ബ്രസല്‍സ് (ബെല്‍ജിയം): ബ്രസല്‍സില്‍ വെടിവയ്പ്പില്‍ രണ്ട് സ്വീഡന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ 'ഭീകരാക്രമണം' എന്നാണ് ബെല്‍ജിയന്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ബെല്‍ജിയവും സ്വീഡനും തമ്മില്‍ നടന്ന യൂറോ 2024 യോഗ്യതാ മത്സരം ഉപേക്ഷിച്ചു. ആദ്യ പകുതി പിന്നിട്ട ശേഷമാണ് മത്സരം ഉപേക്ഷിക്കുന്നതായി അറിയിപ്പ് വന്നത്. അക്രമിയെ പിന്നീട് പോലീസ് വെടിവച്ചു കൊന്നു.
മത്സരത്തിന് മുന്നോടിയായി കിങ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ബോലെവാര്‍ഡ് ഡിപ്രെസിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വീഡന്റെ ഫുട്ബോള്‍ ജേഴ്സി ധരിച്ചിരുന്ന രണ്ട് പേരാണ് വെടിയേറ്റ് മരിച്ചതെന്ന് ഡച്ച് മാധ്യമമായ ഹെറ്റ് ലാറ്റ്‌സ്റ്റെ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ തുടര്‍ന്ന് ഇരു ടീമുകളുമായും പ്രാദേശിക പോലീസ് അധികാരികളുമായും കൂടിയാലോചിച്ചതിന് ശേഷം ബെല്‍ജിയവും സ്വീഡനും തമ്മിലുള്ള യുവേഫ യൂറോ 2024 യോഗ്യതാ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി യുവേഫ അവരുടെ വെബ്സൈറ്റില്‍ കുറിച്ചു.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി 35000 ആരാധകരോട് മത്സരം നടന്ന കിങ് ബൗഡോയിന്‍ സ്റ്റേഡിയത്തിനുള്ളില്‍ തന്നെ തുടരാന്‍ ബെല്‍ജിയം പോലീസ് ആവശ്യപ്പെട്ടു. കളി നിര്‍ത്തി രണ്ട് മണിക്കൂറിലധികം കഴിഞ്ഞതിനു ശേഷമാണ് കാണികളെ പുറത്തേക്കു വിട്ടത്.
സംഭവം തീവ്രവാദി ആക്രമണമാണെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ശേഷം ഓറഞ്ച് ജാക്കറ്റ് ധരിച്ച തോക്കുധാരി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. അനധികൃതമായി ബെല്‍ജിയത്തില്‍ താമസിക്കുന്ന തുനീഷ്യന്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന 45 വയസുകാരനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നു പുലര്‍ച്ചെയാണ് ഒരാള്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരാള്‍ താനാണു അക്രമണം നടത്തിയതെന്നും താന്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നുള്ളയാളാണെന്നും അവകാശപ്പെട്ടതോടെ ബെല്‍ജിയം രാജ്യത്ത് സുരക്ഷ ശക്തമാക്കി.
സ്വീഡിഷ് പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു വെടിവയ്പ്പെന്ന് ബെല്‍ജിയം പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ പറഞ്ഞു.
ആദ്യപകുതി പിന്നിട്ടതിനു പിന്നാലെ സംഭവം അറിഞ്ഞ സ്വീഡിഷ് താരങ്ങള്‍ മത്സരം തുടരാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.