ബന്ദികളുടെ മോചനം: ഹമാസുമായി വീണ്ടുമൊരു വെടിനിര്‍ത്തല്‍ കരാറിന് തയാറെന്ന് ഇസ്രയേല്‍ പ്രസിഡന്റ്

ബന്ദികളുടെ മോചനം: ഹമാസുമായി  വീണ്ടുമൊരു  വെടിനിര്‍ത്തല്‍ കരാറിന് തയാറെന്ന് ഇസ്രയേല്‍ പ്രസിഡന്റ്

ടെല്‍ അവീവ്: ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട് ഹമാസുമായി വീണ്ടുമൊരു വെടിനിര്‍ത്തല്‍ കരാറിന് ഒരുക്കമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്.

ഹമാസുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത ക്രസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ഇസ്രയേല്‍ റദ്ദാക്കിയിരുന്നു. അതിന് പകരമായി വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും നല്‍കിയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു ഹെര്‍സോഗ്.

'ബന്ദികളെ എത്രയും വേഗം മോചിപ്പിക്കുക എന്ന ലക്ഷ്യത്തിന് നേതൃത്വം നല്‍കിയതിന് അംഗ രാജ്യങ്ങളോടും നേതാക്കളോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രയേല്‍ മറ്റൊരു മാനുഷിക വെടിനിര്‍ത്തലിനും മാനുഷിക സഹായത്തിനും തയ്യാറാണെന്ന കാര്യം ഞാന്‍ ആവര്‍ത്തിക്കുന്നു. ഉത്തരവാദിത്വം പൂര്‍ണമായും സിന്‍വാറിനും ഹമാസ് നേതൃത്വത്തിനുമാണ്'- പരിപാടിയില്‍ ഹെര്‍സോഗ് നിലപാട് വ്യക്തമാക്കി.

എന്നാല്‍ അധിനിവേശം അവസാനിപ്പിക്കാതെ ബന്ദി കൈമാറ്റ ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ഹമാസ്. അമേരിക്കയുടെ പിന്തുണയില്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നവംബര്‍ അവസാനത്തോടെ ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരികയും ഏതാനും ബന്ദികളെ ഹമാസും ഇസ്രയേലും പരസ്പരം കൈമാറുകയും ചെയ്തിരുന്നു.

ഹമാസ് പിടിച്ചുകൊണ്ടു പോയ 240 ബന്ദികളില്‍ 129 പേര്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയിലുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇവരെ മോചിപ്പിക്കാന്‍ ഇസ്രയേലി സര്‍ക്കാരിന് മേല്‍ വലിയ സമര്‍ദ്ദവുമുണ്ട്. അതിനിടെ ഗാസയില്‍ ആക്രമണം ശക്തമായി തുടരുകയാണ്. വടക്കന്‍ ഗാസയിലെ ജബാലിയ പൂര്‍ണ നിയന്ത്രണത്തിലായെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.