“വളരുന്ന ലോകവും ചുരുങ്ങുന്ന മനുഷ്യനും”

“വളരുന്ന ലോകവും ചുരുങ്ങുന്ന മനുഷ്യനും”

ഏകദേശം 20 വര്‍ഷം മുന്‍പുള്ള കുട്ടിക്കാലം അഞ്ചോ ആറോ പേരടങ്ങുന്ന കൂട്ടൂകാരുടെ ചെറു സംഘവുമായി കൂട്ടികള്‍ സൈക്കിളിലോ നടന്നോ സ്ക്കൂളുകളിലേക്കു പോകുന്നു. പ്രകൃതിയോടും പരിസരങ്ങളോടും ഇഴചേര്‍ന്ന പഠനരീതി. മിക്കവാറും സ്ക്കൂളുകളോടു ചേര്‍ന്നുള്ള വലിയ മരച്ചുവടുകളായിരിക്കും ക്ലാസ്‌ മുറികൾ. അവിടെ പ്രകൃതിയുടെ മടിത്തട്ടില്‍ കിളികളുടെ കൊഞ്ചലും മന്ദമാരുതന്‍ മരത്തില്‍ തൊടുമ്പോഴുള്ള ഇലകളുടെ ഇളക്കവും ഒക്കെ കണ്ടു രസകരമായ പഠനം. അവധി ദിനങ്ങളില്‍ കൂട്ടുകാരെല്ലാം ഒത്തുചേരുന്നു. പല കളികൾ. ചിലപ്പോള്‍ ഓരോ പ്രദേശങ്ങളിലുമുളള വായനശാലകളില്‍ ഒത്തുചേരുന്നു. പരീക്ഷകള്‍ ഒക്കെ കഴിഞ്ഞു ഒരുമിച്ചു കളിക്കാനും സിനിമകൾ കാണാനും യാത്ര പോവാനും ഒക്കെ എല്ലാവര്‍ക്കും വലിയ ആവേശമായിരുന്നു. അതിമനോഹരമായ ബാല്യകാലം. തങ്ങളുടെ കൊച്ചു കൊച്ച്‌ സങ്കടങ്ങള്‍ പങ്കുവയ്ക്കാനും അതേപോലെ സന്തോഷത്തിൽ പങ്കുചേര്‍ന്നു മധുരം ഇരട്ടിയാക്കാനുമെല്ലാം ഉറ്റസുഹൃത്തുക്കള്‍, ബന്ധുകള്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. അങ്ങനെ കരുത്തരായി അവര്‍ വളര്‍ന്നു. പരാജയങ്ങളില്‍ പതറാതെ കൂട്ടാകാന്‍ ഒരുപിടി നല്ല സുഹൃത്തുക്കളുമായി സധൈര്യം അവര്‍ മുന്നേറി. കുടുംബത്തോടും സമൂഹത്തോടും ഇഴുകി ചേര്‍ന്നവര്‍ ജീവിച്ചു

2000-2020 കാലഘട്ടത്തിലെ ബാല്യകാലം:

