പ്രവാസി സംരംഭകരുടെ ശ്രദ്ധയ്ക്ക്... ഇവിടെ ദൈവം വെറും പ്രജ മാത്രമാണ്

പ്രവാസി സംരംഭകരുടെ ശ്രദ്ധയ്ക്ക്... ഇവിടെ ദൈവം വെറും പ്രജ മാത്രമാണ്

കേരളം... ദൈവത്തിന്റെ സ്വന്തം നാട്... പരിസ്ഥിതി സൗഹൃദ, വ്യവസായ സൗഹൃദ നാട്... ഭരണാധികാരികള്‍ നമ്മുടെ സംസ്ഥാനത്തെ വിദേശ രാജ്യങ്ങളില്‍ വിളംബരം ചെയ്യുന്നത് ഇപ്രകാരമാണ്.

എന്നാല്‍ ഈ മധുരമനോജ്ഞ വശീകരണ തന്ത്രങ്ങളില്‍ മനസുടക്കി സുന്ദര സ്വപ്‌നങ്ങള്‍ കണ്ട് ജനിച്ച നാട്ടില്‍ വ്യവസായം തുടങ്ങാനെത്തുന്ന പ്രവാസി മലയാളികള്‍ക്ക് ഈശ്വരന്‍ അരുതെന്ന് വിലക്കിയ ആ ഖനി, സര്‍പ്പത്തിന്റെ പ്രലോഭനങ്ങളില്‍പ്പെട്ട് കഴിച്ച ആദത്തിന്റെയും ഹൗവ്വായുടെയും ദുരവസ്ഥയാകും ഉണ്ടാവുക 'ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍'.

ആദിമാതാപിതാക്കള്‍ക്ക് പറുദീസയാണ് നഷ്ടമായതെങ്കില്‍ ഇവിടെ വ്യവസായം തുടങ്ങാനെത്തുന്ന വിദേശ മലയാളിക്ക് പണവും ഒപ്പം മനസമാധാനവും നഷ്ടമാകും. പിന്നെ നടുറോഡില്‍ കിടന്ന് ഉരുളേണ്ടി വരും. അപ്പോഴും കേരളീയത്തിലൂടെയും ലോക കേരള സഭയിലൂടെയും വിളംബര ഗീതങ്ങള്‍ മുഴങ്ങിക്കൊണ്ടേയിരിക്കും... പ്രവാസികളേ.... ഇതിലേ... ഇതിലേ... ഒന്നു വച്ചാല്‍ രണ്ട്!!

അമ്പലപ്പറമ്പിലെ മുച്ചീട്ട് കളിക്കാരന്റെ അതേ തന്ത്രം. അവസാനം കൈയ്യില്‍ കിട്ടുന്നതെല്ലാം പാര്‍ട്ടിക്കാരും ഉദ്യോഗസ്ഥ പ്രഭുക്കളും ചേര്‍ന്ന് കീശയിലാക്കും. പാവം പ്രവാസി വഴിയാധാരവുമാകും.

ഇങ്ങനെ ഭരണ വര്‍ഗം ഇട്ട ചൂണ്ടയില്‍ കുരുക്കപ്പെട്ട ഇരകളിലൊരാളാണ് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തില്‍ വ്യവസായം തുടങ്ങാനെത്തിയ പ്രവാസി മലയാളി ഷാജിമോന്‍ ജോര്‍ജ്. വിദേശത്ത് കഷ്ടപ്പെട്ടുണ്ടാക്കിയതില്‍ 25 കോടി മുതല്‍ മുടക്കി നാട്ടില്‍ ഒരു വ്യവസായം തുടങ്ങാന്‍ തീരുമാനിച്ചു. അതും ഒരു പഞ്ചായത്ത് പരിധിയില്‍.

തന്റെ വ്യവസായ സംരംഭം പച്ച പിടിച്ചാല്‍ നാട്ടില്‍ നിരവധി പേര്‍ക്ക് തൊഴില്‍ കൊടുക്കാം. ഒരു പഞ്ചായത്ത് പ്രദേശത്ത് 25 കോടി രൂപയുടെ വ്യവസായം വന്നാല്‍ ആ നാടിന്റെ മുഖം തന്നെ മാറും. നികുതിയിനത്തില്‍ പഞ്ചായത്തിനും പ്രതിവര്‍ഷം നല്ലൊരു വരുമാനം ലഭിക്കും. അങ്ങനെ തന്നോനൊപ്പം നാടും വളരും. അതൊക്കെയായിരുന്നു ഷാജിമോന്റെ ചിന്ത. പക്ഷേ, ആ ചിന്ത ഷാജിമോന് മാത്രമേ ഉണ്ടായിരുന്നൊള്ളു. പഞ്ചായത്ത് ഭരിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റ് ചില 'അനുബന്ധ കാര്യങ്ങളിലായിരുന്നു' ചിന്ത.

