ക്യാന്‍സറിന് തൊലിപ്പുറത്തെ തൈലം പുരട്ടല്‍ പോരാ... വിരുന്നില്‍ ക്രിസ്ത്യാനികള്‍ വീഴില്ല

ക്യാന്‍സറിന് തൊലിപ്പുറത്തെ തൈലം പുരട്ടല്‍ പോരാ... വിരുന്നില്‍ ക്രിസ്ത്യാനികള്‍ വീഴില്ല

രേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ക്ഷണിക്കപ്പെട്ട ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്ക് അദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നല്‍കിയ ക്രിസ്തുമസ് വിരുന്ന് സല്‍ക്കാരം ശ്രദ്ധേയമായി. ആദ്യമായാണ് മോഡി ഒരു ക്രിസ്തുമസ് ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അദേഹം ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

വിവിധ വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവ മേലധ്യക്ഷന്‍മാരെ ക്ഷണിച്ച് വിരുന്ന് നല്‍കുമ്പോഴും അങ്ങയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണ് എന്ന് വീണ്ടും ഓര്‍മിപ്പിക്കട്ടെ.

ഉത്തര്‍പ്രദേശും മധ്യപ്രദേശും അടക്കം ബിജെപി ഭരിക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍... ആരാധനാലയങ്ങള്‍ അഗ്നിയ്ക്കിരയാക്കപ്പെടുമ്പോള്‍... വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അഗതി മന്ദിരങ്ങളുമൊക്കെ തച്ചുതകര്‍ക്കപ്പെടുമ്പോള്‍ അവിടെയെല്ലാമുള്ള ക്രൈസ്തവരുടെ ജീവിതം എങ്ങനെ സുഖകരമാകും?

രാജ്യത്തിന്റെ യശസ് കെടുത്തിയ മണിപ്പൂരിലെ വംശീയ കലാപത്തില്‍ നിരവധി ക്രൈസ്തവര്‍ മരിച്ചു വീണപ്പോഴും പതിനായിരങ്ങള്‍ സര്‍വ്വവും ഉപേക്ഷിച്ച് ശുദ്ധ ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടപ്പോഴും ആളും അര്‍ത്ഥവും കൂട്ടിക്കൊടുത്ത് മണിപ്പൂര്‍ സര്‍ക്കാര്‍ അക്രമികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോഴും മാസങ്ങളോളം അങ്ങ് തുടര്‍ന്ന അതിനിഗൂഢമായ മൗനം മറക്കാനാവില്ല.

മണിപ്പൂരിലെ മെയ്തി വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവ ഭവനങ്ങളില്‍ പോലും ഈ ക്രിസ്തുമസിന് പുല്‍ക്കൂടൊരുക്കുവാനോ നക്ഷത്രം തൂക്കാനോ സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം പ്രധാനമന്ത്രി ഇനിയെങ്കിലും തിരിച്ചറിയണം. മണിപ്പൂര്‍ കലാപവും അതില്‍ അങ്ങ് പുലര്‍ത്തിയ അനിതരസാധാരണമായ നിശബ്ദതയും മതേതര ജനാധിപത്യ ഇന്ത്യയുടെ ചരിത്ര താളുകളില്‍ കറുത്ത ഏടുകളായി കുറിയ്ക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഔദ്യോഗിക വസതിയില്‍ അങ്ങ് ക്രിസ്തുമസ് വിരുന്ന് ആസ്വദിക്കുമ്പോള്‍ മതപരിവര്‍ത്തന നിരോധന നിയമമെന്ന ഇരുതല മൂര്‍ച്ഛയുള്ള വാളിനാല്‍ മുറിവേല്‍ക്കപ്പെട്ട് സ്വന്തം കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാനാകാതെ തടവറയില്‍ അടയ്ക്കപ്പെട്ട നിരപരാധികളായ ക്രൈസ്തവരുടെ നീതിയ്ക്കായുള്ള നിലവിളി പ്രധാനമന്ത്രീ... അങ്ങ് കേള്‍ക്കാത്തതെന്ത്? ബിജെപി ഭരിക്കുന്ന പതിനൊന്ന് സംസ്ഥാനങ്ങളിലാണ് ഈ നിയമം വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നത്.

തിരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ട് അങ്ങ് വിരുന്നൊരുക്കുമ്പോഴും ബിജെപി നേതാക്കള്‍ പള്ളികളിലും ക്രൈസ്തവ ഭവനങ്ങളിലും കയറിയിറങ്ങുമ്പോഴും രാജ്യത്ത് ഈ വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍ വര്‍ഷത്തേക്കള്‍ നാല് ശതമാനം വര്‍ധിച്ചു എന്ന് ഓര്‍മപ്പെടുത്തട്ടെ. ഇവയുടെയെല്ലാം പിന്നില്‍ വിശ്വഹിന്ദു പരിഷത്ത്, ബജറംഗ് ദള്‍, സംസ്‌കൃതി ജാഗരണ്‍ മഞ്ച്, യുവവാഹിനി, ഹനുമാന്‍ സേന തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളാണ്.

ഇത്തരം സംഘടനകള്‍ അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങളെ ഉപയോഗിച്ച് ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുകയും മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്യുകയുമാണ് പതിവ്. മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ക്രൈസ്തവര്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയാണ് തീവ്രഹിന്ദു ദേശീയ വാദികള്‍.

ബിജെപി ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവരുടെ സ്ഥിതി ഇങ്ങനെയൊക്കെ ആണന്നിരിക്കെ ഈസ്റ്റര്‍ ദിനത്തിലെ ദേവാലയ സന്ദര്‍ശനം കൊണ്ടോ, ക്രിസ്തുമസ് വിരുന്നു കൊണ്ടോ, കേക്കുമായുള്ള സ്‌നേഹയാത്രകള്‍ കൊണ്ടോ ഒന്നും പീഡിത വര്‍ഗത്തിന്റെ വിശ്വാസം ആര്‍ജിക്കാനാകില്ല. ക്യാന്‍സര്‍ രോഗത്തിന് തൊലിപ്പുറത്ത് ലേപനം പുരട്ടുന്നത് പോലെ മാത്രമേ ഇത്തരം പ്രഹസനങ്ങളെ കാണാനാകൂ. വിരുന്നിനിടെ പ്രധാനമന്ത്രി ഇന്ന് നല്‍കിയ ക്രിസ്തുമസ് സന്ദേശത്തില്‍ പോലും ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങളുണ്ടായില്ല എന്നതും ശ്രദ്ധേയം.

പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ സാമാന്യ ബോധമുള്ള ആര്‍ക്കും ഇതിലെ രാഷ്ട്രീയ അജണ്ട ബോധ്യമാകും. അത് കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തൃശൂര്‍ ഇങ്ങെടുക്കാനും തിരുവനന്തപുരം പിടിക്കാനും ക്രൈസ്തവ വോട്ടുകള്‍ ആവശ്യമാണ്.

കൂടാതെ നാഗാലാന്‍ഡും മേഘാലയ പോലുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് ജയിക്കാന്‍ ക്രിസ്ത്യാനികള്‍ കനിയണം. അതിനുള്ള ചൂണ്ടയിടലുകള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നും കേരളത്തില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന സ്‌നേഹയാത്രയുമെല്ലാം.

എന്നാല്‍ ഈ ചൂണ്ടകളിലൊന്നും ക്രൈസ്തവര്‍ കൊത്തുമെന്ന് കരുതേണ്ട. ക്രിസ്ത്യാനികള്‍ താമരയ്ക്ക് വോട്ട് കുത്തണമെങ്കില്‍ ജനിച്ച നാട്ടില്‍ ഭയമേതുമില്ലാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അവര്‍ക്കാകണം. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കണം. ഇത്തരം കാര്യങ്ങളില്‍ പ്രധാനമന്ത്രിക്കും ബിജെപി നേതൃത്വത്തിനും ഉറപ്പ് നല്‍കാനാകുന്നില്ലെങ്കില്‍ സ്‌നേഹവിരുന്നും സ്‌നേഹയാത്രയുമെല്ലാം വ്യര്‍ഥം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.