സമയം കടന്നുപോയി, സാഹചര്യങ്ങള്‍ മാറി. ആധുനികതയുടെ പരിവേഷം പഴമകളെ മാറ്റിയെഴുതി. നമ്മുടെ നാടിന്റെ മുഖം മാറുവാന്‍ തുടങ്ങി. കൂടുംബാങ്ങളൊക്കെ സാമ്പത്തികമായി ഒത്തിരി മുന്നേറി. ഇപ്പോഴും പഴയകാലത്തേപ്പോലെ തന്നെ കൂട്ടികള്‍ സ്‌ക്കൂളില്‍ പോകുന്നു, എന്നാല്‍ പോകാനുപയോഗിക്കുന്ന മാര്‍ഗ്ഗം വ്യത്യസ്തമാണെന്നു മാത്രം; കാറിലോ ബൈക്കിലോ, സ്ക്കൂള്‍ ബസ്സിലോ ഒക്കെയായി യാത്ര. കാലം മുന്നോട്ട് കുതിച്ചപ്പോള്‍ എങ്ങും ആധുനികതയുടെ മാറ്റങ്ങള്‍. സങ്കേതികതയുടേയും ബുദ്ധി വൈഭവത്തിന്റേയും ഔന്നത്യത്തില്‍ മനുഷ്യന്‍ ഉയരങ്ങളിലേക്കു കുതിച്ചു. കുടുംബങ്ങൾ സാമ്പത്തികമായി സ്വയം പര്യാപ്തമാകാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പരിഷ്കൃത കാലഘട്ടത്തിൽ അവന്റെ സുഹൃത്തുക്കള്‍ കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഇന്‍റര്‍നെറ്റും സ്മാര്‍ട്ട്‌ ഫോണും ഡിജിറ്റൽ ഗെയിമുകളും ഒക്കെയായി മാറി. സമൂഹത്തിൽ ഇഴുകിച്ചേർന്നുള്ള നിമിഷങ്ങൾ കുറഞ്ഞു. അവധി ദിനങ്ങളിലൂള്ള ഒത്തുചേരലുകൾ പരിമിതമായി. വിദ്യാലയങ്ങളില്‍ നിന്നും വരുന്ന കൂട്ടികള്‍ അവരുടെ വീടിന്റെ മതിൽ കെട്ടുകള്‍ക്കുള്ളിൽ ഒതുങ്ങിനിന്നു. സ്‌ക്കൂള്‍ ജീവിതം ക്ലാസ്സ്മുറിയില്‍ മാത്രം ചുരുങ്ങി. തിരിച്ചു വീട്ടിൽ വരുമ്പോൾ വീണ്ടും കമ്പ്യൂട്ടർ, ടിവി, പഠനം എന്നിവയില്‍ അവരുടെ കണ്ണുകള്‍ പരിമിതപ്പെട്ടു. നാട്ടിന്‍പുറങ്ങളിലുമുള്ള ചെറുവായനശാലകള്‍ ഇല്ലാതെയായി. കാലഘട്ടം മാറിയതോടെ വിദ്യാഭ്യാസ സംബ്രദായത്തില്‍ മാറ്റങ്ങള്‍ വന്നു. ഓരോ മാതാപിതാക്കളും അവരുടെ മക്കളെ മത്സരിച്ചു പഠിപ്പിച്ചു. ബൗദ്ധികമായി വളർന്ന അവര്‍ മത്സരബുദ്ധിയോടെ മുന്നേറി എന്നാല്‍ പഴയകാലത്തെപ്പോലെ പരീക്ഷകൾ കഴിയുമ്പോഴുള്ള ഒത്തുചേരലുകള്‍ ഇല്ലാതെയായി. ആധുനികയയുടെ ഡിജിറ്റല്‍ ലോകത്തു അവര്‍ സന്തോഷം കണ്ടെത്തി. അവധി ദിനങ്ങളില്‍ അവര്‍ മുറിയിൽ ഇരുന്നു ലോകം വീക്ഷിച്ചു. അതവിടെ നിൽക്കട്ടെ.

കാലചക്രം അതിന്റെ യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു. മനുഷ്യന്‍ തന്റെ മുന്നേറ്റത്തില്‍ എത്തിപ്പിടിക്കാനാവാത്തത്ര ഉയരങ്ങളില്‍ കുതിച്ചു. തന്റെ ബുദ്ധിവൈഭവത്താല്‍ ലോകത്തെ നിയന്ത്രിച്ച മനുഷ്യന്‍ സമയത്തെ തന്റെ വരുതിയിലാക്കി. പുരാതന സങ്കേതികവിദ്യയെ മാറ്റിയെഴുതിയ അവന്‍ ആധുനികയുഗത്തില്‍ തന്റെ സിദ്ധിയാല്‍ കാലത്തേയും ലോകത്തേക്കും സമയത്തേയും എല്ലാം തന്റെ ഉള്ളംകൈയില്‍ നിയന്ത്രിച്ചു. അത്രയധികം ഉയരങ്ങളില്‍ വളര്‍ന്ന മുഷ്യന്‍ തന്റെ കരുത്തും ബുദ്ധിവൈഭവും സാങ്കേതികവിദ്യയൂടെ നൈപുണ്യവും കൊണ്ട്‌ ജോലികള്‍ എളുപ്പമാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പു ദീര്‍ഘനേരം എടുത്തു പൂര്‍ത്തികരിച്ചിരുന്ന ജോലികള്‍ ഞൊടിയിട കൊണ്ടു പൂര്‍ത്തികരിക്കുവാന്‍ തക്ക പാടവം അവന്‍ ആര്‍ജജിച്ചു. അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചു മുന്നേറിയ മനുഷ്യന്‍ ലോകത്തിന്റെ സ്പന്ദനങ്ങള്‍ അവന്റെ വരുതിയിലാക്കി. കാലത്തിന്റെ ചിറകിലേറി മനുഷ്യന്‍ സീമകള്‍ കീഴടക്കി ഉയര്‍ന്നു പറന്നുകോണ്ടേയിരുന്നു. പോറ്റമ്മയായ ധരണിയും ആദിത്യനും സകലതിനും സാക്ഷിയായി മാറ്റമില്ലാതെ നിലകൊണ്ടു. സമാനതകളില്ലാത്ത ആധുനികതയുടെ വിഹായസ്സില്‍ എല്ലാം കീഴടക്കി അവന്‍ മുന്നേറി. തന്റെ സാമര്‍ത്ഥ്യത്താല്‍ നേട്ടങ്ങള്‍ കൊയ്തു കുതിച്ച അവന്‍ യാത്രയിലെവിടെയോ എന്തോക്കയോ മറന്നുവച്ചു. നമുക്കൊന്നു തിരിഞ്ഞു നോക്കാം.

