'ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം; മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണം': കെസിബിസി

'ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം; മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണം': കെസിബിസി

കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി).

റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള നിര്‍ദേശങ്ങളെപ്പറ്റി പഠിക്കുന്നതിനായി വിവിധ വകുപ്പുകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നാളിതുവരെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താത്തതിനാല്‍ കമ്മീഷന്റെ കണ്ടെത്തലുകളും വിലയിരുത്തലുകളും എന്തെന്ന് പൊതു സമൂഹത്തിന് അറിയാനായിട്ടില്ല.

റിപ്പോര്‍ട്ട് മുഴുവനായി തന്നെ പരസ്യമാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ സഭാ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന മെത്രാന്‍ സമിതിയുടെ സമ്മേളനം ആവശ്യപ്പെട്ടു.

സഭാംഗങ്ങള്‍ എന്ന നിലയിലും പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിലും ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകളും വിശകലനങ്ങളും നടത്തി. അതിവേഗം മാറി വരുന്ന സാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവര്‍ തഴയപ്പെടുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ ഗൗരവത്തോടെ കാണണമെന്ന് വിലയിരുത്തുകയും ചെയ്തു.

സമ്മേളനാനന്തരം ഇറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണ രൂപം:

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം

ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ശ്രി. ജെ.ബി. കോശി കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള നിര്‍ദേശങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിനായി വിവിധ വകുപ്പുകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതായി വാര്‍ത്തകളില്‍ കണ്ടു.

എന്നാല്‍ നാളിതുവരെ റിപ്പോര്‍ട്ട് പ്രസിദ്ധം ചെയ്തിട്ടില്ലാത്തതിനാല്‍ കമ്മീഷന്റെ കണ്ടെത്തലുകളും വിലയിരുത്തലുകളും എന്തെന്ന് പൊതുസമൂഹത്തിന് അറിയാനായിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവനായിതന്നെ പരസ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മാത്രമല്ല പരിഹാരമായി കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സഭാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയ്യാറാകണം.

പുതിയ പ്രവണതകളെ വിവേചിക്കണം

സമൂഹത്തില്‍ അതിവേഗം സ്വാധീനിക്കപ്പെടുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നതുമായ സ്വവര്‍ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്മേല്‍ മറിക്കുന്നതും ദൂരവ്യാപകമായ അരാജകത്വം സൃഷ്ടിക്കുന്നതുമാണെന്നും വിലയിരുത്തി.

ഇത്തരം ചിന്താധാരകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ രചനകളും സിനിമ, നാടകം, സീരിയല്‍ തുടങ്ങിയവയും വര്‍ധിച്ച തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇവ പുതുതലമുറയെ ഗണ്യമായി സ്വാധീനിക്കുന്നവയാണ്. സുസ്ഥിര സമൂഹ നിര്‍മ്മിതിക്ക് എത്രമാത്രം ഇവ സഹായകരമാകുമെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. സമൂഹത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായ ഇടം നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ പ്രവണതകളെ വിലയിരുത്തുകയും വിവേചിക്കുകയും ചെയ്യണമെന്ന് യുവസമൂഹത്തെ അനുസ്മരിപ്പിക്കുന്നു.

2024 യുവജന വര്‍ഷം

കേരള സഭാ നവീകരണത്തിന്റെ രണ്ടാം ഘട്ടമായ 2024 'യുവജന വര്‍ഷമായി' ആചരിക്കാന്‍ തീരുമാനിച്ചു. യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും ചൈതന്യമാണ്. സഭ അവരെ നെഞ്ചോടു ചേര്‍ത്തു പിടിക്കണം. കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ തങ്ങളുടെ ദൗത്യം സമൂഹത്തില്‍ നിര്‍വ്വഹിക്കുന്നതിനും രാഷ്ട്ര നിര്‍മ്മാണത്തില്‍ ഗൗരവതരമായ ഇടപെടല്‍ നടത്തുന്നതിനും യുവജനങ്ങള്‍ക്കാകണം.

ശാസ്ത്രം, വിശ്വാസം, രാഷ്ട്രീയം, സാഹിത്യം, കല, അധ്യാപനം, സാമൂഹിക സേവനം, മാധ്യമം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിലുള്ള തങ്ങളുടെ നൈപുണ്യം സമൂഹ നിര്‍മ്മിതിക്കുവേണ്ടി വ്യയം ചെയ്യുന്നതിലൂടെ യുവത്വം ഫലദായകമായ കാലമാക്കുന്നതിന് അവര്‍ക്ക് സാധിക്കും. യുവജനങ്ങളുടെ ബൗദ്ധിക സമ്പത്ത് രാജ്യത്തിനു നഷ്ടമാകാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടുന്നതിന് ഭരണാധികാരികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

വൈദിക സന്യസ്ത പരിശീലനം

വൈദിക-സന്യസ്ത രൂപീകരണത്തില്‍ കാലോചിതമായ നവീകരണം ആവശ്യമാണ്. അക്കാദമിക മികവും പക്വതയും ആത്മീയതയും നീതിബോധവും സാമൂഹികാവബോധവും ഉള്ളവരായിക്കണം വൈദിക-സന്യസ്ത വിദ്യാര്‍ഥികള്‍. ലിംഗസമത്വത്തെകുറിച്ചും സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണതകളെക്കുറിച്ചും അവര്‍ക്ക് അവബോധമുണ്ടാകണം.

