പമ്പാ നദീതീരത്ത് തലയുയർത്തി നിൽക്കുന്ന വിശാലവും, മനോഹരവുമായ സെന്‍റ് ജോര്‍ജ്ജ് പള്ളി നിര്‍മ്മിച്ചത് ഏകദേശം 200 വര്‍ഷം മുമ്പാണ്. മദ്ധ്യകാല യൂറോപ്പിലെ പള്ളികളുടെ ശൈലിയാണ് പള്ളിയുടെ നിർമ്മാണം. പൊതുവേ ശാന്തമായ അന്തരീക്ഷമാണ് ഈ പള്ളിയിലുള്ളതെങ്കിലും ഏപ്രില്‍ മാസത്തിലെ എടത്വ പെരുന്നാള്‍ കാലത്ത് വലിയ ആഘോഷമാണ്.
പെരുന്നാള്‍ സമയത്ത് സെന്‍റ് ജോര്‍ജ്ജിന്റെ ഉജ്ജ്വലമായ പ്രതിമ പുറത്തേക്കു കൊണ്ടുവന്ന് പള്ളിയുടെ മദ്ധ്യത്തിലുള്ള പ്രത്യേക വേദിയില്‍ സ്ഥാപിക്കുന്നു.
കേരളത്തിലേയും അയല്‍ സംസ്ഥാനങ്ങളിലേയും ക്രിസ്തുമത വിശ്വാസികളും അല്ലാത്തവരുമായ എണ്ണമറ്റ ഭക്തരാണ് പെരുന്നാള്‍ കാലത്ത് ഇവിടേക്ക് ഒഴുകി എത്തുന്നത്. ഇവരില്‍ പലരും പള്ളിയില്‍ താമസിക്കുകയും പള്ളിയുടെ മുമ്പിലൂടെ ഒഴുകുന്ന പമ്പാനദിയില്‍ കുളിച്ച് ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യും.
നമുക്ക് എടത്വ പള്ളിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.
എടത്വ പള്ളി
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു ഗ്രാമമായ എടത്വായിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ദേവാലയമാണ് സെന്റ്. ജോർജ് ഫൊറോന പള്ളി അഥവാ എടത്വാപള്ളി. കേരളത്തിലെ പ്രമുഖ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമാണ് എടത്വ പള്ളി. വിശുദ്ധ ഗീവര്‍ഗീസിന്റെ പേരില്‍ സ്ഥാപിതമായ പള്ളിയാണിത്. മാനസിക രോഗികള്‍ക്കും മറ്റും ഇവിടുത്തെ പ്രാര്‍ത്ഥന സുഖം നല്‍കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പമ്പാനദിയുടെ തീരത്താണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. 1810ലാണ് ഈ പള്ളി സ്ഥാപിച്ചത്. സീറോ മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപതയിൽ പെട്ട ഈ പള്ളിയുടെ വാസ്‌തുശില്‌പശൈലി വളരെ മനോഹരമാണ്. മധ്യകാല യൂറോപ്യൻ ദേവാലയങ്ങളെ ഓർമ്മപെടുത്തുന്നതാണ് ഇതിന്റെ നിർമ്മാണം. പെരുന്നാളിനു കൊടികയറുന്നതോടെ സ്വർണ്ണാലംകൃതമായ വിശുദ്ധ ജോർജ്ജിന്റെ തിരുസ്വരൂപം പള്ളിയുടെ മധ്യത്തിലുള്ള വേദിയിൽ പ്രതിഷ്‌ഠിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്.
ചരിത്രം
എടത്വായിലും കുട്ടനാടിന്റെ ഇതര പ്രദേശങ്ങളിലുമുള്ള ക്രൈസ്തവ വിശ്വാസികൾ തങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് തോമാശ്ലീഹായാൽ സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്ന നിരണം പള്ളിയെ ആയിരുന്നു. ക്രി പി 417-ൽ ചമ്പക്കുളത്ത് ഒരു പള്ളി സ്ഥാപിതമായതോടെ ഇവരുടെ ആശ്രയം ആ പള്ളിയായിരുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ ആലപ്പുഴയിലും പുറക്കാട്ടും പുളിങ്കുന്നിലും പള്ളികൾ സ്ഥാപിതമായതോടെ തങ്ങൾക്കും സ്വന്തമായി ഒരു ദേവാലയം വേണമെന്നുള്ള എടത്വാ നിവാസികളുടെ ആഗ്രഹം ശക്തമായി. അന്ന് എടത്വാ പ്രദേശം വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്നതിനാൽ വിശ്വാസികൾ വരാപ്പുഴ മെത്രാനായിരുന്ന റെയ്മണ്ട് തിരുമേനിയെ സന്ദർശിച്ച് തങ്ങളുടെ ആവശ്യം അറിയിച്ചു.
