ടാൻസാനിയയിൽ ശക്തമായ മഴയും മണ്ണിടിച്ചിലിലും മരണം 63 ആയി

ടാൻസാനിയയിൽ ശക്തമായ മഴയും മണ്ണിടിച്ചിലിലും മരണം 63 ആയി

ഡൊഡോമ: വടക്കൻ ടാൻസാനിയയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 63 പേർ മരിച്ചു. 116 പേർക്ക് പരിക്കേറ്റതായി ടാൻസാനിയ പ്രധാനമന്ത്രി കാസിം മജലിവ അറിയിച്ചു. തലസ്ഥാനമായ ഡൊഡോമയ്ക്ക് വടക്ക് 300 കിലോമീറ്റർ അകലെയുള്ള കതേഷ് പട്ടണത്തിലാണ് ഞായറാഴ്ച പെയ്ത കനത്ത മഴ നാശം വിതച്ചത്.

മഴക്കു പിന്നാലെ വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. നിരവധി വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാന ഫലമായി അതിശക്തമായ വരൾച്ചയാണ് ഇക്കൊല്ലം ടാൻസാനിയ അടക്കമുള്ള കിഴക്കേ ആഫ്രിക്കൻ രാജ്യങ്ങളിലുണ്ടായത്. മഴ വരും ദിവസങ്ങളിൽ കനക്കുമെന്നാണ് മുന്നറിയിപ്പ്.

കോപ്പ് 28 കാലാവസ്ഥാ സമ്മേളനത്തിനായി ദുബായിലെത്തിയ പ്രസിഡന്റ് സാമിയ സുലുലു ഹസൻ ദുരന്തത്തെത്തുടർന്ന് യാത്ര വെട്ടിച്ചുരുക്കി. കുറഞ്ഞത് 1150 വീടുകളെയും 5600 ആളുകളെയും മഴ ബാധിച്ചെന്നും 750 ഏക്കറോളം കൃഷിയിടം നശിക്കുകയും ചെയ്തെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.

സ്ഥിതിഗതികൾ വിലയിരുത്താനും ദുരിതത്തിലകപ്പെട്ടവരെയും പ്രാദേശിക ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി കാസിം മജലിവ സന്ദർശിച്ചു. ദുരിതത്തിൽ അകപ്പെട്ടവർക്കായി മന്യാറ മേഖലയിൽ പ്രത്യേക ക്യാമ്പുകൾ തുറന്നു. എത്യോപ്യ, കെനിയ, സൊമാലിയ, ദക്ഷിണ സുഡാന്‍ എന്നിവയുള്‍പ്പെടെ മറ്റ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കത്തിന് ഇരയായിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ ആരംഭിച്ച കനത്ത മഴയ്ക്ക് ശേഷം മേഖലയിലുടനീളം നൂറുകണക്കിന് ആളുകള്‍ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.