കുട്ടനാടിന് വേണ്ടി മുതലക്കണ്ണീർ; കോടികൾ മുക്കുന്ന കരിമണൽ ഖനനം

കുട്ടനാടിന് വേണ്ടി മുതലക്കണ്ണീർ; കോടികൾ മുക്കുന്ന കരിമണൽ ഖനനം

കേരളത്തിന്റെ ഏറ്റവും വലിയ ധാതു സമ്പത്തായ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ആളിക്കത്തുന്നു. തോട്ടപ്പള്ളിയില്‍ മൂന്ന് വര്‍ഷമായി കരിമണല്‍ ഖനനം നടത്തിയിട്ടും സർക്കാർ‌ പ്രതികരിക്കുന്നില്ലെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രസ്താവന രാഷ്ട്രീയ വാ​ഗ്വാദങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. സ്വകാര്യ കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി കൈപ്പറ്റിയെന്ന വിവരം പുറത്തു വന്നിട്ടും സർക്കാർ‌ മൗനം തുടരുകയായിരുന്നു.

മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളി കരിമണല്‍ ഖനനമാണ്. തോട്ടപ്പള്ളി കരിമണല്‍ ഖനനം അനധികൃതമാണ്. മുഖ്യമന്ത്രിക്കും മകള്‍ക്കും സി.എം.ആര്‍.എല്‍ പണം നല്‍കിയത് തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് സഹായം കിട്ടാനാണ്. വര്‍ഷങ്ങളോളം സിഎംആര്‍എല്ലിന് മണല്‍ ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നാണ് മാത്യു കുഴൽ നാടൻ ആരോപിച്ചത്.

തോട്ടപ്പള്ളി സ്പില്‍വേയില്‍ തുടരുന്ന കരിമണല്‍ ഖനനം നിറുത്തിവയ്ക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സമരം ഇനിയും എത്ര ദിവസം തുടര്‍ന്നാലും ഖനനം അവസാനിപ്പിക്കാനാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്ത് സമരം നടന്നാലും ജലത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ തുടരുമെന്നും അതിന് തടസം നില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള തീരത്തെ ഒരോ ദിവസവും കാർന്നു തിന്നുകയാണ് കരിമണൽ ഖനനം. കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിന്റെ പകുതിയിലേറെ കടൽ കൊണ്ടുപോയി. അതിന് കാരണമായത് അവിടുത്തെ കരിമണൽ ഖനനമാണ്. പിന്നീട് ആറാട്ടുപുഴയിൽ ഖനനത്തിനായി ശ്രമം നടത്തിയപ്പോൾ വലിയ ജനകീയ പ്രക്ഷോഭത്തിലൂടെ അധികാരികളെ പിന്മാറ്റി. ഇപ്പോൾ പ്രളയത്തിൽ നിന്ന് കുട്ടനാടിനെ രക്ഷിക്കാനെന്ന വ്യാജേന തോട്ടപ്പള്ളിയിൽ വൻതോതിൽ കരിമണൽ ഖനനം നടക്കുകയാണ്.

സി.പി.എം ഒഴികെയുള്ള മറ്റല്ലാ രാഷ്ട്രീയ കക്ഷികളുടെയും സാമൂഹിക - സാംസ്‌കാരിക സംഘടനകളുടെയും എതിർപ്പും സമരവും അവഗണിച്ച് കൊണ്ടാണ് തോട്ടപ്പള്ളിയിലെ ഖനനം. പ്രക്ഷോഭം തുടർക്കഥയാണെങ്കിലും കോടതി വിധിയുടെ മറവിൽ പൊഴിമുഖത്തുനിന്ന് ഇരുവശത്തേക്കും ഖനനം നിർലോഭം നടത്തുകയാണ്. നൂറുക്കണക്കിന് ലോറികളിലാണ് കരിമണൽ ചവറ കെ.എം.എം.എല്ലിലേക്ക് കൊണ്ടു പോകുന്നത്.

മഴക്കാലത്ത് കുട്ടനാടൻ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് വലിയുന്നതിന് എല്ലാ വർഷവും തോട്ടപ്പള്ളി പൊഴി മുറിക്കാറുണ്ട്. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിലൂടെയെത്തുന്ന വെള്ളം തോട്ടപ്പള്ളി പൊഴിയിലേക്ക് എത്താൻ വെട്ടിയുണ്ടാക്കിയ പുത്തനാറിന്റെ ശേഷിക്കനുസരിച്ചാണ് ഒരോ വർഷവും മഴക്കാലത്തിന് മുമ്പ് പൊഴി മുറിക്കുത്. ഒട്ടനവധി പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഖനനത്തിന് പിന്നിൽ വൻ ലോബി തന്നെയുണ്ട്.

സാധാരണഗതിയിൽ എല്ലാ വർഷവും പൊഴി മുറിക്കാറുണ്ടെങ്കിലും മണൽ അവിടെ തന്നെ നിക്ഷേപിക്കും. പലഘട്ടങ്ങളിലും കുട്ടനാടൻ പാടശേഖരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും മണൽ ഉപയോഗിക്കാറുണ്ട്. കെ.എം.എം.എല്ലിൽ നിന്ന് കൊണ്ടുവന്ന മണൽ വേർതിരിക്കാനുള്ള സ്‌പൈറൽ യൂണിറ്റ് സ്ഥാപിക്കാനുള്ള ശ്രമം ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു.