തന്റെ വ്യവസായ പദ്ധതിയായ സ്‌പോര്‍ട്ടിങ് ക്ലബിനായി പണിത കെട്ടിടത്തിന് നമ്പര്‍ വേണം. അതിനായി പഞ്ചായത്ത് ഓഫീസില്‍ ചെന്നപ്പോഴാണ് അദേഹത്തിന് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. കെട്ടിടത്തിന് ഇല്ലാത്ത കുറ്റമില്ല... ഒരുഭാഗം ഉന്തി നില്‍ക്കുന്നു... മറുഭാഗം വളഞ്ഞു നില്‍ക്കുന്നു... അങ്ങനെ മുപ്പതിലധികം 'ന്യൂനത'കള്‍. ഒരു തരത്തിലും കെട്ടിടത്തിന് നമ്പര്‍ തരാന്‍ സാധ്യമല്ല. ഇനി നമ്പര്‍ നിര്‍ബന്ധമാണെങ്കില്‍ തങ്ങളെ 'പ്രത്യേകമായി കാണണമെന്ന' നിബന്ധനയും പഞ്ചായത്ത് അധികൃതര്‍ മുന്നോട്ടു വച്ചു.

കാര്യം കൈക്കൂലിയാണന്ന് മനസിലായ ഷാജിമോന്‍ അതിന് തയ്യാറായില്ല. അവസാനം കാര്യ സാധ്യത്തിനായി പഞ്ചായത്ത് ഓഫീസിന് മുന്നിലും നടുറോഡിലും കിടന്ന് പ്രതിഷേധിക്കേണ്ടി വന്നു ആ യുവ സംരംഭകന്. അപ്പോഴും തിരുവനന്തപുരത്ത് 27 കോടി പൊടിച്ചുകൊണ്ട് നടക്കുന്ന കേരളീയം പരിപാടിയില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു... പ്രവാസികളേ.... ഇതിലേ... ഇതിലേ... ഒന്നു വച്ചാല്‍ രണ്ട്!!

ഇതിനിടയില്‍ ഷാജിമോനുണ്ടായ ദുരവസ്ഥ മാധ്യമങ്ങളിലൂടെ നാടാകെ അറിഞ്ഞപ്പോള്‍ നാണക്കേടില്‍ നിന്ന് കരകയറാന്‍ ഒറ്റമൂലി പ്രയോഗവുമായി ഉടന്‍ സര്‍ക്കാരെത്തി. '50 കോടി വരെ മുതല്‍ മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് സ്വിഫ്ട് വഴി താല്‍ക്കാലിക നമ്പര്‍ നേടാം. മൂന്ന് വര്‍ഷത്തിന് ശേഷം സ്ഥിര നമ്പര്‍ എടുത്താല്‍ മതി'. അതും ഒരു കണ്ണില്‍ പൊടിയിടല്‍ മാത്രം. കാരണം ഇതുകൊണ്ടൊന്നും മറ്റ് നൂലാമാലകള്‍ കഴിയുന്നില്ലല്ലോ.

ഷാജിമോന് മുന്നില്‍ ഇനിയും കടമ്പകള്‍ ഏറെയാണ്. കെട്ടിടത്തിന്റെ നികുതി നിര്‍ണയം, വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ തുടങ്ങി പലതുമുണ്ട്. 'പുറത്ത് കണ്ടതിനേക്കാള്‍ വലുതാണ് അളയിലിരിക്കുന്നത്' എന്നു പറഞ്ഞതു പോലെ ഇതിലും വലിയ കൊള്ളക്കാരുടെ മുന്നിലേക്കാണ് അദേഹത്തിന് തുടര്‍ ഫയലുകളുമായി പോകേണ്ടത്. 'പ്രിയ പ്രവാസി സംരംഭകാ... ഇവിടെ കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല'.

നീതി നിക്ഷേധത്തിനെതിരെ ഷാജിമോന്‍ ജോര്‍ജിന് റോഡില്‍ കിടന്നുവരെ പ്രതിഷേധിക്കേണ്ടി വന്നെങ്കില്‍ വ്യവസായം തുടങ്ങാനെത്തി ഇതേ കാരണത്താല്‍ മനസ് മടുത്ത് ജീവിതത്തോട് തന്നെ ബൈ പറഞ്ഞ് പോയ പ്രവാസികളാണ് കണ്ണൂരിലെ സാജനും പുനലൂരിലെ സുഗതനും.