കഴിവിലും ബുദ്ധിവെഭവത്തിലും വിദ്യാഭ്യാസത്തിലുമല്ലാം ഔന്നത്യത്തില്‍ എത്തിയ ഇന്നത്തെ തലമുറ പ്രായോഗികതലത്തില്‍ പിന്നില്‍ പോകുന്നു. ഡിജിറ്റല്‍ലോകത്തെ അതിരുകളില്ലാതെ സ്നേഹിച്ച നമ്മൂടെ ഇന്നത്തെ കുരുന്നുകള്‍ സമൂഹവുമായുള്ള ഇടപെടലുകള്‍ ചുരുക്കിയിരിക്കുന്നു. എല്ലാം വിരല്‍തുമ്പില്‍ ഒരുക്കുന്ന ആധുനികതയുടെ മാസ്മരികതയിൽ മായാജാലം കാട്ടിയ അവർ മനുഷ്യന്‍ സാമൂഹികജിവി എന്ന കാഴ്ചപ്പാടു തന്നെ മാറ്റിയെഴുതി. ബന്ധങ്ങളുടെ വ്യാപ്തിയും പരപ്പും പലപ്പോഴും ശിഥിലമാക്കപ്പെട്ടു. വിദ്യാഭ്യാസപരമായും ബൗദ്ധികമായും ഒത്തിരി പിന്നിലായിരുന്ന നമ്മുടെ പഴയതലമുറയിലെ കൂട്ടുകാര്‍ തോറ്റുതുന്നം പാടിയിട്ടും യാത്രയില്‍ പലവുരു തളർന്നു വീണിട്ടും തങ്ങളുടെ മനക്കരുത്തും അനുഭവസമ്പത്തും ഉപയോഗിച്ചു കരുത്തോടെ എഴുന്നേറ്റുനിന്നു അതിജീവിച്ചു കാണിച്ചു. കാരണം അവന്റെ ബന്ധങ്ങൾ, സുഹൃത്തുക്കൾ ജീവനുള്ള മനുഷ്യരായിരുന്നു . അവന്റെ തോല്‍വികളിൽ ഊർജ്ജം പകരാൻ, ബുദ്ധിമൂട്ടുകള്‍ പങ്കുവയ്ക്കാന്‍, സമയത്തിന്റെ അധികനേരവും അവന്‍ ചിലവഴിച്ച സമൂഹത്തിന്റെ താങ്ങും സുഹൃത്തുക്കളുടെ സംരക്ഷണവലയവും ഉണ്ടായിരുന്നു. എന്നാല്‍ വിദ്യാഭ്യാസപരമായും ബുദ്ധിപരമായും ഒരുപാടു മുന്നേറിയ ഇന്നത്തെ കൂട്ടുകാര്‍ പലപ്പോഴും വീഴ്ചകളില്‍, തോല്‍വികളിൽ തിരിച്ചുവരാനാവാതെ അടിയറവു പറയുന്നു. കാരണം അവന്റെ വിഷമങ്ങളില്‍ ഉത്തരം നല്‍കാന്‍ അവന്റെ സുഹൃത്തുക്കളായ ലാപ്ടോപ്പിനും സ്‌മാര്‍ട്ട്‌ ഫോണിനും അവന്‍ കീഴടക്കിയ ഡിജിറ്റല്‍ ടെക്നോളജികള്‍ക്കും സാധിക്കാതെ വരുന്നു. അവനു തന്റെ ബുദ്ധിമുട്ടുകൾ, പ്രയാസങ്ങള്‍ തുറന്നു പറയാന്‍ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ഇല്ലാതെയാവുന്നു. ആധുനികതയുടെ മത്സരബുദ്ധിയിൽ പടുത്തുയർത്തപ്പട്ട അവന്റെ കരുത്തു മുഴുവന്‍ ചെറിയ തോല്‍വികളിലും തകര്‍ച്ചകളിലും ചോര്‍ന്നു പോകുന്ന കാഴ്ച ഇന്നിന്റെ വേദനയായി നിലനില്‍ക്കുന്നു. ലോകത്തെ വിരൽതുമ്പിൽ നിയന്ത്രിച്ച നമ്മുടെ ഇന്നത്തെ തലമുറ പ്രായോഗികതലത്തില്‍ പരാജയപ്പെടുന്ന വലിയ കാഴ്ച ഞെട്ടലോടെ നാം ഇന്നു വീക്ഷിക്കുന്നു. ഇന്നു വെറും 'ഹായ്‌ ബായ്‌'പറച്ചിലില്‍ മാത്രമായി ചുരുങ്ങിയ ബന്ധങ്ങളുടെ വേര്‌ ആഴത്തിലിറങ്ങാതെയായി. മറ്റൊരു രീതിയിൽ പറഞ്ഞാല്‍ സോഷ്യൽ മീഡിയായിൽ മാത്രമൊതുങ്ങിയ വിവരാന്വേഷണങ്ങള്‍ നമ്മൂടെ ബന്ധങ്ങളെ യാന്ത്രികമാക്കി മാറ്റി .

