സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചൂടും ചൂരുമറിയുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ കേരളത്തിലെ ജനകീയ മുഖം. സഹപ്രവര്‍ത്തകരായ നേതാക്കള്‍ക്ക് ഓ.സിയായ അദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ ഉമ്മന്‍ ചാണ്ടി സാര്‍ എന്ന് വിളിക്കും. ഉമ്മന്‍ ചാണ്ടിയെന്ന് ആര്‍ക്കും വിളിക്കാം.
അതുകൊണ്ടാണല്ലോ കോഴിക്കോട്ടെ ഒരു അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി വീടില്ലാത്ത തന്റെ സഹപാഠിയ്‌ക്കൊരു വീടിനായി ഉമ്മന്‍ ചാണ്ടീ... എന്ന് നീട്ടി വിളിച്ചത്. മുഖ്യമന്ത്രിയായിരിക്കെ സ്‌കൂളില്‍ നടന്ന പൊതു പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം വിളികേട്ട് തിരിഞ്ഞു നോക്കി ആ കുട്ടിയുടെ അടുത്തെത്തി വിവരങ്ങള്‍ തിരക്കി. പിറ്റേന്നു തന്നെ സഹപാഠിക്ക് വീട് അനുവദിച്ച് ഉത്തരവിറങ്ങി. അങ്ങനെ നിരവധി സംഭവങ്ങള്‍.
എന്നും ജനങ്ങള്‍ക്കിടയിലൂടെ നടക്കാന്‍ ഇഷ്ടപ്പെടുന്ന ഉമ്മന്‍ ചാണ്ടിയുടെ ജനസമ്മിതി സ്വന്തം പാര്‍ട്ടിയിലും മറ്റ് പാര്‍ട്ടികളിലുമുള്ള നേതാക്കള്‍ക്ക് ഭീഷണിയാണ്. ഈ ജനകീയതയാണ് ഉമ്മന്‍ ചാണ്ടിയെ വീണ്ടും മുഖ്യധാരാ രാഷ്ട്രിയത്തിലേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്റിനെ പ്രേരിപ്പിച്ചത്.സോളാര്‍ പീഡന കേസ് ഇപ്പോള്‍ പൊടി തട്ടിയെടുത്ത് സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് പിന്നിലെ കാരണവും മറ്റൊന്നല്ല.
പക്ഷേ, ഇടത് സര്‍ക്കാരിന്റെ ഈ തീരുമാനം 'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്നു പറഞ്ഞതു പോലെയാകാനുള്ള സാധ്യത ഏറെയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ അസാധ്യ ശേഷിയുള്ള ഉമ്മന്‍ ചാണ്ടിയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം എന്ന നിലയില്‍ ഇടത് പാര്‍ട്ടികള്‍ സോളാര്‍ വിഷയം ലൈവായി നിര്‍ത്തും. എന്നാല്‍ വ്യക്തമായ തെളിവിന്റെ പിന്‍ബലമില്ലാതെ പരാതിക്കാരിയായ സ്ത്രീ ഉമ്മന്‍ ചാണ്ടിയെപ്പോലൊരു നേതാവിനെതിരെ ഉന്നയിക്കുന്ന ലൈംഗിക ആരോപണത്തിന് പൊതു സമൂഹത്തില്‍ വിശ്വാസ്യത ഇല്ലാതെ പോകുമ്പോഴാണ് അത് ഗുണത്തേക്കാളേറെ ദോഷമായി ഭവിക്കുക.
