'ദൈവം നമ്മുടെ കൂടെ നടക്കുന്നു'; ഈസ്റ്ററിന് ശേഷം മനസിൽ‌ ഉയരേണ്ട ചിന്ത പങ്കുവെച്ച് ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ

'ദൈവം നമ്മുടെ കൂടെ നടക്കുന്നു'; ഈസ്റ്ററിന് ശേഷം മനസിൽ‌ ഉയരേണ്ട ചിന്ത പങ്കുവെച്ച് ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ

മെൽബൺ: ഈസ്റ്റർ വിശുദ്ധകർമ്മങ്ങളിൽ പങ്കെടുത്ത് നാം തിരികെ പോകുമ്പോൾ നമ്മുടെ മനസ്സിൽ എപ്പോഴും തങ്ങി നില്‌ക്കേണ്ടതായ ഒരു പ്രധാന ചിന്ത ദൈവം നമ്മുടെ കൂടെ നടക്കുന്നു എന്നതാണെന്ന് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍. സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചുകൊണ്ട് മെൽബൺ രൂപത കുടുംബത്തിനു നല്കിയ ഈസ്റ്റർ സന്ദേശത്തിലാണ് ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിലിന്റെ പ്രസ്താവന.

'ഇന്ന് ലോകത്തിൽ ഒത്തിരിപേർ പറയുന്ന ഒരുകാര്യമുണ്ട്: 'ജീവിതം മരണത്തോടെ അവസാനിക്കും. അതുകൊണ്ട് ഈ ലോകത്തിൽ ജീവിക്കുന്ന സമയത്ത് അങ്ങ് അടിച്ച്‌പൊളിച്ച് ജീവിക്കുക'. ഈ മരണത്തിന് അപ്പുറം ഒരു ജീവിതമുണ്ടോ ? സ്വർഗ്ഗം എന്ന് പറയുന്ന ഒരു ഇടം ഉണ്ടോ ? ഒരു ഫിലോസഫിയും ഒരു ശാസ്ത്രവും മരണത്തിനപ്പുറം എന്ത് സംഭവിക്കും എന്നതിന് വ്യക്തമായ ഒരു ഉത്തരവും തന്നിട്ടില്ല. പക്ഷേ, ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം തരുന്ന ഒരാളുണ്ട്, അത് നമ്മുടെ ഈശോയാണ്'- മാർ ജോൺ പനന്തോട്ടത്തിൽ പറഞ്ഞു.

'മരണം എന്നത് ഒരു അവസാനം അല്ലെന്നും മറ്റൊരു ജീവിതത്തിന്റെ തുടക്കം ആണെന്നും ഈശോ നമുക്ക് കാണിച്ച് തരുന്നു. ഈ ജീവിതത്തിന് ശേഷം ഒരു സ്ഥലമുണ്ട്. അതെന്റെ പിതാവിന്റെ ഭവനമാണ് എന്നും അതിലുള്ള വാസസ്ഥലങ്ങൾ നമുക്ക് ഒരുക്കാനായ് ഞാൻ പോകുന്നു എന്നുമാണ് ഈശോ പറയുന്നത്. ഈ ലോകജീവിതത്തിനു ശേഷം ഒരു ജീവിതമുണ്ട് എന്നുള്ള സത്യം കൊണ്ട് മാത്രമാണ് നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാകുന്നത്. ഉയിർപ്പ് എന്ന ഒരു സത്യമില്ലായിരുന്നെങ്കിൽ മാർപാപ്പക്കും മെത്രാനും വൈദികർക്കും ഈ ലോകത്തിൽ ഒരു സ്ഥാനവുമില്ല, ഈ ജീവിതത്തിന് അർത്ഥവുമില്ല. ഈ ഈസ്റ്റർ സായാഹ്നത്തിൽ നാമെല്ലാവരും ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നതിന് ഒരേ ഒരു കാരണമേയുള്ളു - ഈശോയുടെ ഉയിർപ്പിലുള്ള നമ്മുടെ വിശ്വാസം.'- പിതാവ് കൂട്ടിച്ചേർച്ചു.