മനുഷ്യന്‍ ഒരു സാമൂഹികജീവിയാണെന്ന കാഴ്ചപ്പാടിലേക്കു നാം തിരിച്ചു വരേണ്ടിയിരിക്കുന്നു. ഇടുങ്ങിയ നമ്മുടെ ചിന്താഗതികളും വീക്ഷണങ്ങളും നമുക്കു മാറ്റിയെഴുതാം. ഇടറിയ നമ്മുടെ ബന്ധങ്ങള്‍ സുദൃഢവും ആഴമുള്ളതുമാക്കാം. വീഴ്ചകളില്‍, പരാജയങ്ങളില്‍, തകര്‍ച്ചകളിൽ ഒറ്റക്കു ചിലപ്പോൾ നമുക്കു പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. അതിനു നമുക്കു സഹായം കൂടിയേതീരൂ. നമുക്കു നമ്മൂടെ വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ വ്യക്തവും വിശാലവുമാക്കാം. നല്ല സുഹൃത്ബന്ധങ്ങൾ ജനിക്കണം. ശിഥിലമാക്കപ്പെട്ട സുഹൃത്ബന്ധങ്ങളുടേയും സാമൂഹികബന്ധങ്ങളുടേയും ഊഷ്മളത വീണ്ടെടുക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌. പലപ്പോഴും പല പ്രശ്‌നങ്ങളും ഒന്നു തുറന്നു പറഞ്ഞാല്‍ തീരാവുന്നതേയുള്ളൂ. ചെറിയ പ്രശ്‌നങ്ങള്‍പ്പോലും വലിയ വിപത്തിലേക്കു വഴിമാറിയ ഒത്തിരി അനുഭവങ്ങൾ നമുക്കു മുന്‍പിലുണ്ട്‌. എന്റെ സഹോദരനെ, സുഹൃത്തിനെ കേള്‍ക്കാന്‍, അവന്റെ സങ്കടങ്ങള്‍ക്കു എന്നാലാവുംവിധം ഉത്തരം കൊടുക്കാന്‍ നമുക്കു പരിശ്രമിക്കാം. അങ്ങനെ തോറ്റു തൊപ്പിയിട്ടാലും നട്ടെല്ലോടെ എഴുന്നേറ്റു നിൽക്കുന്ന ഒരു സമൂഹത്തെ നമുക്കു വാര്‍ത്തെടുക്കാം. പരാജയങ്ങളാണു വിജയത്തിന്റെ മാധുര്യം ഇരട്ടിയാക്കുന്നതെന്ന യാഥാര്‍ത്ഥ്യം നമുക്കു കരുത്തു പകരണം. നമ്മൂടെ സമൂഹത്തില്‍ ശക്തമായി ഇടപെടാന്‍ ഓരോ യുവാക്കള്‍ക്കും ഉത്തരവാദിത്വമുണ്ട്‌, കടമയുണ്ട്‌. ചിലപ്പോള്‍ ഒരു ചെറു പുഞ്ചിരി മതിയാവും, ചിലപ്പോൾ ഒരു വാക്കു മതിയാവും, ചിലപ്പോൾ ഒരു ചെറിയ ഇടപെടല്‍ മതിയാവും ഒരു വലിയ മാറ്റത്തിന്‌. ലോകം വളരുമ്പോൾ തളരാതെ നമുക്കും വളരാം. "ഒറ്റക്ക് ‌ വാടാതെ ഒരുമിച്ചു വിടരാം, പിളരാതെ വളരാം, തളരാതെ തളിര്‍ക്കാം"

✍️ റ്റോജോമോന്‍ ജോസഫ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.