ബന്ദികളെ കൊല്ലുമെന്ന് ഹമാസിന്റെ ഭീഷണി; ഗാസയില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേലിന്റെ മറുപടി

ബന്ദികളെ കൊല്ലുമെന്ന് ഹമാസിന്റെ ഭീഷണി;  ഗാസയില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേലിന്റെ മറുപടി

ടെല്‍ അവീവ്: തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശേഷിക്കുന്ന ബന്ദികളെ കൊല്ലുമെന്ന ഭീഷണിയുമായി ഹമാസ്. ഗാസയില്‍ കനത്ത വ്യോമാക്രമണം നടത്തിയാണ് ഇസ്രയേല്‍ ഇതിനോട് പ്രതികരിച്ചത്. മധ്യ ഗാസയില്‍ മഘാസി അഭയാര്‍ത്ഥി ക്യാമ്പില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗാസയിലെമ്പാടും 300 പേര്‍ കൊല്ലപ്പെട്ടു.

ഇതോടെ ഗാസയില്‍ മരിച്ചവരുടെ എണ്ണം 18,000 കടന്നു. ഇസ്രയേല്‍ ജയിലുകളിലുള്ള പാലസ്തീനികളുടെ മോചനമടക്കമുള്ള ചര്‍ച്ചകള്‍ വേണമെന്നാണ് ഹമാസിന്റെ ആവശ്യം. എന്നാല്‍ ഹമാസിന്റെ അന്ത്യം തുടങ്ങിക്കഴിഞ്ഞെന്നും നിരവധി തീവ്രവാദികള്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു.

അതിനിടെ  ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ മങ്ങുന്നതായി ഖത്തര്‍ അറിയിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് യു.എന്‍ പൊതുസഭയില്‍ വോട്ടിനിട്ടേക്കും. കഴിഞ്ഞ ദിവസം സുരക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്തിരുന്നു.

അതേസമയം ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനായി രണ്ടാം വെടിനിര്‍ത്തലിന് തയ്യാറാണെന്ന സന്ദേശം മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിനെയും ഈജിപ്തിനെയും ഇസ്രയേല്‍ അറിയിച്ചിട്ടുണ്ടെന്ന് ഈജിപ്ഷ്യന്‍ സ്രോതസുകളെ ഉദ്ധരിച്ച് ഇസ്രയേല്‍ പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനായി അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇസ്രയേല്‍ ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ ഉന്നതോദ്യോഗസ്ഥര്‍ യോഗം ഉടന്‍ ചേരുമെന്നും ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.