അമേരിക്കയിലെ ടെസ്‌ല ഫാക്ടറിയില്‍ റോബോട്ടിന്റെ ആക്രമണത്തില്‍ എന്‍ജിനീയര്‍ക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ട്‌

അമേരിക്കയിലെ ടെസ്‌ല ഫാക്ടറിയില്‍ റോബോട്ടിന്റെ ആക്രമണത്തില്‍ എന്‍ജിനീയര്‍ക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ട്‌

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ ഫാക്ടറിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റോബോട്ട് ജീവനക്കാരനെ ആക്രമിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ ടെക്സാസിലെ ടെസ്ലയുടെ ഫാക്ടറിയിലാണ് സംഭവം. കാറിന്റെ അലുമിനിയം ഭാഗങ്ങള്‍ മുറിക്കുന്ന ജോലിക്കായാണ് റോബോട്ടിനെ ഉപയോഗിച്ചിരുന്നത്. എന്‍ജിനീയറെ കുത്തിപ്പിടിച്ച റോബോട്ട്, അതിന്റെ അതിന്റെ ലോഹക്കൈകള്‍ കൊണ്ട് മുതുകിലും കൈയിലും മുറിവുണ്ടാക്കി. ഫാക്ടറിയുടെ തറയില്‍ രക്തം തളംകെട്ടി നില്‍ക്കുകയായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റോബോട്ടിന്റെ സോഫ്റ്റ് വെയര്‍ പ്രോഗ്രാം ചെയ്യുന്ന ജോലിയിലാണ് എന്‍ജിനീയര്‍ ഏര്‍പ്പെട്ടിരുന്നത്. അലുമിനിയത്തില്‍ നിന്ന് കാര്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങള്‍ മുറിച്ചെടുക്കുന്നതിനാണ് റോബോട്ടിനെ ഉപയോഗിച്ചിരുന്നത്.

അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് റോബോട്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കിയപ്പോള്‍, മൂന്നാമത്തേത് അബദ്ധത്തില്‍ തനിയെ സജീവമായതാണ് സംഭവത്തിനിടയാക്കിയത്. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലില്‍ എന്‍ജിനീയറെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഇത് 2021 ല്‍ നടന്ന സംഭവമാണെന്നാണ് കമ്പനിയിലെ ഇഞ്ച്വറി റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വിഷയത്തെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ അമേരിക്കന്‍ ഓട്ടോമോട്ടീവ്, ക്ലീന്‍ എനര്‍ജി കമ്പനിയായ ടെസ്‌ല ഇതുവരെ തയ്യാറായിട്ടില്ല. സുരക്ഷാ വീഴ്ച സംഭവിച്ചതാണ് എന്‍ജിനീയറെ ആക്രമിക്കുന്നതില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുഎസ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷനില്‍ (ഒഎസ്എച്ച്എ) ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം ടെക്സാസിലെ ടെസ്‌ല ഫാക്ടറിയില്‍ കഴിഞ്ഞ വര്‍ഷം 21 തൊഴിലാളികളില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കമ്പനി പലപ്പോഴും വിട്ടുവീഴ്ച ചെയ്യുന്നതായും ഇത് ജീവനക്കാരെ അപകടത്തിലാക്കുന്നുവെന്നും ടെസ്ലയിലെ നിരവധി തൊഴിലാളികള്‍ പരാതിപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.