പതിനഞ്ച് ലക്ഷം കുട്ടികളടക്കം ഏതാണ്ട് അറുപത് ലക്ഷത്തോളം ജൂതന്മാരാണ് 1941 നും 1945 നും ഇടയില്‍ അരങ്ങേറിയ ഈ നരസംഹാരത്തിന് ഇരയായത്.
അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓര്‍മ ദിനമാണ് ജനുവരി 27. 1945 ജനുവരി 27 ന് ഓഷ്വിറ്റ്‌സിലെ പടുകൂറ്റന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് ജൂതരെ റെഡ് ആര്‍മി മോചിപ്പിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് ഈ ദിവസം അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓര്‍മ ദിനമായി ആചരിക്കുന്നത്.
എന്താണ് ഹോളോകോസ്റ്റ്?..
ഒരു രാജ്യത്തെ ഭരണകൂടത്തിന്റെ അനുവാദത്തോടെ അവിടത്തെ ഒരു വിഭാഗം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടിയാണ് ഹോളോകോസ്റ്റ്. ഇരകള്‍ ഒരു പ്രത്യേക വംശത്തിപ്പെട്ടവര്‍ ആയതിനാല്‍ ഇതിനെ വംശഹത്യ എന്നും പറയാറുണ്ട്.
രണ്ടാം ലോകമഹായുദ്ധ കാലത്തും അതിനു മുന്‍പും അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ ചെയ്ത കൂട്ടക്കൊലകളാണ് ലോകം ഇന്നും ഞെട്ടലോടെ ഓര്‍മിക്കുന്ന ഏറ്റവും വലിയ ഹോളോകോസ്റ്റ്.
പതിനഞ്ച് ലക്ഷം കുട്ടികളടക്കം ഏതാണ്ട് അറുപത് ലക്ഷത്തോളം ജൂതന്മാരാണ് 1941 നും 1945 നും ഇടയില്‍ അരങ്ങേറിയ ഈ നരസംഹാരത്തിന് ഇരയായത്. അങ്ങനെ യൂറോപ്പില്‍ ഉണ്ടായിരുന്ന 90 ലക്ഷം ജൂതന്മാരിലെ മൂന്നില്‍ രണ്ട് ഭാഗവും കൂട്ടക്കുരുതിക്ക് ഇരയായി. നാസികള്‍ കൂട്ടക്കൊല ചെയ്ത ജൂതരല്ലാത്തവരെക്കൂടി കൂട്ടിയാല്‍ ഏതാണ്ട് 110 ലക്ഷം പേരാണ് അക്കാലത്ത് കൊല്ലപ്പെട്ടത്.
ജര്‍മന്‍ ആര്യവംശ ശുദ്ധിക്ക് കടുത്ത ഭീഷണിയാണ് ജൂതര്‍ എന്നാണ് നാസികള്‍ കരുതിയിരുന്നത്. അവര്‍ക്ക് അധികാരം കിട്ടിയ അടുത്ത ദിവസം മുതല്‍ തന്നെ നാസികള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ജൂതരെ അകറ്റി നിര്‍ത്തുന്ന നടപടികള്‍ തുടങ്ങി. അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു. അവര്‍ക്ക് അന്യായമായ നികുതികള്‍ ഏര്‍പ്പെടുത്തി. സാമൂഹികമായ പല വിലക്കുകളും കൊണ്ടുവന്നു. അങ്ങനെ ജൂതരെ പലതരത്തിലും ബുദ്ധിമുട്ടിച്ച നാസികള്‍ അവരില്‍ പലരെയും ജര്‍മനി വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി.
അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മനിയുടെ ചാന്‍സലര്‍ ആയി അവരോധിക്കപ്പെട്ട 1933 ലാണ് നാസികള്‍ ജര്‍മനിയില്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ സര്‍വാധികാരത്തിലേറുന്നത്. തങ്ങള്‍ ആര്യന്മാരാണ് ലോകത്തിലെ ഏറ്റവും വംശ ശുദ്ധിയുള്ളവര്‍ എന്നഹങ്കരിച്ചിരുന്ന നാസികള്‍ ഹോളോകോസ്റ്റ് കാലത്ത് തങ്ങളേക്കാള്‍ വംശീയമായി താഴെക്കിടയില്‍ നിന്നിരുന്നവര്‍ എന്ന് ഹിറ്റ്‌ലര്‍ക്ക് തോന്നിയ ജര്‍മന്‍കാരില്‍ ഭൂരിഭാഗത്തിനെയും കൊന്നൊടുക്കി.
അവരില്‍ ജൂതന്‍മാര്‍ മാത്രമല്ല ഉണ്ടായിരുന്നത്. റോമന്‍ ജിപ്‌സികള്‍, അംഗവൈകല്യം ബാധിച്ചവര്‍, മാനസികമായ വളര്‍ച്ചയില്ലാത്തവര്‍, റഷ്യന്‍ യുദ്ധത്തടവുകാര്‍, ആഫ്രിക്കന്‍ അമേരിക്കക്കാര്‍, സ്ലാവിക് ജനത, കമ്യൂണിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, യഹോവാ സാക്ഷികള്‍, സ്വവര്‍ഗാനുരാഗികള്‍, യാചകര്‍, വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍, മദ്യാസക്തര്‍ അങ്ങനെ പലതരത്തില്‍ തങ്ങള്‍ക്ക് പിടിക്കാത്തവരെയെല്ലാം അവര്‍ കൊന്നുതള്ളി.
രണ്ടര ലക്ഷത്തോളം റോമന്‍ ജിപ്‌സികളെ കൊന്നു. 1939 നും 1945 നും ഇടയില്‍ നാസികള്‍ നടത്തിയ 'ദയാവധ പദ്ധതി'യുടെ ഭാഗമായി മാനസികമോ ശാരീരികമോ ആയ പരിമിതിയുള്ള രണ്ടര ലക്ഷം പേരും കൊല്ലപ്പെട്ടു. പലരെയും കൊന്നത് വെടിവെച്ചിട്ടാണ്. പതിനഞ്ച് ലക്ഷം ജൂതരെ വെടിവെച്ചു മാത്രം നാസികള്‍ കൊന്നിട്ടുണ്ടെന്നാണ് കണക്ക്.
1941 അവസാനത്തോടെ ജൂതരെ കൂട്ടത്തോടെ കൊല്ലാന്‍ താരതമ്യേന ചെലവു കുറഞ്ഞൊരു മാര്‍ഗം നാസി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. അതായിരുന്നു ഗ്യാസ് ചേംബര്‍ എന്ന സാങ്കേതിക വിദ്യ. വായു പ്രവേശന മാര്‍ഗമില്ലാത്ത ഒരു അറയ്ക്കുള്ളിലേക്ക് ആളുകളെ തള്ളിക്കയറ്റി വാതിലടക്കുക. എന്നിട്ട് അതിനുള്ളിലേക്ക് വിഷവാതകം പമ്പുചെയ്യുക. നിമിഷങ്ങള്‍ക്കകം ആളുകള്‍ വീര്‍പ്പുമുട്ടിയും വിഷവാതകം ശ്വസിച്ചും മരിച്ചു വീഴും.