മാത്രമല്ല സോളാര്‍, ബാര്‍ കോഴ വിവാദങ്ങളില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ച് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ സോളാര്‍ കേസില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന പലരുടേയും പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, പരാതിക്കാരിയായ സ്ത്രീ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കേരളത്തിലെ സ്ത്രീകളടക്കം ബഹുഭൂരിപഷവും വിശ്വസിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് എല്ലാ പദവികളില്‍ നിന്നും മാറി നിന്ന ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അമരക്കാരനാക്കി അയയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വ്യക്തമായ രാഷ്ട്രീയ ധാരണയും ലക്ഷ്യവുമുണ്ട്. ഹൈക്കമാന്റ് പ്രതീക്ഷിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കുമോ എന്നത് പ്രസക്തമായ ചോദ്യമാണ്. ഘടകകക്ഷികള്‍ക്ക് സ്വീകാര്യന്‍ എന്നത് അദ്ദേഹത്തിന്റെ ജോലി ഭാരം അല്‍പ്പമൊന്ന് കുറയ്ക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഹൈക്കമാന്റ് പ്രതിനിധിയായി കേരളത്തിലെത്തിയ താരിഖ് അന്‍വര്‍ അടക്കമുള്ള കേന്ദ്ര നേതാക്കളോട് ഉമ്മന്‍ ചാണ്ടിയെമുന്നില്‍ നിര്‍ത്തി ഇത്തവണ തെരഞ്ഞെടുപ്പ് നേരിടണം എന്ന് യുഡിഎഫിലെ എല്ലാ ഘടക കക്ഷികളും ഒരേപോലെ ആവശ്യപ്പെട്ടത് തന്നെ ഈ സ്വീകാര്യത വ്യക്തമാക്കുന്നു.
കേരളത്തിലെ ക്രൈസ്തവര്‍ യുഡിഎഫില്‍ നിന്നകന്ന് എല്‍ഡിഎഫിനോടും ബിജെപിയോടും അടുക്കുന്നു എന്നൊരു സൂചന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഗോവ മോഡലില്‍ കേരളത്തിലെ ക്രൈസ്തവരെ ഒപ്പം നിര്‍ത്താന്‍ ബിജെപി വ്യക്തമായ പദ്ധതികള്‍ വിഭാവന ചെയ്തു കഴിഞ്ഞു. കേരളത്തില്‍ മുസ്ലിം, ക്രൈസ്തവ, ഹിന്ദു വിഭാഗങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയോട് അടുപ്പക്കുറവൊന്നുമില്ല. എന്നാല്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് നയിക്കാന്‍ ഏല്‍പ്പിച്ചത് കൊണ്ട് മാത്രം കോണ്‍ഗ്രസില്‍ നിന്നും മുന്നണിയില്‍ നിന്നും അകന്നുപോയ ക്രൈസ്തവ വിഭാഗങ്ങളെ യുഡിഎഫിലേക്ക് അടുപ്പിക്കാന്‍ സാധിക്കുമോ എന്നതും ശ്രദ്ധേയമായ ചോദ്യമാണ്.
കാരണം ക്രൈസ്തവ സമുദായം യുഡിഎഫില്‍ നിന്നകന്നത് ഒരു നേതാവിന്റെ പേരിലല്ല, മറിച്ച് അവരുടെ നയ സമീപനങ്ങള്‍ മൂലമാണ്. ന്യൂനപക്ഷഅവകാശങ്ങളില്‍ ക്രൈസ്തവരോട് കാണിക്കുന്ന അനീതി, ക്രൈസ്തവരെ ബാധിക്കുന്ന പല വിഷയങ്ങളിലും യുഡിഎഫ് പുലര്‍ത്തിയ നിസ്സംഗതയും മൗനവും തുടങ്ങിയ വിവിധ വിഷയങ്ങളാണതിനു പിന്നില്‍. ഓര്‍ത്തഡോക്‌സ് സമുദായാംഗമായ ഉമ്മന്‍ ചാണ്ടിയുമായി നല്ല ബന്ധമാണ് മറ്റ് ക്രൈസ്തവ സമുദായങ്ങള്‍ പുലര്‍ത്തുന്നത്. ഇതൊക്കെയാണങ്കിലും ഹൈക്കമാന്റ് ഏല്‍പ്പിച്ച ഉത്തരവാദിത്വം വിജയ പഥത്തിലെത്തിക്കണമെങ്കില്‍ അദ്ദേഹത്തിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.
(ജോ കാവാലം )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.