എസ് പി ബാലസുബ്രഹ്‌മണ്യം എന്ന അതുല്യ പ്രതിഭയുടെ വേര്‍പാടില്‍ നിന്നും മുക്തരായിട്ടില്ല സംഗീതലോകം. അദ്ദേഹത്തിന്റെ നഷ്ടം സംഗീത ലോകത്തിന് ഒരിക്കലും നികത്താനാവാത്തതുമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ആകെ നിറയുന്നുതും എസ്പിബിയുടെ ഓര്‍മ്മകളും പാട്ടുകളും ചിത്രങ്ങളുമൊക്കെയാണ്. സെപ്റ്റംബര്‍ 25 നാണ് എസ്പി ബാലസുബ്രഹ്‌മണ്യത്തെ മരണം കവര്‍ന്നത്.
അടുത്തിടെ എസ്പിബിയോടുള്ള ആദരസൂചകമായി ചെന്നൈയില്‍ പ്രത്യേക അനുശോചനാ യോഗം സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രിയപ്പെട്ടവരുമെല്ലാം യോഗത്തില്‍ പങ്കെടുത്തു. മലയാളികളുെട പ്രിയഗായിക കെ എസ് ചിത്രയുമുണ്ടായിരുന്നു യോഗത്തില്‍. എസ്പിബിയെക്കുറിച്ച് കെ എസ് ചിത്ര പങ്കുവെച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നു.
നിറകണ്ണുകളോടെ സ്വരമിടറിയാണ് കെ എസ് ചിത്ര സംസാരിച്ചത്. 'ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരു അവസരത്തില്‍ വന്ന് സംസാരിക്കേണ്ടി വരുമെന്ന് കരുതിയില്ല. ഈ സമയത്ത് എന്താണ് സംസാരിക്കേണ്ടത് എന്നും എനിക്ക് അറിയില്ല. ബാലു സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് 1984-ലാണ്. പുന്നഗൈ മന്നന്‍ എന്ന സിനിമയുടെ റെക്കോര്‍ഡിങ് സമയത്ത്. പിന്നെ 2015 വരെ അദ്ദേഹത്തോടൊപ്പം തുടര്‍ച്ചയായി പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചു. ഒരുപാട് ഓര്‍മ്മകളുണ്ട് അദ്ദേഹത്തോടൊപ്പം എനിക്ക്.' ചിത്ര പറഞ്ഞു.
'തമിഴ്, തെലുങ്ക് എന്നിങ്ങനെ ഏത് ഭാഷയാണെങ്കിലും അത് എങ്ങനെ ഉച്ചരിക്കണമെന്നും എഴുതണമെന്നും അദ്ദേഹമാണ് എനിക്ക് പഠിപ്പിച്ചു തന്നത്. വാക്കുകളുടെ അര്‍ത്ഥവും വരികളില്‍ വരേണ്ട ഭാവങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു തന്നു. ഒരു പുസ്തകത്തില്‍ എല്ലാം എഴുതിത്തന്നിട്ടുണ്ട്. ആ പുസ്തകം ഇപ്പോഴും ഞാന്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.' ചിത്ര കൂട്ടിച്ചേര്‍ത്തു.
എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ മനസ്സിന്റെ ആഴത്തെക്കുറിച്ചും കെ എസ് ചിത്ര സംസാരിച്ചു. ' ഒരിക്കല്‍ ഞങ്ങള്‍ അമേരിക്കയില്‍ ഒരു സംഗീത പരിപാടിക്കായി പോയി. മൂന്ന് ദിവസത്തെ പരിപാടിയായിരുന്നു. രണ്ടാം ദിവസം താമസ സ്ഥലത്ത് എത്തിയപ്പോള്‍ മുറികള്‍ വൃത്തിയാക്കുകയാണെന്നും എല്ലാവരും അല്‍പ നേരം കാത്തിരിക്കണമെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. അവര്‍ എസ് പി സാറിന്റെ മുറി വരെ വേഗം റെഡിയാക്കി. ആ സമയത്ത് സാര്‍ അവരോട് പറഞ്ഞ വാക്കുകള്‍ മറക്കാനാവില്ല. 'എനിക്ക് ഇപ്പോള്‍ മുറി വേണ്ട. അവര്‍ക്കു കൊടുക്കൂ. അവരെല്ലാം മുറിയില്‍ പോയി വിശ്രമിച്ചതിന് ശേഷമേ ഞാന്‍ പോകുന്നുള്ളൂ.' ഓര്‍ക്കസ്ട്ര ടീമിനോടുള്ള അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.