വരാപ്പുഴ മെത്രാനിൽ നിന്നും കാനോനിക അനുമതി ലഭിച്ചതോടെ 1810 സെപ്തംബർ 29-ന് എടത്വായിലെ കോയിൽമുക്ക് എന്ന സ്ഥലത്ത് ഒരു ചെറിയ പള്ളി സ്ഥാപിക്കപ്പെട്ടു. പള്ളിക്കാവശ്യമായ സ്ഥലം ദാനമായി നൽകിയത് എടത്വായിലെ പ്രമുഖ നായർ തറവാടായ ചങ്ങംകരി വെള്ളാപ്പള്ളിയിലെ കൊച്ചെറുക്കപ്പണിക്കരായിരുന്നു. കൃഷിക്കാരും ചെറുകിട കച്ചവടക്കാരുമായിരുന്നു എങ്കിലും നിശ്ചയദാർഢ്യമുള്ളവരും അധ്വാനശീലരുമായിരുന്ന ഇടവകജനങ്ങൾ വലിയ ഒരു പള്ളി നിർമ്മിക്കുവാൻ തീരുമാനിച്ചു. 1839-ൽ ശിലാസ്ഥാപനം നടത്തിയ വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമത്തിലുള്ള പുതിയ പള്ളിയുടെ നിർമ്മാണം പൂർത്തിയായപ്പോൾ വിശുദ്ധന്റെ ഒരു രൂപം പള്ളിയിൽ പ്രതിഷ്ഠിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായി. ഒടുവിൽ ഇടപ്പള്ളി പള്ളിയുടെ തട്ടിൻപുറത്ത് സൂക്ഷിച്ചിരുന്ന തിരുസ്വരൂപങ്ങളിലൊന്ന് എടത്വായിലെത്തിച്ച് ആഘോഷപൂർവ്വം സ്ഥാപിച്ചു
വൈവിധ്യമാര്‍ന്ന ആചാരപ്പെരുമയും രണ്ട് നൂറ്റാണ്ടിന്റെ പാരമ്പര്യവുമാണ് പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിക്കുള്ളത്. വിശ്വാസങ്ങളെ ഊട്ടിഉറപ്പിക്കാന്‍ മുന്‍ തലമുറ പകര്‍ന്ന് നല്‍കിയ അറിവുകളും അനുഭവങ്ങളുമാണ് എടത്വയെ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായി മാറ്റുന്നത്. കേരളത്തിലെ ദേവാലയത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള വിശ്വാസിള്‍ക്ക് നല്‍കുന്ന പ്രഥമ പരിഗണന തൊട്ട് നേര്‍ച്ചയെണ്ണയും വെള്ള ചരടും തേക്ക് മരത്തിന്റെ ഇലകളും വ്യാപാരമേളയും രോഗങ്ങളകറ്റാനായി ചുമക്കുന്ന കല്ലുമെല്ലാം എടത്വ പള്ളിയുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ഘടകങ്ങളാണ്.
അതിന് പിന്നില്‍ നിരവധി കഥകളും ഐതിഹ്യങ്ങളുമുണ്ട്
എടത്വ പള്ളി നേർച്ച ചില ഐതിഹ്യങ്ങൾ
പള്ളിയിലെത്തുന്ന തീര്‍ത്ഥാടകര്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപ ദര്‍ശനത്തിന് ശേഷം ലഭിക്കുന്ന നേര്‍ച്ച ചരടിന് പിറകിലുമൊരു വിശ്വാസത്തിന്റെ കഥയുണ്ട്. അതിങ്ങനെ.
തമിഴ് വിശ്വാസികള്‍ ഏറെയെത്തുന്ന പള്ളിയില്‍ കന്യാകുമാരിയില്‍ നിന്നുള്ള ഒരു തുറക്കാര്‍ക്ക് മത്സ്യലഭ്യത കുറഞ്ഞത് മൂലം ഒരുതവണ പെരുന്നാളിനെത്താനുള്ള പണം കണ്ടെത്താനായില്ല. എന്നാല്‍, കഷ്ടപ്പാട് സഹിച്ചും ദൃഢനിശ്ചയതോടെ അവര്‍ കാല്‍ നടയായി തിരുസ്വരൂപം ദര്‍ശിക്കാനായി എടത്വയിലെത്തി. തിരികെ പോരാന്‍ നേരം തിരുനടയില്‍നിന്ന് കെട്ടിയ നേര്‍ച്ച ചരടുമായാണ് അവര്‍ മടങ്ങിയത്.
