മ്യാന്‍മറില്‍ കത്തോലിക്ക ദേവാലയത്തിന്റെ പാസ്റ്ററല്‍ സെന്റര്‍ ബോംബിട്ട് തകര്‍ത്ത് സൈന്യം; എണ്‍പതിലേറെ അഭയാര്‍ഥികളുമായി ബിഷപ്പ് പലായനം ചെയ്തു

മ്യാന്‍മറില്‍ കത്തോലിക്ക ദേവാലയത്തിന്റെ പാസ്റ്ററല്‍ സെന്റര്‍ ബോംബിട്ട് തകര്‍ത്ത് സൈന്യം; എണ്‍പതിലേറെ അഭയാര്‍ഥികളുമായി ബിഷപ്പ് പലായനം ചെയ്തു

നെയ്പിഡോ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മ്യാന്‍മറില്‍ കത്തോലിക്ക ദേവാലയത്തിന്റെ പാസ്റ്ററല്‍ സെന്റര്‍ ബോംബിട്ട് തകര്‍ത്ത് സൈന്യം. ഇതേതുടര്‍ന്ന് പള്ളിയില്‍ അഭയം പ്രാപിച്ചിരുന്ന എണ്‍പതോളം അഭയാര്‍ഥികളുമായി ബിഷപ്പ് സെല്‍സോ ബാ ഷ്വേ പലായനം ചെയ്തു. കയാഹ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലോയിക്കാവിലുള്ള ക്രൈസ്റ്റ് ദി കിങ് കത്തീഡ്രലിന്റെ പാസ്റ്ററല്‍ സെന്ററാണ് ആക്രമണത്തിനിരയായത്.

ആക്രമണശേഷം അടുത്ത ദിവസം മ്യാന്മാര്‍ സൈന്യം സ്ഥലം കൈവശപ്പെടുത്തിയതായി പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ വാര്‍ത്താവിഭാഗമായ ഏജന്‍സിയ ഫിദസ് റിപ്പോര്‍ട്ട് ചെയ്തു. അന്‍പതോളം സൈനികരാണ് ദേവാലയത്തിലേക്ക് ഇരച്ചുകയറിയത്.

ബോംബാക്രമണത്തില്‍ ആളപായമില്ലെങ്കിലും പാസ്റ്ററല്‍ സെന്ററിന്റെ സീലിങ് തകര്‍ന്നു. 80-ലേറെ അഭയാര്‍ഥികളാണ് ഇവിടെയുണ്ടായിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് ബിഷപ്പ് സെല്‍സോ ബാ ഷ്വേയും അഭയാര്‍ഥികളും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതായി ഹോങ്കോങ് കാത്തലിക് ന്യൂസ് സര്‍വീസായ 'യു.സി.എ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യം നേരത്തെയും മൂന്നുതവണ ക്രൈസ്റ്റ് ദി കിങ് കത്തീഡ്രല്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി ഏജന്‍സിയ ഫിദസ് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഷ്വേ പറഞ്ഞു. ലോയികാവ് രൂപതയുടെ കീഴില്‍ ഏകദേശം 93,000 വിശ്വാസികളുണ്ട്.

'ഒരു ബിഷപ്പ് എന്ന നിലയില്‍ ഞാന്‍ വൈദികരുമായി ചേര്‍ന്ന് മതപരമായ സ്ഥലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സൈനിക ജനറലുകളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കുടിയിറക്കപ്പെവരെ സ്വാഗതം ചെയ്തിരുന്ന സ്ഥലം വിട്ടുനല്‍കാനും അവരോട് ആവശ്യപ്പെട്ടു' - ബിഷപ്പ് സെല്‍സോ ബാ ഷ്വേ വെളിപ്പെടുത്തി.

കത്തീഡ്രല്‍ സമുച്ചയത്തില്‍ അഭയം പ്രാപിച്ചവരില്‍ പത്ത് വൈദികരും നിരവധി പ്രായമായവരും വികലാംഗരും രോഗികളും സ്ത്രീകളും കുട്ടികളുമുണ്ടെന്ന് ഷ്വേ പറഞ്ഞു. അഭയാര്‍ത്ഥികളുമായി ബിഷപ്പ് മറ്റു പള്ളികളില്‍ അഭയം തേടിയിരിക്കാമെന്ന് ഏജന്‍സിയ ഫിദസ് റിപ്പോര്‍ട്ട് ചെയ്തു.

കയാഹ് സംസ്ഥാനത്തു നിന്നുള്ള 82 അഭയാര്‍ഥികള്‍ക്കാണ് കത്തീഡ്രല്‍ സമുച്ചയം അഭയം നല്‍കിയിരുന്നത്. ഈ മേഖല സൈന്യവും വിമത സംഘങ്ങളും തമ്മിലുള്ള യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും ജീവനും ഭീഷണിയായി ഈ പോരാട്ടം മാറിയിരിക്കുന്നു.

ഇതാദ്യമായല്ല കത്തോലിക്കാ ദേവാലയങ്ങളും ആരാധനാ കേന്ദ്രങ്ങളും ആക്രമണത്തിനിരയാകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 12-ന് ലോയ്കാവ് രൂപതയിലെ മേരി മദര്‍ ഓഫ് മേഴ്സി ചര്‍ച്ചിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ പള്ളിയുടെ മേല്‍ക്കൂരയും ജനലുകളും തകര്‍ന്നതായി യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ഔര്‍ ലേഡി ഓഫ് ഫാത്തിമ പള്ളിക്കു നേരെയും കയാഹ് സ്റ്റേറ്റിലെ വിരമിച്ച കന്യാസ്ത്രീകളുടെ ഭവനമായ സിസ്റ്റേഴ്സ് ഓഫ് റിപ്പറേഷന്‍ കോണ്‍വെന്റിനു നേരെയും വ്യോമാക്രമണമുണ്ടായിരുന്നു.

കയാഹ് സംസ്ഥാനത്തെ നഗര-ഗ്രാമീണ ജനസംഖ്യയുടെ 80% ത്തിലധികം പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ഇതുകൂടാതെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഷ്വേ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.