ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് അസം പൊലീസ്, കേസെടുത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന്

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് അസം പൊലീസ്, കേസെടുത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന്

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുത്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ നിര്‍ദേശമനുസരിച്ച് ഡിജിപിയുടെ ഉത്തരവനുസരിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ തടയാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിതെളിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി തന്റെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം, കയ്യേറ്റം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ അനുസരിച്ച് ഐപിസി 120ബി, 143, 147, 188, 283, 353, 332, 333, 427 എന്നീ വകുപ്പുകളാണ് പൊലീസ് രാഹുല്‍ ഗാന്ധിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തില്‍ പ്രവേശിക്കുന്നത് പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. തടയാന്‍ പോലീസ് ലാത്തിവീശിയതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ തന്നെ രാഹുലിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ചതായി അറിയിച്ച് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. തുടര്‍ന്ന് മുഖ്യമന്ത്രി ബിശ്വ ശര്‍മ കനത്ത അഴിമതിക്കാരനാണെന്ന് കനത്ത രീതിയില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

ബിജെപി എത്ര ശ്രമിച്ചാലും ഭാരത് ജോഡോ ന്യായ് യാത്ര തടയാനാവില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധിക്കു പുറമെ കെ.സി. വേണുഗോപാല്‍, കനയ്യകുമാര്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.