മുറിവുകള്‍ ഉണങ്ങട്ടെ... പുതു വസന്തം വിരിയട്ടെ

 മുറിവുകള്‍ ഉണങ്ങട്ടെ... പുതു വസന്തം വിരിയട്ടെ

റാഫേല്‍ - മുറിവുണക്കുന്നവന്‍, ദൈവം സുഖപ്പെടുത്തുന്നു എന്നൊക്കെ അര്‍ത്ഥം. സീറോ മലബാര്‍ സഭ സങ്കീര്‍ണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ പല മുറിവുകളും സുഖപ്പെടുത്താന്‍ പേരുകൊണ്ട് പോലും അനുയോജ്യനായ ഒരിടയനെ സ്വര്‍ഗം നിയോഗിക്കുകയായിരുന്നു.

മനുഷ്യരുടെ ചിന്തകള്‍ക്കുമപ്പുറം ദൈവത്തിന്റെ കരങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. സ്ഥാനത്യാഗം ചെയ്ത സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞതു പോലെ 'സഭാ മക്കളുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കിയ സമ്മാനം'.

റാഫേല്‍ തട്ടില്‍ പിതാവിന്റെ സ്ഥാനലബ്ധി സീറോ മലബാര്‍ സഭയില്‍ പുതിയൊരു വസന്ത കാലത്തിന് തുടക്കമാകുമെന്ന് കരുതാം. വ്യക്തിപരമായ തീരുമാനങ്ങളല്ല, എല്ലാവരും ചേര്‍ന്ന് യോജിപ്പോടെ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകണമെന്ന അദേഹത്തിന്റെ ആഹ്വാനം പ്രതീക്ഷാദായകമാണ്.

തേനും പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്ക് ഇസ്രയേല്‍ മക്കളെ മോശ നയിച്ചതു പോലെ സീറോ മലബാര്‍ സഭയെ ഏറെ പുരോഗതിയിലേക്ക് നയിച്ച് ആലഞ്ചേരി പിതാവ് പടിയിറങ്ങുമ്പോള്‍ മോശയുടെ പിന്‍ഗാമിയായി വന്ന ജോഷ്വയെപ്പോലെ ശക്തനും ധീരനുമായിരിക്കാന്‍ തട്ടില്‍ പിതാവിന് കഴിയട്ടെ എന്നാശംസിക്കുന്നു.

പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളൊന്നും സഭയിലില്ല. മുറിയ്ക്കപ്പെടുകയും നല്‍കപ്പെടുകയും ചെയ്തവനാണ് പത്രോസിനെ വിളിച്ച് ഈ സഭ സ്ഥാപിച്ചത്. അതേപോലെ മുറിയ്ക്കപ്പെടാനും നല്‍കപ്പെടാനും പരസ്പരം മനസ് കാണിക്കുക എന്നതാണ് പരമ പ്രധാനം.

മുറിവേല്‍ക്കപ്പെട്ട കര്‍ത്താവിനെ പോലെ അവന്റെ സഭയും മുറിവേല്‍ക്കപ്പെട്ടിരുന്നു. ലിറ്റര്‍ജി അഥവാ ആരാധന ക്രമങ്ങള്‍ സംബന്ധിച്ചും മറ്റും ഏറെ പ്രതിസന്ധികള്‍ അതിജീവിച്ച് വളര്‍ന്നു വന്ന ചരിത്രമാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. സീറോ മലബാര്‍ സഭയുടെ ചരിത്രവും മറിച്ചല്ല.

1962 ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടുകയും തുടര്‍ന്ന് ലോകം മുഴുവനുമുള്ള സഭകളില്‍ ആരാധനക്രമ നവീകരണത്തിന് കളമൊരുക്കുകയും ചെയ്തപ്പോഴും സീറോ മലബാര്‍ സഭയില്‍ എതിര്‍പ്പുകളും തര്‍ക്കങ്ങളുമുണ്ടായിരുന്നു. ആശയ, സാംസ്‌കാരിക, പാരമ്പര്യപരമായ ആ ഭിന്ന സ്വരങ്ങളെല്ലാം പരിഹരിച്ച് സഭ വീണ്ടും മുന്നോട്ട് തന്നെ പോയി.

അന്നത്തെ പ്രതിസന്ധിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകീകൃത കുര്‍ബാനക്രമവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാത്രം ഇപ്പോള്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ എത്രയോ നിസാരം. തുറന്ന മനസോടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്നാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രം. അതിന് സംയമനത്തോടെയും ശാന്തതയോടെയുമുള്ള സമീപനം വേണം എന്നു മാത്രം.

സീറോ മലബാര്‍ സഭയെ പന്ത്രണ്ട് വര്‍ഷം നയിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്തതിന് ശേഷവും എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില വൈദികരും അല്‍മായരും പരിശുദ്ധ സിംഹാസനം നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന അര്‍പ്പണത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന നിലപാട് അത്യന്തം ഗുരുതരവും ഖേദകരവുമാണ്.

'വിശുദ്ധ കുര്‍ബാന സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമാണ്' എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്‌ബോധിപ്പിക്കുന്നു. അത് അര്‍പ്പിക്കുന്ന വൈദികന് അതിശ്രേഷ്ഠമായ സ്ഥാനമാണ് തിരുസഭ നല്‍കിയിരിക്കുന്നത്.

ക്രിസ്തുവിന്റെ മരണത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന അവര്‍ തങ്ങളിലെ ദുഷിച്ച തഴക്കങ്ങളും ദുര്‍മോഹങ്ങളും നിഗ്രഹിക്കാന്‍ ശ്രദ്ധിക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വൈദികരെ ഓര്‍മിപ്പിക്കുന്നുണ്ട്.

വേദനാജനകമായ മരണത്തിനു മുന്നിലും 'പിതാവേ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ' എന്ന് ആത്മഗതം ചെയ്ത് അനുസരണത്തിന്റെ മഹാ മാതൃക കാണിച്ച ക്രിസ്തുവിനെ പ്രഘോഷിക്കുന്ന പുരോഹിതര്‍ക്ക് ആ രക്ഷകന്‍ പഠിപ്പിച്ച അനുസരണം ശ്വാസനിശ്വാസങ്ങളില്‍ പോലും ഉണ്ടാകണം. ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാര്‍പാപ്പയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളെ ധിക്കരിച്ചു കൊണ്ടുള്ള നിലപാട് ക്രൈസ്തവീയമല്ല.

അതിനാല്‍ ക്രിസ്തു കാണിച്ചു തന്ന മുറിയ്ക്കപ്പെടലിന്റെയും നല്‍കപ്പെടലിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയില്‍ തുടര്‍ ചര്‍ച്ചകളും പ്രശ്‌ന പരിഹാരവും ഉണ്ടാകട്ടെ. മുറിവുകള്‍ സുഖപ്പെടുത്താന്‍ പുതിയ സഭാധ്യക്ഷന് കഴിയട്ടെ. അങ്ങനെ നമുക്ക് അനുരഞ്ജിതരായ് തീര്‍ന്നീടാം... നവമൊരു പീഠമൊരുക്കീടാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.