സ്ത്രീകള്‍ക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കണം; ഏപ്രിലിലെ പ്രാര്‍ത്ഥനാ നിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ

സ്ത്രീകള്‍ക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കണം; ഏപ്രിലിലെ പ്രാര്‍ത്ഥനാ നിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ അന്തസും മൂല്യവും ലോകമെങ്ങും അംഗീകരിക്കപ്പെടാനും അവര്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കാനും പ്രത്യേക പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ഏപ്രിലിലെ പ്രാര്‍ത്ഥനാ നിയോഗം.

വ്യക്തികള്‍ എന്ന നിലയില്‍ സ്ത്രീക്കും പുരുഷനും ഒരേ അന്തസാണുള്ളതെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ അത് നടപ്പാകുന്നില്ലെന്ന് പാപ്പ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടി. സഹായം സ്വീകരിക്കുന്നതിനോ, ബിസിനസ് തുടങ്ങുന്നതിനോ സ്‌കൂളില്‍ പോകുന്നതിനോ സ്ത്രീകള്‍ക്ക് വിലക്കുള്ള അനേകം രാജ്യങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുന്നു. അവരെ ചൂഷണം ചെയ്യുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു.നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ വികസിതമെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളില്‍ പോലും പലപ്പോഴും അക്രമത്തിനും ദുരുപയോഗത്തിനും സ്ത്രീകള്‍ ഇരയാകുന്നു. അതിനാല്‍, ഈ വിവേചനം ഇല്ലാതാക്കാനും സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

നമുക്ക് സ്ത്രീകളെ ബഹുമാനിക്കാം; അവരുടെ അന്തസിനെയും അടിസ്ഥാന അവകാശങ്ങളെയും മാനിക്കാം. നാം അത് ചെയ്തില്ലെങ്കില്‍ നമ്മുടെ സമൂഹം പുരോഗതി പ്രാപിക്കില്ല. സ്ത്രീകളുടെ അന്തസ്സും മൂല്യവും എല്ലാ സംസ്‌കാരങ്ങളിലുമുള്ള മനുഷ്യര്‍ തിരിച്ചറിയുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പയുടെ വീഡിയോ സന്ദേശം അവസാനിക്കുന്നത്.

കത്തോലിക്കാ സഭയ്ക്കകത്തും പുറത്തുമുള്ള സ്ത്രീകള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കിയ പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. ഇത്തവണത്തെ വിശുദ്ധ വാരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി എഴുതിയ കുരിശിന്റെ വഴി ധ്യാനത്തില്‍ പാപ്പ ഇപ്രകാരം കുറിച്ചു. 'ഈസ്റ്റര്‍ ദിനത്തില്‍ അങ്ങയോട് വിശ്വസ്തത പുലര്‍ത്തുകയും അങ്ങയെ ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത സ്ത്രീകളുടെ മഹത്വം തിരിച്ചറിയാന്‍ ഞങ്ങളെ സഹായിക്കൂ. ഇന്നും അവര്‍ രോഷവും അക്രമവും സഹിക്കുന്നത് തുടരുന്നു.'

പോപ്പ്സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് എന്ന പ്രാര്‍ത്ഥനാശൃംഗലയുടെ നേതൃത്വത്തിലാണ് പാപ്പയുടെ പ്രതിമാസ പ്രാര്‍ത്ഥനാനിയോഗങ്ങളടങ്ങിയ വീഡിയോ സന്ദേശം വിശ്വാസികളിലേയ്ക്കെത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.