അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; ഒരാഴ്ചയ്ക്കിടെ രാജ്യത്ത് മരിക്കുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥി

അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; ഒരാഴ്ചയ്ക്കിടെ രാജ്യത്ത് മരിക്കുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥി

ഒഹായോ: അമേരിക്കയില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെകൂടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രേയസ് റെഡ്ഡിയെയാണ് (19) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒഹായോയിലെ സിന്‍സിനാറ്റിയിലാണ് സംഭവം. മരണ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഇത് നാലാമത്തെയും ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെയും സംഭവമാണിത്.

ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥിയായിരുന്നു റെഡ്ഡി എന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അറിയിച്ചു. മരണത്തിനു പിന്നില്‍ എന്തെങ്കിലും ദുരൂഹതയോ, വിദ്വേഷ കുറ്റകൃത്യമോ ഉണ്ടാകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു.

വിവേക് സെയ്‌നി, നീല്‍ ആചാര്യ എന്നീ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളും കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടിരുന്നു. ജനുവരി 29 ന് യുഎസിലെ ജോര്‍ജിയയിലെ ലിത്തോണിയയില്‍ ജോലി ചെയ്യുന്ന കടയ്ക്കുള്ളില്‍ വച്ചാണ് വിവേക് കൊല്ലപ്പെട്ടത്. കടക്കുള്ളില്‍ എത്തിയ അക്രമി ചുറ്റികകൊണ്ട് അടിച്ച് വിവേകിനെ കൊലപ്പെടുത്തുകയായിരുന്നു.

യു.എസിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു നീല്‍ ആചാര്യ. കഴിഞ്ഞ ആഴ്ച്ച നീല്‍ ആചാര്യയെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് നീലിന്റെ അമ്മ ഗൗരി ആചാര്യ മകനെ കാണാനില്ലെന്ന് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോലീസില്‍ പരാതി നല്‍ക്കുകയും ചെയ്തുരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ത്യന്‍ വംശജനായ അകുല്‍ ധവാന്റേതാണ് ഈ വര്‍ഷം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ കേസ്. യുഐയുസിയിലെ വിദ്യാര്‍ഥിയായിരുന്ന അകുല്‍ (18) കടുത്ത തണുപ്പ് അതിജീവിക്കാനാവാതെയാണ് മരിച്ചത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി പരിസരത്ത് തന്നെയാണ് അകുലിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.