സഭയുടെയും രാജ്യത്തിന്റെയും നിയമ വ്യവസ്ഥകളെക്കുറിച്ച് പരിജ്ഞാനമുള്ളവരായി വേണം അവര്‍ തങ്ങളുടെ സമര്‍പ്പണ ജീവിതം നയിക്കേണ്ടത്. അതിന് സഹായകരമായ പദ്ധതികളായിരിക്കണം സെമിനാരികളിലും സന്യസ്ത പരിശീലന കേന്ദ്രങ്ങളിലും ക്രമീകരിക്കേണ്ടത്.

കാര്‍ബണ്‍ ന്യൂട്രല്‍ ഇടവകകള്‍

കാലാവസ്ഥാ വ്യതിയാനം യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന വസ്തുത പരക്കെ എല്ലാവര്‍ക്കും ബോധ്യമായിരിക്കുകയാണ്. ഇടവകകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പ് 2012 ല്‍ തന്നെ കെസിബിസി ഇക്കാര്യത്തെക്കുറിച്ചുള്ള സഭയുടെ നയം, 'പച്ചയായ പുല്‍ത്തകിടിയിലേക്ക്' എന്ന രേഖയിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും പുതിയ 'ലൗദാത്തേ ദേവും' എന്ന രേഖയില്‍ പരിസ്ഥിതിയുടെ ശുശ്രൂഷകര്‍ എന്ന നിലയില്‍ മനുഷ്യര്‍ വര്‍ത്തിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഓരോ ഇടവകയും ഗ്രീന്‍ ഓഡിറ്റിങ് നടത്തി തങ്ങളുടെ ഇടവകകള്‍ പരിസ്ഥിതിക്ക് അനുയോജ്യമാണെന്ന് ഉറപ്പു വരുത്തണം. പൊതു സമൂഹത്തില്‍ വലിയ അവബോധം സൃഷ്ടിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ സഭാംഗങ്ങള്‍ താല്‍പര്യമെടുക്കുകയും വേണം.

കുസാറ്റ് അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ വിദ്യാര്‍ഥികളുടെ കുടുംബത്തിന്റെയും സഹപാഠികളുടെയും യൂണിവേഴ്സിറ്റി അധികൃതരുടെയും ദുഖത്തില്‍ കെസിബിസി പങ്കുചേരുന്നു. അനുശോചനം അറിയിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അപകടത്തില്‍പ്പെട്ടവരുടെ ചികിത്സയ്ക്കാവശ്യമായ ധനസഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണം

മാസങ്ങളായി മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് ശമനം ഉണ്ടായിട്ടില്ലായെന്നത് ആശങ്ക ജനിപ്പിക്കുന്നു. നിരാലംബരും പുറം തള്ളപ്പെട്ടവരുമായി ക്യാമ്പുകളില്‍ കഴിയുന്ന കുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പടെയുള്ള അനേകായിരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നവിധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു. അവിടെ എത്രയും വേഗം സമാധാനം ഉറപ്പാക്കാനും സാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ക്ക് പ്രവേശിക്കാനും ഉതകുന്ന അന്തരീക്ഷം സംജാതമാക്കപ്പെടണം.

വന്യജീവി ആക്രമണം

ഒരുകാലത്ത് വനത്തോടു ചേര്‍ന്നു കിടക്കുന്ന ഇടങ്ങളിലെ കൃഷികള്‍ നശിപ്പിക്കുന്ന വന്യജീവികളെക്കുറിച്ചാണ് പരക്കെ കേട്ടിരുന്നത്. എന്നാല്‍ പട്ടണങ്ങളിലും മനുഷ്യര്‍ സമാധാനത്തോടെ വിശ്രമിക്കുന്ന വീട്ടകങ്ങളിലും വന്യജീവികള്‍ യഥേഷ്ടം കടന്നുവരുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. കൃഷികള്‍ നശിപ്പിക്കുന്നവയും സമൂഹത്തിന്റെ സമാധാനം കെടുത്തുന്നവയുമായ ജീവികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
കെസിബിസി പ്രസിഡന്റ്.

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍.
കെസിബിസി വൈസ് പ്രസിഡന്റ്

ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
കെസിബിസി സെക്രട്ടറി ജനറല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.