ബേലൂര്‍ മഗ്ന ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു: മണ്ണുണ്ടിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍; ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍

ബേലൂര്‍ മഗ്ന ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു: മണ്ണുണ്ടിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍; ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍

മാനന്തവാടി: മാനന്തവാടി ചാലിഗദ്ദ സ്വദേശി പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഗ്ന എന്ന കാട്ടാന ഉള്‍ക്കാട്ടിലേക്ക് മറഞ്ഞതോടെ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി.

ഇതിനിടെ മണ്ണുണ്ടിയില്‍ നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. ആനയെ കര്‍ണാടക അതിര്‍ത്തി കടത്തിവിടാന്‍ ശ്രമമെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. അതേസമയം ദൗത്യം നാളെ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

നിലവില്‍ മണ്ണുണ്ടി കോളനിക്ക് സമീപമുള്ള കാട്ടിലാണ് ആനയുള്ളത്. ഈ സാഹചര്യത്തില്‍ രാത്രിയില്‍ കോളനി നിവാസികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്.

ബാവലി പുഴയുടെ പരിസരത്ത് വച്ചാണ് ദൗത്യ സംഘത്തിന് ആനയുമായുള്ള ട്രാക്കിങ് നഷ്ടമായത്. ആനയെ വെടിവെക്കാന്‍ വെറ്ററിനറി സംഘം ഉള്‍പ്പടെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

മയക്കുവെടി വെച്ചാലുടന്‍ ആനയെ വളയുന്നതിനായി നാലു കുങ്കിയാനകളെയും കാടിനുള്ളില്‍ എത്തിച്ചിരുന്നു. കോന്നി സുരേന്ദ്രന്‍, വിക്രം, ഭരത്, സൂര്യ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിനായി ബാവലിയിലുണ്ടായിരുന്നത്. മയക്കുവെടി വെച്ച് പിടികൂടിയാല്‍ മുത്തങ്ങയിലേക്ക് മാറ്റാനായിരുന്നു തീരുമാനം.

രണ്ട് സിസിഎഫ് മാരുടേയും അഞ്ച് ഡിഎഫ്ഒ മാരുടേയും നേതൃത്വത്തിലായിരുന്നു ആനയെ പിടിക്കാനുള്ള ദൗത്യം തുടര്‍ന്നത്. ഉച്ചയോടെ ബാവലി സെക്ഷനിലെ വനമേഖലയില്‍ നിന്നും ആനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് വനം വകുപ്പ് നീക്കം ദ്രുത ഗതിയിലാക്കുകയും ചെയ്തിരുന്നു. വനം വകുപ്പിന് പുറമെ റവന്യു, പൊലീസ് ഉദ്യോഗസ്ഥരും എലിഫന്റ് ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു.

അതിനിടെ ചൊവ്വാഴ്ച വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.