പ്രസിഡന്റായ ശേഷം ബൈഡന്റെ ആദ്യത്തെ ഞായർ; കൊച്ചുമക്കളോടൊപ്പം കുർബാനയിൽ പങ്കെടുത്തു

പ്രസിഡന്റായ ശേഷം ബൈഡന്റെ ആദ്യത്തെ ഞായർ; കൊച്ചുമക്കളോടൊപ്പം കുർബാനയിൽ പങ്കെടുത്തു

വാഷിങ്ടൺ: പ്രസിഡണ്ട് ജോ ബൈഡൻ വാഷിങ്ടണിലെ ഹോളി ട്രിനിറ്റി കത്തോലിക്കാ ദേവാലയത്തിൽ ഞായറാഴ്ച കുർബാനയിൽ പങ്കെടുത്തു. ബൈഡൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയിലെ കുർബനയായിരുന്നു അത്.

യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡണ്ടാണ് ബൈഡൻ. പ്രതിവാരമുള്ള കുർബാന അദ്ദേഹത്തിന്റെ ഷെഡ്യൂളിന്റെ ഒരു ഭാഗമാണ്. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന, എന്നാൽ ഔദ്യോഗിക പദവിയിൽ ഇരിക്കുമ്പോൾ സ്ഥിരമായി ദേവാലയത്തിൽ പോകാതെ സ്വകാര്യമായി മാത്രം പ്രാർത്ഥനകളിൽ പങ്കെടുക്കുന്ന സമീപകാല പ്രസിഡണ്ടുമാരിൽ നിന്ന് വ്യത്യസ്തനാണ് ബൈഡൻ.

അദ്ദേഹത്തിന്റെ ഭരണകാലത്ത് വാഷിങ്ടണിലെ ദേവാലയം അദ്ദേഹം ഇടവകയായി സ്വീകരിക്കുമോ എന്ന് വ്യക്തമല്ലെങ്കിലും, ബൈഡന്റെ പള്ളിയിൽ പോകുന്നതിലുള്ള താൽപ്പര്യം അദ്ദേഹത്തിന്റെ ആത്മീയത രാഷ്ട്രീയവുമായി എങ്ങനെ ചേർന്നുപോകുന്നു എന്നതിലേക്ക് വെളിച്ചം വീശുന്നു.

ബൈഡൻ അദ്ദേഹത്തിന്റെ കൊച്ചുമക്കളോടൊപ്പമാണ് ഹോളി ട്രിനിറ്റി ദേവാലയത്തിൽ പോയത്. ദേവാലയ ശുശ്രൂഷ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന്, "ലൗലി" എന്ന് അദ്ദേഹം മറുപടി നൽകി. ബ്രേക്ക്ഫാസ്റ്റ് ഓർഡർ കൊടുത്തിരുന്നത് വാങ്ങാൻ ബൈഡന്റെ ഔദ്യോഗിക വാഹനം 'കാൾ യുവർ മദർ' എന്ന പേരിലുള്ള കടയിൽ നിർത്തി. ആ സ്ഥാപനം ബൈഡന്റെ സന്ദർശനത്തെ 'ഞായറാഴ്ചത്തെ മികച്ച സർപ്രൈസ്" എന്നാണ് 'ട്വീറ്റ്'ചെയ്തത്.

കുട്ടിക്കാലം മുതൽ കുർബാനയിൽ സ്ഥിരമായി പങ്കെടുക്കുകയും കത്തോലിക്കാ സ്കൂളുകളിൽ പഠിക്കുകയും ചെയ്ത ബൈഡന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കത്തോലിക്കാ വിശ്വാസം. അന്തരിച്ച ആദ്യ ഭാര്യ നീലിയയെ ഒരു കത്തോലിക്കാ ദേവാലയത്തിൽ വച്ചാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങളിൽ എന്നും തിരുവെഴുത്തുകളിൽ നിന്നുള്ള ഉദ്ധരണികൾ, കത്തോലിക്കാ സ്തുതിഗീതങ്ങൾ, സ്കൂളിൽ പഠിപ്പിച്ച കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും കുറിച്ചുള്ള പരാമർശങ്ങൾ എന്നിവ ഉണ്ടായിരിന്നു.

വാഷിങ്ടണിലെ ഏറ്റവും പഴക്കമുള്ള ദേവാലയമായ ഹോളി ട്രിനിറ്റി ദേവാലയത്തിലായിരുന്നു അമേരിക്കയുടെ ആദ്യത്തെ കത്തോലിക്കാ പ്രസിഡണ്ടായ ജോൺ എഫ് കെന്നഡിയും സ്ഥിരമായി പോയിരുന്നത്.

സി ജെ കെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.