പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-3)

പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-3)

തേക്ക്.., വീട്ടി.., ആഞ്ഞിലി മരങ്ങളുടെ
കാതൽ, മനോഹരമായി കടഞ്ഞെടുത്ത്,
'കുഞ്ഞുചെറുക്കൻമാപ്പിള' സ്വയം ആലേഖ്യം
ചെയ്തു പണിയിച്ചെടുത്ത ഇരുനില സൗധം.!
സമയം ഇഴഞ്ഞു നീങ്ങുന്നു.!
'അങ്ങാടി മുറ്റത്തേ വൈദ്യര് അമ്പലത്തീന്നു
വന്നു കാണത്തില്ലായിരിക്കും.' കൂട്ടിൽ
ഇട്ടിരിക്കുന്ന വെരുകിനേപ്പോലെ കുഞ്ഞൻ
നെടുനീളൻ തിണ്ണയിലൂടെ നടക്കുന്നു.!
അയാളുടെ ചുണ്ടിണകളിലൂടെ, ആത്മീയ-
ഗാനങ്ങളുടെ, ഈരടികൾ ഒഴുകുന്നു.!
കട്ടൻകാപ്പിയുമായി കുഞ്ഞേലി ഉമ്മറത്തേക്കു
കടന്നുവന്നു.! അയാൾ അതറിഞ്ഞതേയില്ല.!
"ഇച്ചായോ, ഉച്ചയൂണ് കാലമാകുന്നേയുള്ളു.."
'ഉവ്വോ; വൈദ്യരേ കണ്ടില്ലല്ലോ-ഡീ..!'
"ആറന്മുളവരെപോയി തൊഴാനുള്ളതല്ലേ..!
മഴകാരണം അങ്ങോട്ടു നള്ളേത്തേ കടവീന്നു
കെട്ടുവള്ളത്തേലാ പോകുന്നതെന്നാ കേട്ടത്."
'എന്നാലും, മടക്കയാത്ര ചെറുകോൽവഴിയാ!
ഞങ്ങൾ ആണുങ്ങൾ അങ്ങനാ കുഞ്ഞേലീ.!
''കൂട്ടുകാരേം, സ്വന്തക്കാരേം കണ്ടും കേട്ടുമേ
അവൻ എത്തുവൊള്ളൂവേ! അത് പണ്ടും അങ്ങനയാ..;
ഞാനും പണ്ടേ അങ്ങനെയാ.!
അതാ അതിൻ്റെ ഒരു രീതി..'
"ഉവ്വു-വ്വേ.; നാലുകാലേൽ.., നൃത്തമാടിയാടി
പൊൻമലയിലേ മേലാളൻമാരുടെ വരവേ..,
ഇന്നും ഇന്നലേമല്ലല്ലോ കാണുന്നേ..!"
കുഞ്ഞേലി കുശിനിയിലേക്കു മടങ്ങി.!
ഭംഗിയായി കീറിയെടുത്ത കൽപ്പാത്തികൾ.;
മുറ്റത്തുനിന്നും താഴേ അതിരോളം നിരത്തി,
ഉറപ്പിച്ചെടുത്ത് കൽപടവുകൾ കെട്ടിയിട്ടുണ്ട്!
കൽപടവുകളിലേക്ക്, അക്ഷമനായി അയാൾ
നോക്കിയിരുന്നു.!
"ഉച്ചയൂണ് കാലമായി.., വന്നാട്ടോ.!" കുഞ്ഞേലി
അകത്തളത്തീന്നു കൂവി വിളിച്ചു.! അയാൾ
ഊണുമുറിയിലേക്കു നടകൊണ്ടു.!
കസേരയിൽ ഇരിയ്കുവാൻ പരസഹായം
ഒരൽപം ആവശ്യമാണ്!
പെട്ടെന്ന് മുറ്റത്തൊരു കാൽപെരുമാറ്റം.!
'ഓ, താൻ വന്നോ? കയറിവാ വൈദ്യരേ..!'
`ഏയ്,അതു മട്ടും മുടിയാതുങ്കോ; പാർക്കലാം!
നീലക്കാർമുകിൽ വർണ്ണനായി., ഈ പ്രസാദം,
സരോജനിക്കു കൊടുക്കണം;കൊടുത്തില്ലേൽ
ആ പത്തരമാറ്റു വദനം വാടും മാപ്പിളേ..!'
വൈദ്യരങ്ങുന്നിൻ്റെ വരവേൽപ്പ് ശുനകൻമാർ,
കൂവിവിളിച്ച് കരക്കാരെ അറിയിച്ചു.!
കൈപ്പുണ്ണ്യത്തിൻ്റെ ഒരുതരി നോട്ടത്തിനായി,
അങ്ങാടിമുറ്റത്തേക്ക്, കുചേലനേപ്പോലെ..,
ബാലശൂലയുള്ള കുട്ടികളുടെ കുടിയേറ്റം..!
'വൈദ്യരേ, എൻ്റെ പെൺകൊച്ചിനേ..അരണ
കടിച്ചേ; ശ്വാസം എടുക്കാൻ പെടാ-പാടാണേ..'
'എത്ര നാളായിട്ട് പറയുന്നതാ ഞായറാഴ്ച
അവധി പ്രഖ്യാപിക്കാൻ.! ആരു കേൾക്കാൻ!!
ഞാൻതന്നേ ഇതു പൂട്ടേണ്ടിവരും.!'
അകത്തളത്തിൽ സരോജനി കണ്ഠിതപ്പെട്ടു.!
വൈദ്യശാല ശബ്ദമുഖരിതമായി.!
അച്ചുതൻ, പടിഞ്ഞാറോട്ടു ചരിഞ്ഞു തുടങ്ങി.!
മുറ്റത്ത് സമാധാനം പുനസ്ഥാപിക്കപ്പെട്ടു.!
കുഞ്ഞേലി സരോജനിയെ കാണുവാനെത്തി.!
പരാതിയുടെ ഭാണ്ഡം അഴിഞ്ഞു വീണുടഞ്ഞു.!
"ഒന്നും പറയേണ്ടെൻ്റ സരോജനീ.; എൻ്റെ
ആ സന്തതിയോടു കല്യാണക്കാര്യം പറഞ്ഞ്
തൊണ്ടക്കുഴീലെ വെള്ളം പറ്റി.! അവൻ്റെ ഒരു
പൊടികുഞ്ഞിനേ കണ്ടിട്ടു ചാകാനൊക്കില്ല."
"അന്നെനിക്കു മുപ്പതുവയസ്സ്..! അവനിപ്പം
മുപ്പതോട് അടുത്തു.! വകുപ്പടിയുള്ള വീട്ടിലെ
ചെക്കൻമാർ മുരടിച്ചു നിൽക്കാമോ..?"
...........................( തു ട രും )........................

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26