പ്രവാസം (കവിത)

പ്രവാസം (കവിത)

മണല്‍ക്കാറ്റ് വീശുന്ന
മരുഭൂമി നടുവില്‍
ഉടലുകത്തിയുരുകുമ്പഴും
മനമുരുകാതെ കുളിരായ്
ഉയരുന്നൊരായിരം ഓര്‍മ്മകള്‍
മഴവീണ് കുതിര്‍ന്ന പച്ച
നെല്‍പ്പാടങ്ങളും അരികത്ത്
കുളിരായ് വന്ന്‌ ചൂളം
വിളിക്കുന്ന തെന്നലും
പിന്നെയും പിന്നെയും
ഉള്ളിന്‍റെയുള്ളില്‍ തൊട്ടുതഴുകുന്നു.
എല്ലാം മറക്കുക
എല്ലാം മറക്കുക
ഇത് പാട്ടുകളില്ലത്തലോകം
ഇത് ജീവിത താളങ്ങളില്ലാത്ത ലോകം
കരളുകൊത്തി
പ്പറിക്കുവാൻ
കൂര്‍ത്ത നഖങ്ങളാഴ്ന്നിറങ്ങുന്ന
വര്‍ത്തമാനത്തിന്‍റെ
ദുരിത കരിംഭൂതങ്ങളാണ് ചുറ്റും
നേരില്ല, ധര്‍മ്മശാസ്ത്രങ്ങളില്ല
ചോരയില്ലാമനസ്സുകള്‍ മാത്രം.
മിഴിനീരോഴുക്കാം വെറുതെ,
തുണയായ്‌ ആരും വരില്ലെന്നറിയാം.
എന്‍റെ നീറുന്ന ഹൃദയ
നിശ്വാസങ്ങളില്‍ പകലില്ല
പറുദീസയില്ല പ്രണയമില്ല
ഇത്തിരിവെട്ടമില്ലാത്ത രാത്രി മാത്രം
രാത്രിയില്‍ ഏകനായ്
ഉറങ്ങാതിരിക്കുമ്പോള്‍
കാതിലേക്ക് ഉയര്‍ന്നെത്തുന്നു
താളം പിഴക്കുന്ന
ഹൃദയത്തുടിപ്പുകള്‍
ഇത് നീണ്ട പ്രവാസത്തിന്‍റെ
ബാക്കി പത്രം,
കെട്ടുപോയ നീല ഞരമ്പിലൂടെ
ഇനി ചോരയോഴുകില്ല
ഇല്ല രുചിഭേദങ്ങളും
ഇതു നീണ്ട പ്രവാസത്തിൻ്റെ
ബാക്കി പത്രം
മണല്‍ക്കാറ്റ് വീശിയടിക്കാം
മനമുരുകാതെ കാക്കുക
ഉടലുകത്തിയുരുകട്ടെ
മനമുരുകാതെ കാക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26