മാടിവിളിക്കുന്ന മരക്കൂട്: കുമ്പസാരത്തിന്റെ ശക്തിവെളിപ്പെടുത്തുന്ന യുവാവിന്റെ അനുഭവം. വൈറലാകുന്നു

മാടിവിളിക്കുന്ന മരക്കൂട്: കുമ്പസാരത്തിന്റെ ശക്തിവെളിപ്പെടുത്തുന്ന യുവാവിന്റെ അനുഭവം. വൈറലാകുന്നു

കുമ്പസാരക്കൂടിനെ സമീപിക്കാൻ ഭയന്ന് ലജ്ജയോടെ മാറിനിന്ന ഞാൻ ഒടുവിൽ ധൈര്യം സംഭരിച്ച് അവിടെയെത്തി. എന്റെ പാപങ്ങൾ പലതും മറച്ചു വെച്ച് ഞാൻ കുമ്പസാരം ആരംഭിച്ചെങ്കിലും ആ മരക്കൂടിന്റെ മൂലയിൽ പണ്ടു പലരും ഇറക്കിവെച്ച പാപത്തിന് ഭാണ്ഡം ഞാൻ കണ്ടു. ഒരു പരാതിയും കൂടാതെ അതു മുഴുവൻ ആ കുമ്പസാരക്കൂട് താങ്ങി നിർത്തുന്നു. തന്നിലേക്കു വന്ന ഒന്നിനെയും മടക്കി അയയ്ക്കാൻ അതു മനസ്സു കാണിച്ചില്ല... എല്ലാം സന്തോഷത്തോടെ ഇരു കരങ്ങളിലേക്ക് സ്വീകരിച്ചു. പലരും ഇറക്കിവെച്ച് പാപത്തിന് വിഴുപ്പു ചുമന്നിട്ടും എന്തോ കുമ്പസാരക്കൂട് ഇന്നോളം പാപപങ്കിലമായില്ല. ഒടുവിൽ ഞാനും എന്റെ പാപത്തിന്റെ കറകൾ അവിടെ ഇറക്കി വെച്ചു... ഇത്രയേറെ രഹസ്യങ്ങൾ കേട്ടിട്ടും ഒന്നുപോലും പരസ്യപ്പെടുത്താൻ ഹൃദയത്തിൽ സൂക്ഷിച്ച ആ കൂട്ടിന് പകരം ഇന്നോളം മറ്റൊന്നും എന്റെ ജീവിതത്തിൽ ഇടം നേടിയിട്ടില്ല. 

ഒരുപാട് കെട്ടുമറന്ന വാചകമാണ്, എന്നെ എന്നും കാത്തിരിക്കുന്ന, ഒരിക്കൽപോലും ലജ്ജിക്കുവൻ അനുവദിക്കാത്ത ഒരു മരകൂട് ദേവാലയത്തിന്റെ കോണിലുണ്ട് എന്നത്.

 അതാണ് കുമ്പസരകൂട്. ഞാൻ എന്നും തിരിഞ്ഞു നോക്കുമായിരുന്നു. പലപ്പോഴും പലരും വന്നുപ്പൊയികൊണ്ടിരുന്നു. ഇരുണ്ട മുഖവുമായി വന്ന് പ്രകാശഭരിതരായിപ്പോകുന്ന പലരെയും കണ്ടിട്ടുണ്ട്എ. ന്തോ അവിടേക്ക് പോകാൻ എനിക്ക് തോന്നിയില്ല. ഞാൻ എന്തിനാണ് എന്റെ പാപങ്ങൾ അവിടെ ഓതി കൊടുക്കുന്നത്? അറിവില്ലാത്ത കാലത്ത് മന:പാഠമാക്കിയ കുമ്പസാരമെന്ന കീഴ്‌വഴക്കം ഞാൻ എന്തിനു തുടരണം? ഇതിലൊന്നും അർത്ഥമില്ല എന്ന ചിന്ത എന്നെ എപ്പോഴും അടിമപ്പെടുത്തിയിരുന്നു.

എന്തുത്തന്നെയായാലും ധാരാളമായി ലഭിച്ചാൽ അതിന്റെ വില നമുക്ക് മനസ്സിലാവില്ല. ലഭ്യത കൂടുമ്പോൾ പലതിന്റെയും ആവശ്യം മനസ്സിലാകാതെ വരും എന്ന് ഓർത്തിരുന്നില്ല. എന്നും എന്റെ പാതകളിൽ ഞാൻ പല തവണ ഇതിനെ മറികടന്നുത്തന്നെയാണ് പോയി കൊണ്ടിരുന്നത്. ഒരിക്കൽപ്പോലും അതിനെ ഞാൻ ഗൗനിച്ചില്ല. ഒരു കോണിൽ ഒതുങ്ങിക്കൂടി നിൽക്കുന്ന ആ മരക്കൂടിന് ഇത്ര ശക്തി എവിടെ നിന്നായിരുന്നു. അതിന്റെ വാതിലുകളിൽ ആടിയുലഞ്ഞിരുന്ന ഊറാറ ഞാൻ കണ്ടിരുന്നു. ഒരിക്കലും അതിന്റെ അടുത്തേക്ക് ഞാൻ ചെന്നില്ല.

