വത്തിക്കാന്‍ സിറ്റി: സ്‌നേഹത്തെ ചില നല്ല വാക്കുകളായോ സ്‌ക്രീനില്‍ മിന്നിമറയുന്ന ചിത്രങ്ങളായോ ക്ഷണനേരത്തേക്കുള്ള സെല്‍ഫികളായോ തിടുക്കത്തിലയക്കുന്ന സന്ദേശങ്ങളായോ ചുരുക്കാന്‍ സാധ്യമല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ. മറിച്ച്, ഉദാരമനസ്‌കതയോടെ സമയം ചെലവഴിച്ചുകൊണ്ട്, സമീപ്യത്താലും കൂടിക്കാഴ്ചകളാലുമാണ് നമ്മുടെ സ്‌നേഹം നാം പ്രകടമാക്കേണ്ടത് - മാര്‍പാപ്പാ എടുത്തുപറഞ്ഞു.
സഭ 32-ാമത് ലോക രോഗീദിനമായി ആചരിച്ച ഫെബ്രുവരി 11-ന്, ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന ഞായറാഴ്ചത്തെ സുവിശേഷഭാഗം, (മര്‍ക്കോസ് 1:40-45) സഹനമനുഭവിക്കുന്നവരോടുള്ള യേശുവിന്റെ പ്രവര്‍ത്തനശൈലിയുടെ ഉദാഹരണമായി പാപ്പ ചൂണ്ടിക്കാട്ടി. 'കുറഞ്ഞ വാക്കുകള്‍, സുവ്യക്തമായ പ്രവൃത്തികള്‍' ഇതായിരുന്നു യേശുവിന്റെ ശൈലി - പരിശുദ്ധ പിതാവ് പറഞ്ഞു.
യേശുവിന്റെ പ്രവര്‍ത്തനശൈലി
യേശു ഇപ്രകാരം പെരുമാറുന്നത് സുവിശേഷത്തില്‍ പലതവണ നമുക്ക് കാണാനാവുമെന്ന് മാര്‍പാപ്പ പറഞ്ഞു. തളര്‍വാതരോഗിയെ സുഖപ്പെടുത്തിയപ്പോഴും (മര്‍ക്കോസ് 2: 1-12) ബധിരനും മൂകനുമായ മനുഷ്യനെ സുഖപ്പെടുത്തിയപ്പോഴും (മര്‍ക്കോസ് 7: 31-17) മറ്റനവധി ആളുകളെ സുഖപ്പെടുത്തിയപ്പോഴുമെല്ലാം (മര്‍ക്കോസ് 5) യേശു കുറച്ചുമാത്രമാണ് സംസാരിച്ചത്. എന്നാല്‍, തന്റെ വാക്കുകളെ ഉടന്‍തന്നെ അവിടുന്ന് പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കുന്നതായി അവിടെയെല്ലാം നാം കാണുന്നു.
സംസാരവും ചോദ്യോത്തരങ്ങളും തുടരാന്‍ ആഗ്രഹിച്ചുകൊണ്ട് യേശു ഒരിടത്തും സമയം പാഴാക്കുന്നില്ല. അനാവശ്യമായ ഭക്തിയോ അമിതമായ വൈകാരികതയോ അവിടുന്ന് കാണിക്കുന്നില്ല. പകരം, ശ്രദ്ധയോടെ കേള്‍ക്കുകയും എന്നാല്‍, തന്നിലേക്കു ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യാതെ പെട്ടെന്നുതന്നെ പ്രവര്‍ത്തിക്കുന്ന ആഴമായ എളിമയാണ് യേശു ആ അവസരങ്ങളിലെല്ലാം പ്രകടമാക്കിയത്.
സ്‌നേഹത്തിന്റെ ഉല്‍കൃഷ്ടമായ ഭാവം
നമ്മുടെ ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന ചിലരെങ്കിലും സ്‌നേഹത്തിന്റെ ഈ ഉല്‍കൃഷ്ടമായ ഭാവമുള്ളവരാണെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. അവര്‍ വാക്കുകളില്‍ സംയമനം പാലിക്കുന്നു, എന്നാല്‍ ഔദാര്യപൂര്‍വ്വം പ്രവര്‍ത്തിക്കുന്നു. അവര്‍ ബാഹ്യപ്രകടനങ്ങളോട് വൈമനസ്യം കാട്ടുന്നു, എന്നാല്‍ സഹായിക്കാന്‍ എപ്പോഴും സന്നദ്ധത കാണിക്കുന്നു. ശ്രദ്ധയോടെ കേള്‍ക്കുന്നതിനാല്‍ അവര്‍ക്ക് നമ്മെ ഫലപ്രദമായി സഹായിക്കാന്‍ സാധിക്കുന്നു. 'നിങ്ങള്‍ എന്നെ സഹായിക്കുമോ?' എന്ന് ചോദിക്കാന്‍ കഴിയുന്ന വിധത്തില്‍ സുഹൃത്തുക്കളാണ് അവര്‍ - മാര്‍പാപ്പ പറഞ്ഞു.
കേള്‍ക്കുക, ആവശ്യക്കാരിലേക്ക് ഇറങ്ങിച്ചെല്ലുക
ക്ഷണികമായ ബന്ധങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, സാമീപ്യത്താല്‍ പ്രകടമാകുന്ന മൂര്‍ത്തമായ സ്‌നേഹം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് പപ്പാ പറഞ്ഞു. സ്‌നേഹത്തെ ചില നല്ല വാക്കുകളായോ സ്‌ക്രീനില്‍ മിന്നിമറയുന്ന ചിത്രങ്ങളായോ നൈമിഷികമായ സെല്‍ഫികളായോ തിടുക്കത്തിലയക്കുന്ന സന്ദേശങ്ങളായോ ചുരുക്കുക സാധ്യമല്ല. ഇവയെല്ലാം ഉപയോഗപ്രദമാണെങ്കിലും നമ്മുടെ സാന്നിധ്യത്തിന് പകരമാകാന്‍ ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ക്ക് സാധിക്കുകയില്ല.
ഏകാന്തത അനുഭവിക്കുന്ന ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു രോഗിയെ എന്നാണ് ഞാന്‍ അവസാനമായി സന്ദര്‍ശിച്ചത്? വ്യക്തിപരമായ തിരക്കുകള്‍ക്കിടയിലും, ആവശ്യക്കാരെ സഹായിക്കാന്‍ ഞാന്‍ സന്നദ്ധനായിട്ടുണ്ടോ? അതോ, പ്രയോജനശൂന്യമായ വാക്കുകള്‍ പറഞ്ഞ്, നിസംഗതയോടെ ഒഴിഞ്ഞുമാറുകയാണോ ഞാന്‍ ചെയ്യുന്നത്? ഈ ചോദ്യങ്ങള്‍ ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.