'ക്ഷമ നമ്മെ സ്വതന്ത്രരാക്കുന്നു'; കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതായി 60-ാം ജന്മദിനത്തില്‍ ഹോളിവുഡ് നടന്‍ റോബ് ഷ്‌നൈഡറിന്റെ വെളിപ്പെടുത്തല്‍

'ക്ഷമ നമ്മെ സ്വതന്ത്രരാക്കുന്നു'; കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതായി 60-ാം ജന്മദിനത്തില്‍ ഹോളിവുഡ് നടന്‍ റോബ് ഷ്‌നൈഡറിന്റെ വെളിപ്പെടുത്തല്‍

കാലിഫോര്‍ണിയ: താന്‍ കത്തോലിക്കാ മതം സ്വീകരിച്ചതായി ഹോളിവുഡ് നടനും ഹാസ്യതാരവുമായ റോബ് ഷ്‌നൈഡറിന്റെ വെളിപ്പെടുത്തല്‍. 60-ാം ജന്മദിനത്തില്‍ തനിക്ക് ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ജീവിതത്തിലെ സുപ്രധാന ചുവടുവയ്പ്പിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്ത് തീരുമാനത്തിന് ആശംസകള്‍ അറിയിച്ചത്.

1963 ഒക്ടോബര്‍ 31 ന് കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് ഷ്‌നൈഡര്‍ ജനിച്ചത്. അമ്മ കത്തോലിക്കാ വിശ്വാസിയായ ഫിലിപ്പിനോ വംശജയായിരുന്നു. പിതാവ് ജൂതനായിരുന്നു. നിരവധി കോമഡി ഷോകളിലൂടെയും കോമഡി സിനിമകളിലെ വേഷങ്ങളിലൂടെയും വളരെ പ്രശസ്തനാണ് ഷ്‌നൈഡര്‍.

സമൂഹ മാധ്യമമായ എക്‌സില്‍ റോബ് ഷ്‌നൈഡര്‍ പങ്കുവെച്ച കുറിപ്പ് ഇതാണ് - 'താന്‍ കത്തോലിക്കാ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു, എന്റെ സഹജീവികളോട് ക്രിസ്തുവിനെപ്പോലെ ക്ഷമിക്കാന്‍ കഴിയാത്തതിന് ഞാന്‍ ഖേദിക്കുന്നു. 40-ാം വയസില്‍ ലോകത്തെ കീഴടക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നു, ഒന്നിനും നിങ്ങളെ തടയാന്‍ കഴിയില്ലെന്ന് ചിന്തിക്കുന്നു. എന്നാല്‍ 60-ാം വയസില്‍, ജീവിതത്തിന്റെ യഥാര്‍ത്ഥ ദുര്‍ബലതയും എല്ലാറ്റിന്റെയും താല്‍ക്കാലികതയും നിങ്ങള്‍ മനസിലാക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും തീര്‍ച്ചയായും സമയപരിധിയുണ്ടെന്നും ദൈവത്തിന്റെ രൂപകല്‍പ്പന വിലയേറിയതാണെന്നും ഞാന്‍ തിരിച്ചറിയുന്നു' - ഷ്‌നൈഡര്‍ കുറിച്ചു.

'പാപമോചനം തന്നെയാണ് നാം സ്വയം നല്‍കുന്ന സമ്മാനം, കാരണം ക്രിസ്തു ഉദ്ദേശിക്കുന്നതുപോലെ അത് നമ്മെ സ്വതന്ത്രരാക്കുന്നു. ആത്യന്തികവും പരിധിയില്ലാത്തതുമായ ക്ഷമ എന്ന ദാനം എല്ലാ മനുഷ്യരാശിക്കുമുള്ള ദാനമാണ്. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ഇന്നും എന്നേക്കും അനുഗ്രഹിക്കട്ടെ' - കുറിപ്പ് അവസാനിക്കുന്നു.

അഭിനയ ജീവിതത്തിന് പുറമേ, സ്റ്റാന്‍ഡ്-അപ്പ് കോമേഡിയനായും റോബ് ഷ്‌നൈഡര്‍ പേരെടുത്തിട്ടുണ്ട്. കോമഡി ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ആനിമേറ്റഡ് സിനിമകള്‍ക്കും ടിവി സീരീസുകള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്.

വിവിധ സന്നദ്ധ സംഘടനകളെ പിന്തുണയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുന്നിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.