ഇപ്പോള്‍ മാമ്പഴക്കാലമാണ്. അതുകൊണ്ടുതന്നെ അടുക്കളയിലെ രാജാവ് മാങ്ങയാണ്. പച്ചമാങ്ങ ചമ്മന്തി മുതല്‍ മാമ്പഴ പുളിശേരിയും പ്രഥമനും വരെ പല രീതികളില്‍ മാമ്പഴക്കാലം നമ്മള്‍ ആഘോഷിക്കും. പണ്ടുകാലത്തൊക്കെ അതിരാവിലെ തൊടിയിലെ നാട്ടുമാവില്‍ നിന്നും രാത്രി വീണ കുഞ്ഞന്‍ നാട്ടുമാങ്ങകള്‍ പെറുക്കാന്‍ ഓടുക എന്നതായിരുന്നു വീട്ടിലെ കുട്ടിപ്പട്ടാളത്തിന്റെ ആദ്യ ജോലി.
സഞ്ചി നിറച്ച് പെറുക്കി കൊണ്ടുവരുന്ന നാട്ടുമാങ്ങകള്‍ മതിയാവോളം കഴിച്ച് കഴിഞ്ഞാലും ബാക്കിയുണ്ടാകും. പിന്നെയുള്ളത് അടുക്കളയില്‍ അമ്മമാര്‍ക്ക് കറികള്‍ക്കുള്ളതാണ്. ചക്കര മാങ്ങയും ചെറിയ പുളിയുള്ള കുഞ്ഞന്‍മാങ്ങയും എല്ലാം നാട്ടുമാങ്ങകളുടെ കൂട്ടത്തില്‍ ഉണ്ടാവും. നാടന്‍മാങ്ങ കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കുന്ന ഒരു മാങ്ങ പച്ചടി റെസിപ്പിയാണ് ഇനി പറയാന്‍ പോകുന്നത്.
മാങ്ങ അടുപ്പില്‍വച്ച് വേവിച്ച് അതിന്റെ സ്വാഭാവിക രുചി കളയാതെ, ഒരു തുള്ളി എണ്ണ പോലും ചേര്‍ക്കാതെ ഉണ്ടാക്കുന്ന ഒരു പ്രത്യേക രുചിക്കൂട്ട് ആണിത്.
ചേരുവകള്‍
*നാടന്‍ മാങ്ങ ചെറുത് - 5 എണ്ണം (ഇടത്തരം മധുരമുള്ളത്)
*തേങ്ങ - രണ്ട് ടേബിള്‍ സ്പൂണ്‍
*തൈര് - മൂന്ന് ടേബിള്‍ സ്പൂണ്‍
*കടുക്- ഒരു ടീസ്പൂണ്‍
*കാന്താരി മുളക് - 5-8 എണ്ണം (എരിവ് അനുസരിച്ച്)
*കറിവേപ്പില- ഒരു തണ്ട്
*ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
*നാടന്‍ മാങ്ങകള്‍ നന്നായി കഴുകി തൊലി ഉരിച്ചെടുക്കുക.
*ഓരോ മാങ്ങയും കൈ കൊണ്ട് ചെറുതായി ഞെക്കി സത്ത് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കുക. മുഴുവന്‍ സത്തും പിഴിയേണ്ടതില്ല.
*സത്തെടുത്ത മാങ്ങകളും പാത്രത്തിലേക്ക് ഇടുക.
*അരകല്ലിലോ, മിക്സിയുടെ ചട്നി ജാറിലോ തേങ്ങയും കടുകും
കാന്താരി മുളകും കറിവേപ്പിലയും ചെറുതായി ഒതുക്കിയെടുക്കുക.
*ഈ മിശ്രിതം മാങ്ങയിലേക്ക് ചേര്‍ക്കുക.
*ഇനി തൈരും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക.
*മാങ്ങ പച്ചടി തയ്യാര്‍
നല്ല മധുരമുള്ള മാങ്ങയാണ് കയ്യിലുള്ളതെങ്കില്‍ പുളിയുള്ള തൈര് ചേര്‍ക്കാം. മാങ്ങയ്ക്ക് പുളി കൂടുതലാണെങ്കില്‍ പുളി കുറഞ്ഞ തൈര് ചേര്‍ക്കുക. ഒപ്പം ആവശ്യമെങ്കില്‍ അല്‍പം പഞ്ചസാരയും ചേര്‍ക്കാം. കാന്താരി മുളകിന്റെ എരിവ് മുന്നിട്ട് നില്‍ക്കുന്നതാണ് പച്ചടിയുടെ പ്രത്യേക രുചി. കാന്താരി ഇല്ലെങ്കില്‍ പച്ചമുളക് ചേര്‍ക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.