ബംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. പാര്‍ട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചു.
ബിജെപി ബാന്ധവത്തിനെതിരെ കലാപമുയര്‍ത്തിയ സി.എം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതറിയിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍.
'കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ചേര്‍ന്നു പോകുന്നതിന്റെ കാരണം അവര്‍ മനസിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്'-ദേവഗൗഡ പറഞ്ഞു.
ജെഡിഎസ് കേരള ഘടകത്തിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കാനും ബിജെപി സഖ്യത്തെ തള്ളാനുമായിരുന്നു കേരള ഘടകത്തിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാനനേതാക്കള്‍ ദേവഗൗഡയെ നേരില്‍ അറിയിക്കുകയും ചെയ്തിരുന്നു.
കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാര്‍ട്ടി കേരള അധ്യക്ഷന്‍ മാത്യു ടി. തോമസ് അറിയിച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായ ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ കേരളത്തില്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കുന്ന ജെഡിഎസിനെ പ്രതിസന്ധിയിലാക്കും. ജെഡിഎസിന്റെ ബിജെപി ബന്ധത്തെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് സിപിഎമ്മിനെതിരേ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രസ്താവന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.