നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനം; ഉപരോധം ശക്തമാക്കാനുള്ള പ്രമേയം മുന്നോട്ട് വച്ച് അമേരിക്ക

നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനം; ഉപരോധം ശക്തമാക്കാനുള്ള പ്രമേയം മുന്നോട്ട് വച്ച് അമേരിക്ക

അബുജ: നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായി നടക്കുന്ന വ്യാപകമായ അക്രമണങ്ങൾ അവസാനിപ്പിക്കാനായി ഉപരോധം ശക്തമാക്കാനുള്ള പ്രമേയം മുന്നോട്ട് വച്ച് അമേരിക്കയിലെ ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി. ന്യൂജേഴ്‌സിയിലെ ജനപ്രതിനിധി ക്രിസ് സ്മിത്ത് മുന്നോട്ടുവെച്ച പ്രമേയം നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യം ആയി പ്രഖ്യാപിക്കാൻ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു.

പീഡന സംഭവങ്ങൾ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും നൈജീരിയയിലേക്ക് ഒരു പ്രത്യേക യുഎസ് പ്രതിനിധിയെ നിയമിക്കണമെന്നും പ്രമേയം ഭരണകൂടത്തോട് ആവശ്യപ്പെടുന്നുണ്ട്. നൈജീരിയയെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സിപിസി കരിമ്പട്ടികയിൽ ചേർക്കുന്നത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന് സ്മിത്തും ബില്ലിൻ്റെ മറ്റ് വക്താക്കളും വാദിച്ചു.

മറ്റ് രാജ്യങ്ങളിലെ മതസ്വാതന്ത്ര്യ സാഹചര്യത്തെ സ്വാധീനിക്കാൻ യു.എസ് ഗവൺമെൻ്റിനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് സി.പി.സി പട്ടിക എന്ന് അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം ഇൻ്റർനാഷണലിന്റെ നിയമോപദേശകനായ സീൻ നെൽസൺ വ്യക്തമാക്കി.

നൈജീരിയൻ സർക്കാർ ഇസ്ലാമിക ഭീകരരെ വിചാരണ ചെയ്യുന്നതിൽ കടുത്ത പരാജയമാണ്. ഇത് കൊലപാതകങ്ങളും അക്രമങ്ങളും വർധിപ്പിക്കുന്നെന്നും സ്മിത്ത് പറഞ്ഞു. പീഡനം ഒരു ക്രിസ്ത്യൻ "വംശഹത്യ"യാണ്, അതിൽ റാഡിക്കൽ ഇസ്ലാമിക് ഗ്രൂപ്പുകളുടെ ലക്ഷ്യം നൈജീരിയയിൽ നിന്ന് ക്രിസ്ത്യൻ ജനസംഖ്യയെ ഇല്ലാതാക്കുക എന്നതാണെന്ന് മകുർദി രൂപത ബിഷപ്പ് വിൽഫ്രഡ് അനഗ്ബെ പറഞ്ഞിരുന്നു.

കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, പീഡനങ്ങൾ, തീവെയ്പ്പ് എന്നിവയിലൂടെ തീവ്ര ഇസ്ലാമിസ്റ്റുകൾ ക്രൈസ്തവരെ വേട്ടയാടുകയണ്. ഡിസംബർ 23 മുതൽ 25 വരെയുള്ള മൂന്നു ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 200 ലധികം നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടെന്നും ബിഷപ്പ് വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷമായി ബൈഡൻ ഭരണകൂടം നൈജീരിയയെ സിപിസി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. 200 ലധികം നൈജീരിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ ക്രിസ്മസ് ആക്രമണ പരമ്പരയ്ക്ക് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് നൈജീരിയയെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ഭരണകൂടത്തിൻ്റെ തീരുമാനമെന്നതും ശ്രദ്ധേയം.

ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ സാധിക്കാത്ത ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി നൈജിരിയയെ മതാവകാശ ഗ്രൂപ്പുകൾ അംഗീകരിച്ചിട്ടുണ്ട്. ഓപ്പൺ ഡോർസ് ഇൻ്റർനാഷണലിൻ്റെ കണക്കനുസരിച്ച് 2023ൽ നൈജീരിയയിൽ 4,998 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. അതായത് കഴിഞ്ഞ വർഷം വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട ക്രിസ്ത്യാനികളിൽ 82 ശതമാനവും നൈജീരിയയിലാണ്.

കൂടുതൽ വായനയ്ക്ക്
ശവപ്പറമ്പായി നൈജീരിയ; കഴിഞ്ഞ 12 മാസത്തിനിടെ കൊല്ലപ്പെട്ടത് 5000ത്തിലധികം ക്രിസ്ത്യാനികൾ; ആശങ്ക പങ്കിട്ട് നൈജീരിയയിലെ മെത്രാൻ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.