ക്രിസ്തുവിനെ സഭയ്ക്കുള്ളില്‍ കണ്ടെത്തിയ മഹത് വ്യക്തിയായിരുന്നു പവ്വത്തില്‍ പിതാവെന്ന് മാര്‍ റാഫേല്‍ തട്ടില്‍

ക്രിസ്തുവിനെ സഭയ്ക്കുള്ളില്‍ കണ്ടെത്തിയ മഹത് വ്യക്തിയായിരുന്നു പവ്വത്തില്‍ പിതാവെന്ന് മാര്‍ റാഫേല്‍ തട്ടില്‍

ചങ്ങനാശേരി: ക്രിസ്തുവിനെ സഭയ്ക്കുള്ളില്‍ കണ്ടെത്തിയ മഹത് വ്യക്തിയായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. അതുകൊണ്ടു തന്നെ പിതാവ് ക്രിസ്തുവിനെ സ്നേഹിച്ചത് സഭയെ സ്‌നേഹിച്ചു കൊണ്ടാണന്നും മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമ വാര്‍ഷികാചരണ ചടങ്ങില്‍ സംസാരിക്കവേ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

ഇന്ന് നമ്മള്‍ കാണുന്ന വൈരുദ്ധ്യങ്ങളിലൊന്ന് പലരും ക്രിസ്തുവിനെ സ്നേഹിക്കുന്നു. എന്നാല്‍ സഭയെ സ്നേഹിക്കുന്നില്ല എന്നതാണ്. സീറോ മലബാര്‍ സഭയുടെ ചക്രവാളങ്ങള്‍ക്ക് ഇന്ത്യ മുഴുവനും ഇന്ത്യയ്ക്ക് പുറത്തും അവകാശമുണ്ടെന്ന് ധീരതയോടെ പറയാന്‍ പവ്വത്തില്‍ പിതാവ് കാണിച്ചിട്ടുള്ള ക്രിസ്തു ശാസ്ത്രമാണ് അദേഹത്തിന്റെ സഭാ ശാസ്ത്രം.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ് തുടങ്ങിയവയിലൊക്കെ സീറോ മലബാര്‍ സഭയ്ക്ക് അജപാലനപരമായ അധികാരങ്ങളുണ്ടെന്ന് മാര്‍പാപ്പ എഴുതിയതിന് പുറകിലുണ്ടായിരുന്നത് പവ്വത്തില്‍ പിതാവിന്റെ രക്തത്തുള്ളികളാണ്. സഭയോടുള്ള അനിതര സാധാരണമായ അടുപ്പമായിരുന്നു അദ്ദേഹത്തിന്റെ ക്രിസ്തു ഭാഷ്യം.

വേരുകളോട് അടുപ്പം പുലര്‍ത്തിയ വ്യക്തിയായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സഭയ്ക്ക് നല്‍കിയ വലിയൊരു കാഴ്ചപ്പാടിനെ സ്വന്തം ജീവിതത്തിലെ കാഴ്ചപ്പാടാക്കി പവ്വത്തില്‍ പിതാവ് മാറ്റിയെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു.

സഭയുടെ പൈതൃകങ്ങള്‍ കണ്ടുപിടിക്കാനും സ്നേഹിക്കാനും പുനരുദ്ധരിക്കാനുമുള്ള കാഴ്ചപ്പാട് പവ്വത്തില്‍ പിതാവിന് സ്വന്തമായുണ്ടായിരുന്നു. സീറോ മലബാര്‍ സഭയുടെ പൈതൃകങ്ങളൊന്നും നഷ്ടപ്പെടാന്‍ പാടില്ലെന്ന് പ്രവാചക തുല്യം സംസാരിച്ച വ്യക്തിയായിരുന്നു അദേഹം.

സീറോ മലബാര്‍ സഭയുടെ വൈദിക പരിശീലന രംഗത്തും മതബോധന രംഗത്തും പിതാവ് നല്‍കിയ സംഭാവനകളും വിസ്മരിക്കാവുന്നവയല്ല. വിഭജനത്തിന് വേണ്ടിയായിരുന്നില്ല സഭയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ളവയായിരുന്നു അവയെല്ലാം. അംദല്മിന സന്ദര്‍ശനത്തിന് പോയപ്പോള്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആര്‍ച്ച് ബിഷപ്പ് മാര്‍ പവ്വത്തില്‍ പിതാവിനെ സീറോ മലബാര്‍ സഭയുടെ കിരീടം എന്ന് വിശേഷിപ്പിച്ചതും മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു.

സഭയുടെ പാരമ്പര്യമനുസരിച്ചുള്ള പ്രധാനപ്പെട്ട ദിനങ്ങളുടെ തലേന്നാണ് പവ്വത്തില്‍ പിതാവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം നടന്നിരിക്കുന്നതെന്നും തട്ടില്‍ പിതാവ് നിരീക്ഷിച്ചു. സ്വാതന്ത്ര്യ ദിനവും മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളും ഒരേ ദിവസം ആചരിക്കുന്ന ഓഗസ്റ്റ് 15 ന്റെ തലേ ദിവസമായ ഓഗസ്റ്റ് 14 നാണ് പവ്വത്തില്‍ പിതാവ് ജനിച്ചത്. അതുപോലെ യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ആചരിക്കുന്ന മാര്‍ച്ച് 19 ന്റെ തലേന്നായ മാര്‍ച്ച് 18നാണ് അദേഹം സ്വര്‍ഗ പ്രാപ്തനായതും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.