അനധികൃത കുടിയേറ്റക്കാരുമായി വന്ന കാര്‍ അപകടത്തില്‍പെട്ട് രണ്ട് യുഎസ് പൗരന്‍മാരുള്‍പ്പെടെ ഏഴു മരണം; അപകടം പോലീസില്‍ നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെ

അനധികൃത കുടിയേറ്റക്കാരുമായി വന്ന കാര്‍ അപകടത്തില്‍പെട്ട് രണ്ട് യുഎസ് പൗരന്‍മാരുള്‍പ്പെടെ ഏഴു മരണം; അപകടം പോലീസില്‍ നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെ

ടെക്‌സസ്: പോലീസിനെ വെട്ടിച്ച് രക്ഷപെടാനുള്ള ശ്രമത്തിനിടെ കാര്‍ എതിരെ വന്ന എസ്‌യുവിയിലിടിച്ച് അഞ്ച് അനധികൃത കുടിയേറ്റക്കാരും രണ്ട് അമേരിക്കന്‍ പൗരന്‍മാരും മരിച്ചതായി ടെക്‌സസ് പോലീസ് അറിയിച്ചു. അമേരിക്ക-മെക്‌സിക്കന്‍ അതിര്‍ത്തിയിലാണ് അപകടം.

മെക്‌സിക്കോയില്‍ നിന്ന് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരുമായി വന്ന കാര്‍ പോലീസ് പരിശോധനയില്‍ നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. കാര്‍ ഡ്രൈവറടക്കം കാറിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. എസ്‌യുവി യാത്രക്കാരാണ് മരിച്ച അമേരിക്കന്‍ പൗരന്‍മാര്‍.

പോലീസിനെ വെട്ടിച്ച് അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെയുണ്ടാകുന്ന അപകടങ്ങള്‍ ഈ പ്രദേശത്ത് തുടര്‍ക്കഥയാണ്. ഈ വര്‍ഷം ജൂണില്‍ ട്രക്കിനുള്ളില്‍ കുടുങ്ങി പോയതിനെ തുടര്‍ന്ന് സാന്‍ ആന്റോണിയോയില്‍ 53 പേര്‍ മരിച്ചിരുന്നു. ജൂണില്‍തന്നെ കാലിഫോര്‍ണിയയുടെ ദക്ഷിണഭാഗത്ത് അനധികൃത കുടിയേറ്റക്കാരുമായി വന്ന വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് എട്ടു പേര്‍ മരിച്ചിരുന്നു.

അനധികൃത കുടിയേറ്റക്കാരെയും കള്ളക്കടത്ത് സംഘങ്ങളെയും പിടികൂടുന്നതിനുള്ള പോലീസ് നീക്കങ്ങള്‍ പലതും അപകടങ്ങളില്‍ അവസാനിക്കുന്നത് പതിവാണ്. ഹൂസ്റ്റണ്‍ സ്വദേശിയായ ഡ്രൈവര്‍ നൂറു മൈലിനപ്പുറം വേഗതയില്‍ വാഹനമോടിക്കുകയും റോഡിലെ സംരക്ഷണഭിത്തിയില്‍ ഇടിച്ച് അപകടമുണ്ടായതും ഇത്തരത്തില്‍ പോലീസില്‍ നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ്.

പോലീസിനെയും അതിര്‍ത്തി രക്ഷാ സേനയെയും വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടെയുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, എപ്പോള്‍ ചെയ്‌സ് ചെയ്യണം, ചെയ്‌സ് എപ്പോള്‍ അവസാനിപ്പിക്കണം എന്നതിനുള്ള കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്ന് യുഎസ് കസ്റ്റംസും ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സും അറിയിച്ചു. ബുധനാഴ്ച നടന്ന കാര്‍ അപകടത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല.

അതേ സമയം, ബൈഡന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കുടിയേറ്റ നിയമങ്ങള്‍ ലഘുപ്പെടുത്തിയത് കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് ആകര്‍ഷിക്കുന്നു.

യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവ വികാസം. ഏകദേശം 269,000 അനധികൃത കുടിയേറ്റക്കാരെയാണ് പോലീസ് ഇവിടെ സെപ്റ്റംബറില്‍ മാത്രം പിടികൂടിയിരിക്കുന്നത്. ഈ വര്‍ഷം മാത്രം 2.4 ദശലക്ഷം അനധികൃത കുടിയേറ്റക്കാരാണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം മാത്രം ആറു ലക്ഷത്തിലധികം അനധികൃത കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഹോംലന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലെജാന്‍ഡ്രോ മയോര്‍ക്കസ് അധികൃതരെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.