കണ്ണൂര്‍: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി ജെ.ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് മഞ്ചേശ്വരത്തെ നിര്‍ധന കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ചത് അനാഥനെന്ന് പറഞ്ഞ്.
പെണ്‍കുട്ടിയുടെ പിതാവിനെ ദക്ഷിണ കന്നഡയിലെ ആരാധനാലയത്തില്‍ വച്ച് പരിചയപ്പെട്ടതാണ് വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു.
താന്‍ അനാഥനാണെന്ന് സവാദ് പറഞ്ഞതോടെ ഇദേഹം മൂത്ത മകളെ വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം മാത്രമേ സവാദ് മഞ്ചേശ്വരത്തെ യുവതിയുടെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ജോലി ചെയ്യുന്ന സ്ഥലത്ത് വാടക വീടെടുത്ത് അവിടേക്ക് ഭാര്യയെയും കൂട്ടി പോകുകയായിരുന്നു.
ഒരിടത്ത് തന്നെ കൂടുതല്‍ കാലം താമസിക്കാതെ പല സ്ഥലങ്ങളിലായി മാറി ജോലി നോക്കുകയായിരുന്നു സവാദിന്റെ രീതി. ഇടയ്ക്കിടെ മാത്രമേ ഭാര്യാ വീട്ടില്‍ എത്താറുണ്ടായിരുന്നുള്ളുവെന്നും കൈവെട്ട് കേസിലെ പ്രതിയായിരുന്നു സവാദെന്ന് ഒരു ഘട്ടത്തിലും അറിഞ്ഞിരുന്നില്ലെന്നുമാണ് ഭാര്യാ വീട്ടുകാര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
2016 ലായിരുന്നു സവാദമായുള്ള യുവതിയുടെ നിക്കാഹ് നടന്നത്. ഈ ബന്ധത്തില്‍ നാലും ഒന്‍പത് മാസവും പ്രായമുള്ള രണ്ട് മക്കളുണ്ട്. ഒരു വര്‍ഷത്തിലധികമായി സവാദ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കണ്ണൂരിലെ വാടക വീട്ടിലാണ് താമസിക്കുന്നത്.
ഷാജഹാന്‍ എന്ന പേരില്‍ മരപ്പണിക്കാരനായിട്ടായിരുന്നു സവാദ് കഴിഞ്ഞിരുന്നത്. നാട്ടുകാരുമായി അടുത്തിടപഴകിയിരുന്നില്ല. ചൊവ്വാഴ്ച അര്‍ധ രാത്രിയാണ് പത്തിലധികം എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സവാദിനെ പിടികൂടിയത്.
കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദ് തന്നെയാണോ തന്റെ മകളെ വിവാഹം കഴിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ ഭാര്യ വീട്ടുകാര്‍ക്കാകുന്നില്ലെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ പിടികൂടി കൊണ്ടുപോയപ്പോഴാണ് കഥ അറിയുന്നതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. റിയാസ് എന്നയാളുടെ സംഘത്തില്‍ മരപ്പണിക്കാരനായി പല സ്ഥലങ്ങളിലായി ഇയാള്‍ പണിയെടുത്തിട്ടുണ്ടെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.