'ജെസ്നയുടെ തിരോധാനം: ആദ്യ നിര്‍ണായക മണിക്കൂറുകള്‍ നഷ്ടപ്പെടുത്തി, 48 മണിക്കൂറിനുള്ളില്‍ ഒന്നും ചെയ്തില്ല'; പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിബിഐ

'ജെസ്നയുടെ തിരോധാനം: ആദ്യ നിര്‍ണായക മണിക്കൂറുകള്‍ നഷ്ടപ്പെടുത്തി, 48 മണിക്കൂറിനുള്ളില്‍ ഒന്നും ചെയ്തില്ല'; പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിബിഐ

തിരുവനന്തപുരം: ജെസ്നാ മരിയാ ജെയിംസിന്റെ തിരോധാനത്തില്‍ ലോക്കല്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിബിഐ. ജെസ്നയെ കാണാതായതിന് ശേഷമുള്ള നിര്‍ണായകമായ ആദ്യ മണിക്കൂറുകള്‍ പൊലീസ് നഷ്ടപ്പെടുത്തി. 48 മണിക്കൂറിനുള്ളില്‍ പൊലീസ് ഒന്നും ചെയ്തില്ല. ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

വര്‍ഷങ്ങളായി പല തരത്തില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു എന്നതിന് തെളിവില്ലെന്നും വ്യക്തമാക്കി അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിനെതിരെ വിമര്‍ശനം.

ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു. അങ്ങനെ ഒരു തെളിവും ലഭിച്ചിട്ടില്ല. നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണവുമായി മുന്നോട്ടു പോകാനാകില്ല. കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടര്‍ അന്വേഷണം നടത്താമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെസ്‌നാ മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്‌ന വെച്ചൂച്ചിറ കൊല്ലമുളയിലുള്ള വീട്ടില്‍ നിന്നും ഇറങ്ങിയത്. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുകളുണ്ട്. ചില കടകളിലും സിസിടിവി ദൃശ്യങ്ങളിലും ജസ്‌നയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പിന്നീട് യാതൊരു വിവിരവുമില്ല.

ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ പരാതി പ്രകാരം ആദ്യം വെച്ചൂച്ചിറ പൊലീസും പിന്നീട് പെരുനാട് പൊലീസും കേസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. വൈകാതെ തിരുവല്ല ഡിവൈഎസ്പി അന്വേഷണച്ചുമതല ഏറ്റെടുത്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ലോക്കല്‍ പൊലീസിന്റെ കണ്ടെത്തലില്‍ കൂടുതലൊന്നും ക്രൈം ബ്രാഞ്ചിനും കണ്ടെത്താനായില്ല.

പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ് പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.

മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തിന് അകത്തും പുറത്തും സിബിഐ അന്വേഷിച്ചെങ്കിലും ജസ്‌നയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജെസ്‌ന വിദേശ രാജ്യത്തുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സിബിഐ ഇന്റര്‍പോളിന്റെ സഹായത്തോടെ 191 രാജ്യങ്ങളില്‍ യെലോ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ജെസ്‌നയുടെ തിരോധാനത്തില്‍ ചില തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവും സജീവമായിരുന്നു. എന്നാല്‍ അക്കാര്യത്തിലും വ്യക്തത കണ്ടെത്താന്‍  സിബിഐക്കായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.