ലോക പ്രശസ്ത കണികാ ഭൗതിക ശാസ്ത്രജ്ഞയും യൂറോപ്യൻ കൌൺസിൽ ഫോർ ന്യുക്ലിയർ റിസേർച്ചിന്റെ (CERN ) ഡയറക്ടർ ജനറലുമായ ഫാബിയോള ജയനോറ്റിയെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസിലെ അംഗമായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു. റേഡിയോ കണ്ടുപിടിച്ച മാർക്കോണി, ലോക പ്രശസ്ത ശാസ്ത്രഞ്ജന്മാരായ ഏർണസ്റ്റ് റുഥർഫോർഡ്,മാക്സ് പ്ലാങ്ക്, നീൽസ് ബോർ, സെർ അലക്സാണ്ടർ ഫ്ലെമിംഗ് തുടങ്ങി നാല്പതിലധികം നോബൽ ജേതാക്കൾ തങ്ങളുടെ അംഗത്വം കൊണ്ട് അലങ്കരിച്ചിട്ടുള്ള പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസിന്റെ അംഗത്വം നേടിയ ഫാബിയോള, ശാസ്ത്രലോകത്തെ പിടിച്ചു കുലുക്കിയ 'ദൈവ കണം' കണ്ടെത്തിയ മുപ്പത്തെട്ട് രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തോളം ശാസ്ത്രജ്ഞന്മാരുടെ ടീമിനെ നയിച്ച വ്യക്തിയാണ്.
ഗലീലിയോ ഗലീലി അംഗമായിരുന്നതും 1603 ൽ റോമിൽ സ്ഥാപിതമായ ലോകത്തിലെ ആദ്യത്തെ ശാസ്ത്ര അക്കാഡമിയുമായ (exclusively for science ) പൊന്തിഫിക്കൽ അക്കാദമി ഓഫ് ലിൻചെയ്യുടെ(അക്കാദെമിയ ദെയ് ലിൻചെയ്) ആധുനിക രൂപമാണ് പൊന്തിഫിക്കൽ അക്കാഡമി ഓഫ് സയൻസ്. പയസ് ഒൻപതാമൻ മാർപ്പാപ്പ 1847 ൽ അതിനെ പൊന്തിഫിക്കൽ അക്കാദമി ഓഫ് ന്യൂ ലിൻചെയ് എന്ന പേരിൽ പുനഃ സംഘടിപ്പിച്ചു. 1936 ൽ പയസ് പതിനൊന്നാം മാർപ്പാപ്പയാണ് അതിനു ഇപ്പോഴുള്ള പേര് നൽകിയത്.
ശാസ്ത്രവിജ്ഞാനം കൊണ്ട് ദൈവം ഇല്ലെന്നു സ്ഥാപിക്കാനാകില്ലെന്നും ശാസ്ത്രവും മതവും രണ്ടു വ്യത്യസ്ത ശാഖകളാണെന്നും എന്നാൽ അവ പരസ്പര വിരുദ്ധമല്ലാത്തതിനാൽ ഒരു ഭൗതീക ശാസ്ത്രഞ്ജക്ക് ദൈവ വിശ്വാസം തെരഞ്ഞെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാവില്ലെന്നും പരസ്യമായി പറഞ്ഞിട്ടുള്ള ഫാബിയോള യൂറോപ്യൻ കൌൺസിൽ ഫോർ ന്യുക്ലിയർ റിസേർച്ചിന്റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വനിതയാണ്. ഇപ്പോൾ രണ്ടാം തവണയാണ് അവർ ആ പദവിയിൽ തുടരുന്നത്. ഇപ്പോഴത്തെ കാലാവധി 2025 വരെ നീളും.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭൗതീക ശാസ്ത്രജ്ഞ എന്ന് ന്യൂ യോർക്ക് ടൈമ്സ് വിശേഷിപ്പിച്ചിട്ടുള്ള ഫാബിയോള ഫോബ്‌സ് മാഗസിൻ തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ലിസ്റ്റിലും ഇടം നേടിയിട്ടുണ്ട്.
( ജോസഫ് ദാസൻ
)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.