അമേരിക്കയിൽ കപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി സ്ഥിരീകരണം; നിരവധിപേരെ കാണാതായി; കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതർ

അമേരിക്കയിൽ കപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി സ്ഥിരീകരണം; നിരവധിപേരെ കാണാതായി; കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതർ

വാഷിംഗ്‌ടൺ: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തെരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് ഇപ്പോഴും കണ്ടെത്താനാകാത്ത ആറ് പേർ.

രണ്ട് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തില്‍ നിരവധി വാഹനങ്ങളും പാലത്തിലുണ്ടായിരുന്ന ഇരുപതോളം പേരും നദിയില്‍ വീണിട്ടുണ്ടെന്ന് ബാല്‍ട്ടിമോര്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് കെവിന്‍ കാര്‍ട്ട്‌റൈറ്റിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അപകട സമയവും പുഴയുടെ ആഴവും ഏറെ പ്രധാനമാണെന്നും അപകടത്തില്‍പ്പെട്ട നിര്‍മ്മാണ തൊഴിലാളികളുടെ കമ്പനിയായ ബ്രൗണര്‍ ബില്‍ഡേഴ്സിലെ സീനിയര്‍ എക്സിക്യൂട്ടീവ് ജെഫ്രി പ്രിറ്റ്സ്‌കര്‍ പറഞ്ഞു.

അതേ സമയം പാലത്തിൽ ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത സുരക്ഷാ വിഭാഗത്തിന്‍റെ 24 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.

ബാൾട്ടിമോർ പാലം ചരക്ക് കപ്പലിടിച്ച് തകർന്ന സംഭവത്തിൽ രക്ഷകരായി പ്രവർത്തിച്ചവരെ പ്രശംസിച്ച് മേരിലാൻഡ് ഗവർണർ രം​ഗത്തെത്തി. ഇന്ത്യക്കാരായ 22 കപ്പൽ ജീവനക്കാരുടെയും സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്നും ഗവർണർ വെസ് മൂർ പറഞ്ഞു. അപകടത്തിന് പിന്നാലെ കപ്പിലിൽനിന്ന് ലഭിച്ച എമർജൻസി കോളിനെ തുടർന്നാണ് അധികൃതർക്ക് പാലം അടച്ച് കൂടുതൽ ജീവനുകൾ സംരക്ഷിക്കാൻ കഴിഞ്ഞതെന്ന് അദേഹം പറഞ്ഞു. ഈ പ്രവൃത്തികൾ ചെയ്തവർ ഹീറോസ് ആണെന്നും നിരവധി പേരുടെ ജീവനാണ് ഇക്കഴിഞ്ഞ രാത്രി സംരക്ഷിച്ചതെന്നും വെസ് മൂർ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു. അപകടം ആസൂത്രിതമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡൻ്റ് പാലത്തിലൂടെ താൻ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെന്നും ഓർമിച്ചു. മേരിലാൻഡ് ഭരണകൂടവുമായി ചേർന്ന് ഫെഡറൽ സർക്കാർ പാലം പുനർനിർമിക്കും. പാലവും ബാൾട്ടിമോർ തുറമുഖവും എത്രയും വേഗം തുറക്കുമെന്നും ബൈഡൻ അറിയിച്ചു. സംഭവസ്ഥലം സന്ദർശിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്ന് കപ്പല്‍ വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു വീണത്. സിംഗപ്പൂർ പതാകയുള്ള കണ്ടെയ്നർ കപ്പലായ ഡാലിയാണ് അപകടത്തിൽപെട്ടത്. ​ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമസ്ഥർ. ക്രൂമെമ്പർമാർക്ക് പരിക്കുകളില്ലെന്നും അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും കമ്പനി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.