കുസാറ്റ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരിക്കിലും പെട്ട് നാലു വിദ്യാര്‍ഥികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കുസാറ്റ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരിക്കിലും പെട്ട് നാലു വിദ്യാര്‍ഥികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാംപസില്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെ ഉണ്ടായ കനത്ത തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച വൈകുന്നേരം ഗാനമേള നടക്കുന്നതിനിടെയാണ് അപകടം. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് പ്രശസ്ത പിന്നണി ഗായിക നികിത ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാനമേള സംഘടിപ്പിച്ചിരുന്നു.

പരിപാടിക്കിടെ പെട്ടെന്നുണ്ടായ മഴയെ തുടര്‍ന്ന് ഓഡിറ്റോറിയത്തിനു പുറത്ത് ഗാനമേള ആസ്വദിച്ചു നിന്നിരുന്ന വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.

നേരത്തെ തന്നെ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞ് വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഇതോടെയാണ് കനത്ത തിക്കും തിരക്കും ഉണ്ടായതും വന്‍ അപകടത്തിലേക്കു നയിച്ചതെന്നുമാണ് വിവരം.

നിരവധി വിദ്യാര്‍ഥികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. പരിക്കേറ്റ വിദ്യാര്‍ഥികളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത് ആഘോഷമായി വിദ്യാര്‍ഥികളടക്കമുള്ളവര്‍ പരിപാടി ആസ്വദിക്കുന്നതിനിടെയാണ് പെട്ടെന്ന് മഴ പെയ്തത്. ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവര്‍ അകത്തേക്ക് ഇരച്ചുകയറുകയും അനിയന്ത്രിതമായി തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. പരിക്കേറ്റവരെല്ലാം വിദ്യാര്‍ഥികളാണെന്നാണ് വിവരം.

കൂടുതല്‍ വായനയ്ക്ക്‌: കുസാറ്റ് ദുരന്തം: മരിച്ചവരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞു; 4 പെണ്‍കുട്ടികളുടെ നില ഗുരുതരം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.