'മരണത്തോടെ നമ്മുടെ ജീവിതം അവസാനിക്കാനുള്ളതാണെങ്കിൽ നാമാരും ഈ ദേവാലയത്തിലേക്ക് കടന്നുവരില്ല. എന്റെ മുമ്പിലിരിക്കുന്ന നിങ്ങളോരോരുത്തരും പഠിപ്പുള്ളവരും നന്നായി ചിന്തിക്കാൻ കഴിവുള്ളവരുമാണ്. ഒരു അവിശ്വാസിക്കോ, ദൈവമില്ല എന്ന് പറഞ്ഞ് നടക്കുന്നവനോ, നിങ്ങളെ കബളിപ്പിക്കാനോ, വിഢികളാക്കാനോ സാധിക്കില്ല, കാരണം ഈശോ ഉയിർത്തെഴുന്നേറ്റു എന്നും ഈശോ നമ്മുടെ കൂടെ ജീവിക്കുന്നു എന്നും ഉള്ള അനുഭവം ഉള്ളവരാണ് നാമെല്ലാവരും. ദൈവമില്ല എന്ന് തർക്കിക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഈ സമയത്ത്, ദൈവത്തിൽ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും പങ്കുപറ്റികൊണ്ട്, അവിടുത്തെ കരങ്ങളിൽ ഇരുന്ന് കൊണ്ടാണ് അവർ വിളിച്ചു പറയുന്നത്- ദൈവമില്ല എന്ന്.'- ബിഷപ് 
മാർ ജോൺ പനംതോട്ടത്തിൽ‌ പറഞ്ഞു

'ഞാൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന സമയത്ത് എനിക്കൊരു കൂട്ടൂകാരൻ ഉണ്ടായിരുന്നു. ചെറുപ്പത്തിലേ അവന്റെ പിതാവ് മരിച്ച് പോയതിന് ശേഷം, ദൈവമില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്നവരുടെ പ്രത്യയ ശാസ്ത്രങ്ങളിൽ ആകൃഷ്ടനായ ഒരു സ്‌നേഹിതൻ. ദൈവമില്ല എന്നും ഉയിർപ്പില്ല എന്നും അവൻ എന്നോട് തർക്കിക്കുമായിരുന്നു. ദൈവത്തിൽ വിശ്വാസിക്കരുത് എന്ന് അവൻ എന്നെ ഉപദേശിക്കുമായിരുന്നു. ദൈവവും സ്വർഗ്ഗവും എല്ലാം നിനക്ക് തെളിയിക്കാൻ കഴിയുമോ എന്ന് അവൻ എന്നെ വെല്ലുവിളിക്കുമായിരുന്നു. അവന്റെ ഫീസും വസ്ത്രങ്ങളുമെല്ലാം എന്റെ വീട്ടിൽ ഞാൻ പറഞ്ഞ് അവനു മേടിച്ചു കൊടുക്കുമായിരുന്നു. അതുകൊണ്ട് അവന് എന്നെ വലിയ ഇഷ്ടവും ബഹുമാനവുമായിരുന്നു. ഞാൻ അവനോട് ചോദിച്ചു: 'സ്‌നേഹവും ദയയും എല്ലാം ഒരു ലബോറട്ടറിയിൽ കൊണ്ട് ചെന്ന് എനിക്ക് കാണിച്ച് തരാമോ, എനിക്കതിൽ തൊട്ട് കാണിച്ച് തരാമോ ? നിന്റെ അമ്മ നിന്നോട് കാണിക്കുന്ന ക്ഷമ, അത് ലബോറട്ടറിയിൽ കൊണ്ട് ചെന്ന് തെളിയിക്കാൻ പറ്റുമോ ?' ശാസ്ത്രങ്ങൾ പറയുന്ന എല്ലാം നമുക്ക് തൊട്ട് അറിയാൻ സാധിക്കുന്ന കാര്യങ്ങളാണ്. '- പിതാവ് വ്യക്തമാക്കി.

