മാനന്തവാടി: ആളെക്കൊല്ലി ബേലൂര്‍ മഖ്‌ന ഇപ്പോഴും കര്‍ണാടകയിലെ വനമേഖലയില്‍ തുടരുകയാണെന്ന് വനം വകുപ്പ്. റേഡിയോ കോളര്‍ വഴി ആനയുടെ നീക്കങ്ങള്‍ കേരള വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആന ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാതിരിക്കാന്‍ രാത്രികാല പട്രോളിങും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ദൗത്യ സംഘത്തെ സഹായിക്കാനായി ഹൈദരാബാദില്‍ നിന്ന് പ്രമുഖ വന്യജീവി വിദഗ്ധനായ നവാബ് അലിഖാനും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാലംഗ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. വന്യജീവി മനുഷ്യ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍ വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പ് നവാബ് അലിഖാന്റെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. ട്രാക്കിങ് വിദഗ്ദനും ഷാര്‍പ് ഷൂട്ടറുമാണ് നവാബ് അലി ഖാന്‍.
അതേസമയം പതിനൊന്ന് ദിവസം പിന്നിടുമ്പോഴും ബേലൂര്‍ മഖ്‌ന ദൗത്യം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ആനയെ പിടികൂടുന്ന കാര്യത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ആനയുടെ സഞ്ചാരം അതിര്‍ത്തികള്‍ വഴി ആയതിനാല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ചീഫ് സെക്രട്ടറി തലത്തില്‍ യോഗം ചേരുന്നതാണ് നല്ലതെന്നും കോടതി ആരാഞ്ഞു. വേനല്‍ കടുത്തതിനാല്‍ വനത്തില്‍ നിന്നും മൃഗങ്ങള്‍ പുറത്ത് വരാന്‍ സാധ്യത കൂടുതലാണെന്നും ഇത് തടയാന്‍ എവിടെയൊക്കേ കൃത്രിമ ജലാശയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈല്‍ഡ് ലൈഫ് വാര്‍ഡന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആന കര്‍ണാടക കാടുകളില്‍ തുടരുന്നതിനാല്‍ മയക്കുവെടി ദൗത്യം അനിശ്ചിതത്തിലായിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ മരക്കടവ് ഭാഗത്ത് വന്നത് ഒഴിച്ചാല്‍ ബേലൂര്‍ മഖ്‌ന പിന്നെ കേരളത്തിലേക്ക് വന്നിട്ടില്ല. ഒടുവില്‍ സിഗ്‌നല്‍ കിട്ടിയപ്പോള്‍ ആന കേരളത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ കാട്ടിലാണ്. അതിനിടെ തിങ്കളാഴ്ച ബേലൂര്‍ മഖ്‌ന കേരളത്തിലെ ജനവാസ മേഖലയിലേക്ക് വരുന്നത് തടയാന്‍ ബാവലി ചെക്‌പോസ്റ്റ് കടന്ന ദൗത്യ സംഘത്തെ കര്‍ണാടക സംഘം തടഞ്ഞു. ചെക് പോസ്റ്റ് കടത്തിവിട്ടില്ല. തിങ്കളാഴ്ച രാത്രി പത്തോടെ ആയിരുന്നു സംഭവം. ബേഗൂര്‍ റേഞ്ച് ഓഫീസര്‍ അടക്കമുള്ളവരെയാണ് തടഞ്ഞത്.
അതേസമയം പുല്‍പ്പള്ളിയില്‍ പശുക്കളെ കടുവ ആക്രമിച്ച സാഹചര്യത്തില്‍ വനത്തില്‍ മൃഗങ്ങളെ മേയാന്‍ വിടരുതെന്നാണ് വനംവകുപ്പിന്റെ അഭ്യര്‍ത്ഥന. മേഖലയില്‍ സ്ഥാപിച്ച കൂടുകളിലൊന്നും കടുവ ഇതുവരെ കുടുങ്ങിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.