മുപ്പത് ലക്ഷത്തോളം പേരാണ് ഇങ്ങനെ ഗ്യാസ് ചേമ്പറുകളില്‍ പിടഞ്ഞു മരിച്ചത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടക്കപ്പെട്ട ബാക്കി ജൂതര്‍ അവിടത്തെ കൊടിയ പീഡനങ്ങള്‍ കൊണ്ടും പോഷകാഹാരക്കുറവ് മൂലവും അമിതമായ ജോലിഭാരം കൊണ്ടും ഒക്കെ മരണപ്പെടുകയായിരുന്നു. 1945 മെയ് ഏഴിന് അഡോള്‍ഫ് ഹിറ്റ്ലറിന്റെ ജര്‍മനി സഖ്യ സേനയ്ക്ക് മുന്നില്‍ നിരുപാധികം ആയുധം വെച്ച് കീഴടങ്ങും വരെ അവര്‍ ഈ അക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
കൊല്ലുക മാത്രമായിരുന്നില്ല നാസികള്‍ ഈ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടത്തിയിരുന്നത്. അതിക്രൂരമായ പല പരീക്ഷണങ്ങള്‍ക്കും തടവുകാര്‍ വിധേയരാക്കപ്പെട്ടു. കടുത്ത തണുപ്പ്, ചൂട്, വൈദ്യുത ഷോക്ക് തുടങ്ങിയ പലതും കൊണ്ടുള്ള പല ക്രൂര പരീക്ഷണങ്ങള്‍ക്കും തടവുകാര്‍ വിധേയരായി.
കുട്ടികളടക്കം പലരും മെഡിക്കല്‍ രംഗത്തെ പല പരീക്ഷണങ്ങള്‍ക്കുമായി ഗിനിപ്പന്നികളെപ്പോലെ കിടന്നു കൊടുക്കേണ്ടി വന്നു. അവരില്‍ പലരും പരീക്ഷണങ്ങള്‍ക്കിടെ മരിച്ചു. 'മരണത്തിന്റെ മാലാഖ' എന്നറിയപ്പെട്ടിരുന്ന ഡോ. ജോസഫ് മെന്‍ഗല്‍ ആയിരുന്നു മനുഷ്യത്വ ഹീനമായ ഈ പരീക്ഷണങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത്.
ഹോളോകോസ്റ്റിന് ശേഷമുള്ള പുനരധിവാസം
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രണ്ടര ലക്ഷത്തോളം ജൂതര്‍ നാസികള്‍ ഉപേക്ഷിച്ചിട്ടുപോയ താല്‍കാലിക ജയിലുകളില്‍ തന്നെ താമസമാക്കി. സഖ്യകക്ഷികള്‍ അവര്‍ക്കാവശ്യമായ സഹായം നല്‍കി. 1948 നും 1951 നുമിടയില്‍ പല ജൂതരും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പലായനം ചെയ്തു.
1,36,000 ജൂതര്‍ ആ കാലയളവില്‍ ഇസ്രായേലിലേക്ക് കുടിയേറിപ്പാര്‍ത്തു. അവശേഷിക്കുന്നതില്‍ പലരും യൂറോപ്പിന്റെ മറ്റു പല ഭാഗങ്ങളിലേക്കും അമേരിക്കയിലേക്കും മാറിത്താമസിച്ചു. അങ്ങനെ ജര്‍മനിയിലെ അവസാനത്തെ ദുരിതാശ്വാസ ക്യാമ്പ് 1957 ല്‍ അടച്ചു പൂട്ടി.
നിലവില്‍ ജീവിച്ചിരിക്കുന്നവരെല്ലാം തന്നെ നാസി പീഡന സമയത്ത് കുട്ടികളായിരുന്നവരാണ്. ക്യാമ്പുകള്‍, ഗെട്ടോകള്‍, ഒളിവില്‍ താമസം എന്നിവയെ അതിജീവിച്ചവരാണ് ഇവരെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ ശരാശരി 86 വയസുള്ള അവരുടെ പരിചരണത്തിന്റെയും സേവനങ്ങളുടെയും ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ക്ലെയിംസ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് ഗിഡിയന്‍ ടെയ്‌ലര്‍ പറഞ്ഞു. ക്ലെയിംസ് കോണ്‍ഫറന്‍സുമായി വര്‍ഷങ്ങളായി നടത്തി വന്ന ചര്‍ച്ചകളിലൂടെ 90 ബില്യണ്‍ ഡോളര്‍ മാത്രം ജര്‍മ്മനി ഇതുവരെ വിതരണം ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.