'എന്നാൽ ഈശോ നമുക്ക് കാണിച്ച് തരുന്നത് എല്ലാം നമുക്ക് അനുഭവിക്കാൻ സാധിക്കുന്ന കാര്യങ്ങളാണ്. വിശുദ്ധ ഗ്രന്ഥം മുഴുവൻ നമുക്ക് കാണിച്ചുതരുന്ന സ്വർഗ്ഗം, സ്‌നേഹം, ക്ഷമ, വിശുദ്ധി, മഹത്വം എന്നിവയെല്ലാം ഒരു ലബോറട്ടറയിലും ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്ത കാര്യങ്ങളാണ്. നമ്മുടെ ബുദ്ധിക്കതീതമായ അനുഭവങ്ങളാണ് ഇവയെല്ലാം. നാളെ എന്നൊന്ന് ഉണ്ട് എന്നുള്ള പ്രതീക്ഷയാണ് ഉയിർപ്പ്. ഒരു ദുഖവെള്ളിക്ക് ശേഷം ഒരു ഈസ്റ്ററുണ്ട്. ഒരു സങ്കടത്തിനു ശേഷം ഒരു സന്തോഷമുണ്ട്. ഒരു രോഗം വരുമ്പോൾ നാളെ അതു മാറി നമ്മൾ സുഖപ്പെടും എന്ന് നമ്മൾ വിശ്വസിക്കുന്നത് ഈ ഉത്ഥാനമാർഗ്ഗം കൊണ്ടാണ്. ഇന്ന് നമ്മുടെ പ്രാർത്ഥനകളിൽ നാം കണ്ടു- വളരെ ഏറെ സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ. നമ്മുടെ നാടിനും കുടുംബാഗങ്ങൾക്കും എല്ലാവർക്കും വേണ്ടിയുള്ള സമാധാനത്തിന്റെ പ്രാർത്ഥനകൾ. ഉത്ഥിതനായ ഈശോ ആവർത്തിച്ച് പറയുന്ന വാക്കുകളാണ്, ഭയപ്പെടേണ്ട, നിങ്ങൾക്ക് സമാധാനം- ശാലോം.'- ബിഷപ് 
മാർ ജോൺ പനംതോട്ടത്തിൽ‌ പറ‍ഞ്ഞു

ഈസ്റ്റർ വിശുദ്ധകർമ്മങ്ങളിൽ പങ്കെടുത്ത് നാം തിരികെ പോകുമ്പോൾ നമ്മുടെ മനസ്സിൽ എപ്പോഴും തങ്ങി നില്‌ക്കേണ്ടതായ ഒരു പ്രധാന ചിന്ത ഇതാണ്- ദൈവം നമ്മുടെ കൂടെ നടക്കുന്നു. നിരാശയിലാണ്ടു പോയ ശിഷ്യരോട് ഈശോ പറയുന്നുണ്ട്- ഭയപ്പെടാണ്ട, ഞാൻ നിങ്ങളുടെ കൂടെയുണ്ട്, ശാലോം, സമാധാനം നിങ്ങളോട് കൂടെ. നമുക്കിവിടെ എല്ലാം ഉണ്ട്, പണം ഉണ്ട്,നല്ല ജോലി, കുടുംബം, വീട്, സ്വന്തം കാറ് എല്ലാം ഉണ്ട്, പക്ഷേ ഒരു ശൂന്യത... സമാധാനം ഇല്ലാത്ത അവസ്ഥ..ചിലപ്പോഴൊക്കെ ദൈവത്തെ പഴി പറയുന്ന...ദൈവത്തെ ഉപേക്ഷിക്കുന്ന ഒരു മനസ്ഥിതി...അപ്പോഴൊക്കെ ഓർക്കുക... ഈശോ കൂടെയുണ്ട്. നിന്റെ തോളിൽ കൈപിടിച്ചു കൊണ്ട് നിന്റെ കൂടെ നടക്കുന്നുണ്ട്..അവൻ നിന്റെ ചെവിയിൽ മന്ത്രിക്കുന്നുണ്ട്- ശാലോം, സമാധാനം നിന്നോട് കൂടെയെന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിച്ചത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.