തിരികെ നാട്ടിലെത്തിയ തുറക്കാര്‍ക്ക് മത്സ്യബന്ധനത്തില്‍ നിന്ന് ധാരാളം വരുമാനം നേടാനായെന്ന് പറയുന്നു. പിന്നീട്, തമിഴ്‌നാട്ടില്‍നിന്ന് പള്ളിയിലെത്തി തിരികെ പോകുന്ന വിശ്വാസികള്‍ നേര്‍ച്ചനൂലുകള്‍ വാങ്ങിക്കൊണ്ട് പോവുകയും അവര്‍ ഉപയോഗിക്കുന്ന വള്ളങ്ങളില്‍ ഉള്‍പ്പെടെ അത് കെട്ടുകയും ചെയ്യാറുണ്ട്. വിശുദ്ധന്റെ അനുഗ്രഹം പ്രദാനം ചെയ്യുന്ന ചരടുകള്‍ ഒന്നര ചാണ്‍ നീളത്തില്‍ മുറിച്ച് വെഞ്ചരിച്ച ശേഷമാണ് നല്‍കുന്നത്. മനസ്സിലെ ആഗ്രഹം പ്രാര്‍ത്ഥിച്ച് ചരട് കെട്ടിയ ശേഷം ചരട് എന്ന് പൊട്ടുന്നുവോ അന്ന് നമ്മള്‍ ആഗ്രഹിച്ചത് സാക്ഷാത്കരിക്കും എന്നൊരു വിശ്വാസവും നിലനില്‍കുന്നുണ്ട്.
എടത്വ തീര്‍ത്ഥാടനത്തിനോടൊപ്പം തന്നെ ചരിത്രത്തില്‍ ഇടം പിടിച്ചതാണ് പെരുന്നാളിനോട് അനുബന്ധിച്ച വ്യാപാരമേളയും. ഈ ഒത്തുചേരലിന് പിറകിലും ഒരു കഥയുണ്ട്.
പണ്ട് കാലത്ത് നമ്മുടെ ചരക്ക് വ്യാപാരം ഏറെയും തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. അന്ന് ആലപ്പുഴയിലേക്ക് ഇപ്പോഴത്തെ കന്യാകുമാരി, നാഗര്‍കോവില്‍ ഭാഗങ്ങളില്‍നിന്ന് വാണിജ്യസംഘങ്ങള്‍ എത്തിയിരുന്നു. ഒരിക്കല്‍ രാത്രിയിലെ യാത്രക്കിടെ വ്യാപാരികള്‍ വന്ന വള്ളം കാറ്റിലും മഴയിലും പെട്ട് നിയന്ത്രണം വിടുകയും വള്ളം നിയന്ത്രിച്ചിരുന്ന നയമ്പ് നഷ്ടപ്പെടുകയും ചെയ്തു. ദിശതെറ്റിയ വള്ളത്തിലെ വ്യാപാരികള്‍ ഒരു അശരീരി കേട്ടു. അത് പ്രകാരമുള്ള നിര്‍ദേശത്തില്‍ തുടര്‍ന്ന യാത്ര എടത്വ പള്ളിക്കടവിന് സമീപമാണ് എത്തിയത്. കടവില്‍ വള്ളം ഇറങ്ങാന്‍ നേരം അവിടെവച്ച് അവര്‍ക്ക് നഷ്ടപ്പെട്ട നയമ്പ് തിരികെ കിട്ടിയതായാണ് ചരിത്രം.
പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച് നേര്‍ച്ചയും ഇട്ടാണ് അവര്‍ മടങ്ങിയത്. പിന്നീട്, വന്ന തലമുറയും പള്ളിയിലെത്തി നേര്‍ച്ച അര്‍പ്പിച്ച ശേഷമാണ് തങ്ങളുടെ വ്യാപാരം തുടങ്ങിയിരുന്നത് എന്നാണ് കഥ.
പള്ളിയിലെ കൊടിമരത്തില്‍ ഒഴിക്കുന്ന നേര്‍ച്ചയെ രോഗങ്ങളെ അകറ്റി മനസ്സുഖം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. പെരുന്നാള്‍ ദിവസം കൊടിയേറ്റിന് മുമ്പായി കൊടിമരത്തില്‍ ആദ്യം പട്ട് ചുറ്റും. പിന്നീട്, കൊടിയേറ്റു സമയത്ത് വിശ്വാസികള്‍ കൊടിമരത്തിലേക്ക് നേര്‍ച്ച എണ്ണ ഒഴിക്കും. പട്ടില്‍നിന്ന് വരുന്ന എണ്ണയാണ് വിശ്വാസത്തിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ ശേഖരിക്കുന്നത്.