കോടികളുടെ അഴിമതിയാണ് ഇപ്പോഴത്തെ കരിമണൽ ഖനനത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്നാണ് വിലയിരുത്തൽ. കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാൻ വിദഗ്ധർ നിർദേശിച്ച പ്രാഥമിക കാര്യങ്ങളൊന്നും ചെയ്യാതെയാണ് പൊഴിയിലെ മണ്ണ് നീക്കുന്നതിന്റെ പേരിൽ വൻ തോതിൽ ഖനനം നടത്തുന്നത്. ഇവിടെനിന്ന് മണലെടുത്താൽ തീരശോഷണത്തിന് കാരണമാവുകയും രൂക്ഷമായ കടലാക്രമണം നേരിടേണ്ടിയും വരും.

മുൻ കാലങ്ങളിൽ സുനാമി ദുരന്തം വിതച്ച തീരങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചാൽ ഒരു കാര്യം ബോധ്യമാകും. ഈ തീരങ്ങളിലാണ് ഏറ്റവും കൂടുതൽ മണൽ ഖനനവും നടക്കുന്നത്. തായ്‌ലന്റും ശ്രീലങ്കയും തമിഴ്‌നാടും കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളുമെല്ലാം തെളിവുകളായി മുന്നിലുണ്ട്. ഹോളണ്ട് കഴിഞ്ഞാൽ സമുദ്ര നിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കുട്ടനാട്. തോട്ടപ്പള്ളിയിലെ അശാസ്ത്രീയമായ മണൽ ഖനനം കുട്ടനാട് പ്രദേശത്തെ തന്നെ വെള്ളത്തിൽ മുക്കിക്കൊല്ലുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്.

ഖനനം ഉയർത്തുന്ന മറ്റൊരു പ്രധാന വെല്ലുവിളി പ്രദേശത്തെ ജനങ്ങൾക്കുണ്ടാകുന്ന മാരകരോഗങ്ങളാണ്. ത്വക്ക് രോഗം മുതൽ ക്യാൻസർ വരെയുള്ളവയ്ക്ക് പ്രദേശവാസികൾ വിധേയരാകും. ലോകത്തിൽ ഏറ്റവും കൂടുതൽ റേഡിയേഷനുള്ള പ്രദേശമാണ് കൊല്ലം ജില്ലയിലെ ഖനനം നടക്കു ചവറ, നീണ്ടകര, പൊൻമന, ആലപ്പാട് പ്രദേശങ്ങൾ. കരിമണലിൽ അടങ്ങിയിരിക്കുന്ന തോറിയം ഏറെ അണുപ്രസരണശേഷിയുള്ളതാണ്. ഗർഭസ്ഥ ശിശുമുതൽ വൃദ്ധൻമാർ വരെ ഇവിടെ മാരകമായ രോഗങ്ങളുടെ പിടിയിലാണെന്ന് ഐ.ആർ.ഇ മേഖലയിൽ നടത്തുന്ന പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇൽമനൈറ്റ്, മോണോസൈറ്റ്, സിൽമനൈറ്റ്, സിലിക്ക, സിർക്കോ, ഗ്രൈനൈറ്റ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ മണ്ണാണ് കരിമണൽ. പെയിന്റും തുണിത്തരങ്ങളും പ്ലാസ്റ്റിക്കും റബർ ഉൽപന്നങ്ങളും പോലുള്ള സാധാരണ വസ്തുക്കൾ മുതൽ യുദ്ധോപകരണങ്ങളും ബഹിരാകാശ യാനങ്ങളുമെല്ലാം നിർമിക്കാൻ കഴിയുമെന്നത് ഇതിന്റെ വ്യാവസായിക പ്രധാന്യം വർധിപ്പിക്കുന്നു. ടൈറ്റാനിയത്തിന്റെ ലോഹ അയിരുകളായ ഇൽമനൈറ്റിനും റൂട്ടൈലിനും വൻ സാമ്പത്തിക പ്രധാന്യവുമുണ്ട്. സിറാമിക് വ്യവസയത്തിലും അണുശക്തി രംഗത്തും ഇവ വൻതോതിൽ ഉപയോഗിക്കപ്പെടുന്നു.

കേരളത്തിൽ നിന്നും വിദേശത്തേയ്ക്ക് കയറ്റി അയച്ച കയറിൽ പറ്റിപ്പിടിച്ച കറുത്ത മണ്ണിന്റെ സവിശേഷത ആദ്യം തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരാണ്. കേരളത്തിലെ കരിമണലിൽ 55 ശതമാനം ഇൽമനേറ്റ് അടങ്ങിയിട്ടുണ്ട്. 25 ശതമാനത്തിൽ കൂടുതൽ ഇൽമനേറ്റ് അടങ്ങിയ കരിമണൽ ലോകത്ത് മറ്റെങ്ങും ഇല്ലന്നെതാണ് പ്രധാന സവിശേഷത.

കേരളത്തിന്റെ തീര പ്രദേശത്ത് ഒരു ചതുരശ്രമീറ്റർ സ്ഥലത്ത് 475 കിലോ ഇൽമനൈറ്റും 146 കിലോ സിൽക്കണും 122 കിലോ സിൽമനൈറ്റും 61 കിലോ റൂട്ടൈനും അടങ്ങിയ കരിമണലാണുള്ളത്. ഇതിന്റെ മൂല്യ നിർണയം കണക്കാക്കുമ്പോൾ ഒരു സെന്റ് ഭൂമിയിൽ നിന്ന് ലഭിക്കുക കോടികൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.