജസ്ഥിതി വിലയിരുത്തി തെറ്റുകള്‍ വിശകലനം ചെയ്ത് തിരുത്തപ്പെടുകയാണ് വേണ്ടതെന്നും അദേഹം പറയുകയുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.