ടി.പി കേസിലെ രണ്ട് പ്രതികള്‍ കീഴടങ്ങി; ഒരാളെത്തിയത് ആംബുലന്‍സില്‍

ടി.പി കേസിലെ രണ്ട്  പ്രതികള്‍ കീഴടങ്ങി; ഒരാളെത്തിയത് ആംബുലന്‍സില്‍

കോഴിക്കോട്: ആര്‍എംപി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികള്‍ കീഴടങ്ങി. പത്താം പ്രതി കെ.കെ. കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്കാണ് ഇരുവരും കീഴടങ്ങിയത്.

പ്രതികള്‍ രണ്ട് പേരും മാറാട് പ്രത്യേക കോടതിയിലാണ് ഹാജരായത്. രോഗബാധിതനായ ജ്യോതി ബാബു ആംബുലന്‍സിലെത്തിയാണ് കോടതിയില്‍ ഹാജരായത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. ഇവര്‍ക്കൊപ്പം സിപിഎം നേതാക്കളുമുണ്ടായിരുന്നു.

കേസിലെ എല്ലാ പ്രതികളും ഈമാസം 26 ന് ഹാജരാകണമെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പ്രതികള്‍ കീഴടങ്ങിയത്. ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗമായിരുന്നു കെ.കെ കൃഷ്ണന്‍. കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ് ജ്യോതിബാബു.

ശിക്ഷാ വിധിക്കെതിരേ പന്ത്രണ്ട് പ്രതികള്‍ നല്‍കിയ അപ്പീലും പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സിപിഎം നേതാവ് പി. മോഹനനടക്കമുള്ളവരെ കേസില്‍ വെറുതേ വിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ എംഎല്‍എ നല്‍കിയ അപ്പീലുമായിരുന്നു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

2012 മെയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍ നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മുകാരായ പ്രതികള്‍ കൊലപാതകം നടത്തി എന്നാണ് കേസ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.