കണ്ണൂര്‍ ആന്തൂര്‍ നഗരസഭയില്‍ സാജന്‍ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന് ലൈസന്‍സ് കിട്ടാത്തതില്‍ മനം നൊന്താണ് അദേഹം ആത്മഹത്യ ചെയ്തത്. വികസനത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള ചെയര്‍പേഴ്‌സണായ ആന്തൂര്‍ നഗരസഭയാണ് തൊടു ന്യായങ്ങള്‍ പറഞ്ഞ് സാജന്റെ സ്വപ്‌ന പദ്ധതിയായ കണ്‍വന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നിഷേധിച്ചത്.

പ്രവാസി ജീവിതത്തിലുണ്ടാക്കിയ മുഴുവന്‍ സമ്പാദ്യവും സ്വന്തം നാട്ടില്‍ കൊണ്ടുവന്ന് നഷ്ടപ്പെട്ടതില്‍ മനം നൊന്ത് 2019 ജൂണ്‍ 18 നാണ് കണ്ണൂര്‍ പുതിയതെരുവിലെ വീട്ടില്‍ സാജന്‍ ജീവനൊടുക്കിയത്. 'ഈ വികസന വിരുദ്ധര്‍ എന്നെ തോല്‍പിച്ചു. ഇവരോട് ഞാനും എന്റെ ജീവനക്കാരും പോരടിച്ചിട്ടും ഫലമുണ്ടായില്ല. പ്രവാസി ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ പാഴായി'- ഇതായിരുന്നു സാജന്റെ മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ്.

വലിയൊരു വര്‍ക്ക്‌ഷോപ്പ് തുടങ്ങുക എന്നതായിരുന്നു കൊല്ലം പുനലൂരിലെ പ്രവാസി വ്യവസായി സുഗതന്റെ ആഗ്രഹം. ഇതിനായി കൊല്ലം തിരുമംഗലം ദേശീയ പാതയില്‍ പതിനാലര സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് പണിത കെട്ടിടത്തിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെങ്കൊടി നാട്ടി. ഒരു തരത്തിലും വര്‍ക്ക്‌ഷോപ്പ് തുടങ്ങാനാകില്ലെന്ന് ബോധ്യപ്പെട്ട അറുപത്തിനാലുകാരനായ സുഗതന്‍ അതേ കെട്ടിടത്തില്‍ 2018 ഫെബ്രുവരി 23 ന് ആത്മഹത്യ ചെയ്തു.

രണ്ടും ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് പറഞ്ഞ് നിഷ്‌കരുണം എഴുതിത്തള്ളിയ അതേ രാഷ്ട്രീയ ഭരണ നേതൃത്വമാണ് പ്രവാസികളേ.... ഇതിലേ... ഇതിലേ... ഒന്നു വച്ചാല്‍ രണ്ട്!! എന്ന് ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

കടക്കെണിയുടെ പേര് പറഞ്ഞ് ക്ഷേമ പെന്‍ഷനുകളും റേഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണ് കേരളീയം, ലോക കേരള സഭ എന്നിങ്ങനെയുള്ള രാഷ്ട്രീയ ഗിമ്മിക്കുകളിലൂടെ കോടികള്‍ ധൂര്‍ത്തടിക്കുന്നത്. ഇത്തരം പരിപാടികളിലൂടെ നാട്ടിലുണ്ടാകാന്‍ പോകുന്നു എന്നു പറയുന്ന വികസനങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാര്‍ത്താ സമ്മേളനങ്ങളില്‍ ഒതുങ്ങുന്നതല്ലാതെ ഒരു ചുക്കും ഇവിടെ സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം.

ഇനി എന്തെങ്കിലുമാകട്ടെ, നാട്ടിലൊരു വ്യവസായം തുടങ്ങിയേക്കാം എന്നു കരുതി വരുന്ന പ്രവാസി മലയാളികള്‍ക്ക് നേരിടേണ്ടി വരുക ഷാജിമോന്‍ ജോര്‍ജിനും സാജനും സുഗതനുമൊക്കെ ഉണ്ടായതു പോലുള്ള ദുരനുഭവമായിരിക്കും. ഒന്നുകില്‍ ആത്മഹത്യ... അല്ലെങ്കില്‍ നട്ടുച്ചയ്ക്ക് നടുറോഡില്‍ കിടന്ന് ഉരുളാനുള്ള സാഹചര്യം.

ഇതുകൊണ്ട് നാട്ടില്‍ വരുന്ന വികസന പദ്ധതികളെ നിരുത്സാഹപ്പെടുത്തുന്നു എന്ന് വിവക്ഷിക്കേണ്ടതില്ല. എന്തും നേരിടാന്‍ മനസിനെ പരുവപ്പെടുത്തി വേണം നാട്ടില്‍ പണമിറക്കാന്‍ എന്ന് ഓര്‍മ്മിപ്പിച്ചു എന്നു മാത്രം. കാരണം ഇത് ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും ഭരിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇവിടെ ദൈവം വെറും പ്രജ മാത്രമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.