വത്തിക്കാന്‍ സിറ്റി: സഭ ഏറ്റവും മനോഹരമാകുന്നത് ഏവര്‍ക്കുമായി അതിന്റെ വാതിലുകള്‍ തുറന്നിടുമ്പോഴാണെന്നും സഭയുടെ വാതിലുകള്‍ കൂടുതലായി തുറന്ന്, കൂടുതല്‍ ആളുകളെ സ്വാഗതം ചെയ്യണമെന്നുള്ള ആഹ്വാനവുമായി സിനഡ്. വത്തിക്കാനിലെ വാര്‍ത്താവിനിമയ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവന്‍ ഡോ. പൗളോ റുഫീനിയുടെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ സിനഡ് സമ്മേളനങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു.
അമേരിക്കയിലെ നേവാര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോസഫ് വില്യം തോബിന്‍, കൊളംബിയയില്‍ നിന്നുള്ള സിസ്റ്റര്‍ ഗ്ലോറിയ ലിലിയാന എച്ചെവേരി എന്നിവരും ഡോ. പൗളോ റുഫീനിയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥ സൗന്ദര്യം, അതിന്റെ വാതിലുകള്‍ തുറന്ന് ആളുകളെ സ്വാഗതം ചെയ്യുമ്പോളാണ് ദൃശ്യമാകുന്നത്. സഭയുടെ വാതിലുകള്‍ കൂടുതല്‍ തുറക്കാന്‍ ഈ സിനഡ് സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു - സിനഡിന്റെ രണ്ടാം മോഡ്യൂളിന്റെ നടപടിക്രമങ്ങള്‍ വിവരിച്ചുകൊണ്ട് കര്‍ദിനാള്‍ തോബിന്‍ പറഞ്ഞു. പ്രശോഭിതമായ ഒരു കൂട്ടായ്മയായി, ദൈവവുമായുള്ള ബന്ധത്തിന്റെ ഉപകരണമായും മാനവരാശിയുടെ ഐക്യത്തിന്റെ അടയാളമായും സഭയ്ക്ക് എങ്ങനെ വര്‍ത്തിക്കാമെന്നതാണ് രണ്ടാം മോഡ്യൂളിന്റെ പ്രമേയം. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ഈ പ്രമേയം ചര്‍ച്ച ചെയ്യപ്പെട്ടതായി കര്‍ദിനാള്‍ അറിയിച്ചു.
സിനഡില്‍ പങ്കെടുക്കുന്നവര്‍ക്ക് ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞും അല്ലാതെയും സംസാരിക്കാനായി കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മുകളില്‍ നിന്ന് താഴേക്ക് നയിക്കപ്പെടുന്ന ശൈലിയല്ല സിനഡ് സ്വീകരിച്ചിരിക്കുന്നത്. മറിച്ച്, ദൈവജനത്തിന്റെ പങ്കാളിത്തത്തോടെ താഴെത്തട്ടില്‍നിന്ന് ആരംഭിച്ച് മുകളിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് സിനഡിന്റെ നടപടിക്രമങ്ങളെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡോ. റുഫീനി പറഞ്ഞു. ഇത്തരത്തിലുള്ള ഒരു ശൈലിയില്‍, അംഗങ്ങള്‍ക്ക് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന വിധത്തില്‍ എല്ലാവരുടെയും മനുഷ്യത്വവും മാന്യതയും അംഗീകരിക്കുന്നതും, എല്ലാവര്‍ക്കുമായി വാതില്‍ തുറന്നിടുന്നവനുമായ യേശുവിനെ പോലെ ജീവിക്കണമെന്നുള്ള തങ്ങളുടെ ആഗ്രഹമാണ് സിനഡ് അംഗങ്ങള്‍ പങ്കുവച്ചത്. പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മനുഷ്യക്കടത്തിന് ഇരയായവരുടെയും നിലവിളി തങ്ങളുടെ ഹൃദയങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്നതായി സിസ്റ്റര്‍ എച്ചെവേരി പറഞ്ഞു.
സഭ ആഗ്രഹിക്കുന്നത് സാഹോദര്യം
മറ്റുള്ളവരെ പുറന്തള്ളുന്ന ദേശീയത, അതിരുകള്‍ ബലപ്പെടുത്താനുള്ള നേതാക്കളുടെ പ്രതിജ്ഞാബദ്ധത, അന്യമത വിദ്വേഷം എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട ഇന്നത്തെ ലോകത്ത്, സഭയുടെ അഭിലാഷം സഹോദര്യവും ഒരുമയോടെയുള്ള മുന്നേറ്റവുമാണെന്ന് കര്‍ദിനാള്‍ തോബിന്‍ അഭിപ്രായപ്പെട്ടു. എല്ലാവരും സഹോദരീസഹോദരന്മാരാണെന്ന് മനസിലാക്കാന്‍ സഭ നമ്മെ പ്രാപ്തരാക്കുന്നു. ഇപ്രകാരമുള്ള ഒരു സഭയില്‍ എല്ലാവര്‍ക്കും ഇടമുണ്ട് - കര്‍ദിനാള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26