ശരീരത്തിലെ മുറിവുകള്‍ തൊട്ട് അസുഖങ്ങള്‍ക്ക് വരെ നേര്‍ച്ചയെണ്ണ ഉപയോഗിച്ചാല്‍ ശമനം ലഭിക്കുമെന്നാണ് വിശ്വാസം. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേര്‍ച്ചയെണ്ണ നല്‍കി കൊടിമരത്തിന് പ്രദക്ഷിണവുംവച്ച ശേഷമാണ് വിശ്വാസികള്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നത്. അത്ഭുത മരുന്നായും മാറാ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയായുമാണ് വിശ്വാസികള്‍ പള്ളിമുറ്റത്തെ തേക്ക് മരത്തിന്റെ ഇലകള്‍ വീടുകളിലേക്ക് കൊണ്ട് പോകുന്നത്. തേക്കില വെള്ളത്തില്‍ ഇട്ട് കുളിക്കുകയോ, എണ്ണ കാച്ചി ദേഹത്ത് പുരട്ടുകയും ചെയ്താല്‍ എല്ലാ മാറാ വ്യാധികളും മാറി മനസ്സുഖമുണ്ടാകും എന്നാണ് വിശ്വാസം. കല്ല് ചുമന്ന് പള്ളിക്ക് പ്രദക്ഷിണം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ തലവേദന ഉൾപ്പെടെയുള്ളവയില്‍നിന്ന് ആശ്വാസം ലഭിക്കുമെന്ന് വിശ്വാസികള്‍ പറയുന്നു.
നാനാ മതത്തില്‍പ്പെട്ടവരും പള്ളിയിലെത്തി നേര്‍ച്ചയില്‍ പങ്കെടുക്കാറുണ്ട്. തൈ, വാഴക്കുല, നേര്‍ച്ചക്കുടകള്‍ എന്നിവയെല്ലാം വിശ്വാസത്തിന്റെ ഭാഗമായി തിരുസ്വരൂപത്തിന് മുമ്പില്‍ സമര്‍പ്പിച്ച് വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്താറുണ്ട്.
തിരുനാൾ
എല്ലാ വർഷവും ഏപ്രിൽ 27 മുതൽ മേയ് 14 വരെയാണ് വിശുദ്ധ ഗീവർഗ്ഗീസിന്റെ പെരുന്നാൾ എടത്വാ പള്ളിയിൽ കൊണ്ടാടുന്നത്. മേയ് 3 ന് ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കുന്ന തിരുസ്വരൂപം മേയ് 14 വരെ പൊതുവണക്കത്തിനായി ദേവാലയ കവാടത്തിൽ ഉണ്ടാകും. മേയ് 7 ന് പ്രധാന തിരുന്നാൾ ദിവസം ദേവാലയത്തിനു ചുറ്റും നടത്തപ്പെടുന്ന പ്രദക്ഷിണം തമിഴ്നാട്ടിൽ നിന്നുമുള്ള ഭക്തരുടെ നേതൃത്വത്തിൽ ആണ്. മേയ് 14 നു പട്ടണത്തിൽ സ്ഥാപിച്ചിട്ടുള്ള കുരിശടി വരെയുള്ള പ്രദക്ഷിണത്തോടെ തിരുന്നാൾ സമാപിക്കുന്നു. എടത്വാപള്ളി വെടിക്കെട്ട് പ്രസിദ്ധമാണ്. നമുക്കും ഒരിക്കൽ എടത്വ പള്ളിയിൽ പെരുന്നാൾ ആഘോഷിക്കാൻ വി ഗീവർഗീസ് ഭാഗ്യം തരട്ടെ.
എടത്വാപള്ളിയുടെ കീഴിലുള്ള ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകൾ കുറിക്കുന്നു.
സെന്റ്. അലോഷ്യസ് കോളേജ്, സെന്റ്. അലോഷ്യസ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ്. അലോഷ്യസ് ലോവർ പ്രൈമറി സ്കൂൾ, സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, സെന്റ്. മേരീസ് ലോവർ പ്രൈമറി ഹൈസ്കൂൾ, ജോർജിയൻ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ, പയസ് ടെൻത് ട്രെയിനിങ് സെന്റർ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.