ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രേഖകളില്ലാതെ രാജ്യത്തേക്ക് കടക്കുന്ന കുടിയേറ്റക്കാര്‍ യു.എസിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുന്നുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ന്യൂ ഹാംഷെയറില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു പരാമര്‍ശം. ഇതാദ്യമായല്ല ട്രംപിനെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നത്. നേരത്തെയും ഇത്തരം വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ ട്രംപിനെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു.
യു.എസ്-മെക്സികോ അതിര്‍ത്തിയിലെ കുടിയേറ്റത്തിനെതിരെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. അവര്‍ നമ്മുടെ രാജ്യത്തിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുന്നു. തെക്കന്‍ അമേരിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും രാജ്യത്തേക്ക് കുടിയേറ്റക്കാരെത്തുന്നു. ലോകത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ യു.എസിലേക്ക് ഒഴുകുന്നു. രണ്ടാംതവണ അധികാരത്തിലേറിയാല്‍ അനധികൃത കുടിയേറ്റം തടയുമെന്നും നിയമപരമായി കുടിയേറ്റങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വാഗ്ദാനംചെയ്തു.
കഴിഞ്ഞ ഒക്ടോബറിലും ട്രംപ് ഇതേ വാചകം ഉപയോഗിച്ച് കുടിയേറ്റക്കാരെ അധിക്ഷേപിച്ചിരുന്നു. തനിക്ക് താത്പര്യമില്ലാത്ത അമേരിക്കന്‍ വിഭാഗത്തെ കീടങ്ങളെന്ന് ട്രംപ് വിളിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ, ട്രംപിന്റെ പരാമര്‍ശത്തെ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. നാസി ജര്‍മനിയില്‍ കേള്‍ക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും ബൈഡന്‍ കുറ്റപ്പെടുത്തിയിരുന്നു.
ദ നാഷണല്‍ പള്‍സ് എന്ന വലതുപക്ഷ ചായ്വുള്ള വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലും ഇതേ വിഷം കലര്‍ന്ന പ്രയോഗം ട്രംപ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ട്രംപിന്റെ പരാമര്‍ശം വംശീയത നിറഞ്ഞതാണെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നു. ട്രംപ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് യേല്‍ യൂണിവേഴ്‌സിറ്റി പ്രഫസറും ഫാഷിസത്തിനെതിരായ എഴുത്തുകാരനുമായ ജോനാതന്‍ സ്റ്റാന്‍ലി വിമര്‍ശിച്ചു. ട്രംപിന്റെ വാക്കുകള്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ വാക്കുകളുടെ പ്രതിധ്വനിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.