പാപമോക്ഷത്തിനായി മക്കയിൽ പോകുന്നവർ, ഗംഗാജലത്തിൽ സ്നാനം ചെയ്യുന്നവർ അങ്ങനെ തങ്ങൾ ചെയ്ത പാപത്തിന് പരിഹാരമായി പലരും പലതും ചെയ്യുന്നവരുടെ മദ്ധ്യേ പാപത്തെ മാനിക്കാതെ ജീവിക്കുവാൻ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. മറ്റു മതവിശ്വാസികൾ അത്ഭുതത്തോടെ നോക്കിക്കണ്ട കുമ്പസാരക്കൂടിനെ ഞാൻ വെറും പലക പുരയായി മാത്രം കണ്ടു. ഇനി അവിടേക്കില്ല എന്ന ചിന്ത മനസ്സിൽ താലോലിക്കുമ്പോഴും ഒരു ശക്തി എന്നും അവിടേക്ക് ആകർഷിക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് തോന്നുമായിരുന്നു. വരു നിന്റെ പാപങ്ങളിവിടെ ഇറക്കിവെയ്ക്കു. നിന്റെ ഭാരങ്ങൾ താങ്ങുന്ന അത്താണിയാണ് ഞാൻ എന്നു നിരന്തരം വിളിക്കുമെങ്കിലും ഞാൻ ഒട്ടും ഗൗനിച്ചില്ല. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി, ഞാൻ ഒരുപാട് അകന്നു തുടങ്ങിയിരുന്നു. കണ്ണെത്താദൂരത്തേയ്ക്ക് ആ കുമ്പസാരക്കൂട് മാഞ്ഞുതുടങ്ങിയിരുന്നു. ദൈവത്തിന്റെ അസ്ഥിത്വത്തെപ്പോലും ചോദ്യം ചെയ്യുവാൻ തുടങ്ങിയ കാലം. അല്പം അറിവിന്റെ പിൻബലത്തിൽ പകർന്നു കിട്ടിയ പാരമ്പര്യത്തെപ്പോലും ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ട ഇടവേളകൾ.

ഇന്റർലോക്ക് പാകിയ മുറ്റം കടന്ന് വെൽവെറ്റ് പുതച്ച ദേവാലയങ്കണത്തിന്റെ കോണിൽ കണ്ണീരാൽ കുതിർന്ന കുമ്പസാരക്കൂട് കാത്തു നിൽക്കുകയാണ്. തന്നിലേക്ക് വരുന്ന ആരെയും പിന്തള്ളാതെ എല്ലാവരുടെയും പാപക്കറകൾ ഉപേക്ഷിക്കപ്പെടുന്ന ഒരു ചവറ്റുകുട്ടയാകപ്പെടുകയാണ് ആ മരക്കൂട്. ഇവയെല്ലാം അറിഞ്ഞിട്ടും ഉള്ളിലിരിക്കുന്ന പുരോഹിതനെ പിതാവായ ദൈവമായി കാണാതെ വെറും മനുഷ്യനായി കണ്ട് തന്റെ പാപത്തിന്റെ ആഴത്തിൽ സ്വയം ലജ്ഞിതനായി കുമ്പസാരക്കൂട്ടിലേക്കുള്ള അകലം കൂട്ടി. പിന്നെയുമുണ്ട് ചാപല്യതകൾ. ക്രൈസ്തവനുമാത്രം ലഭിച്ച കനിയായിട്ടും അതിനെ മന:പൂർവും ഒഴിവാക്കി. ഏതു പാപത്തിനും പുറകെ വേണമെങ്കിൽ പോകാമെന്ന് തോന്നിയ കാലം. പുറകിലിരുന്ന് മാടി വിളിച്ച കുമ്പസാരക്കൂടിനോട് ചെറിയ ഇടവേള പറഞ്ഞ് പാപത്തിന്റെ നിഴൽ വീണ ഇടനാഴിയിലേക്ക് ഓടിയിറങ്ങിയപ്പോൾ അന്നു പറഞ്ഞ ഇടവേളയുടെ അകലം സാവധാനം നീണ്ടു തുടങ്ങി, അകലം കൂടിത്തുടങ്ങി. ആനവാതിലിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന കുമ്പസാരക്കൂടിനെ മന:പൂർവം കണ്ടില്ലയെന്ന് നടിച്ച് ദൈവത്തെ മറന്ന കാലത്ത് ചില പിൻവിളികൾ. എന്നും കൂടെയുണ്ടായിരുന്ന ചില സൗഹൃദങ്ങൾ എന്നോട് പറഞ്ഞു, ഒരു ദിവസം നിന്നെ ദൈവം പിടിച്ചു കെട്ടും. ചിരിച്ചു തള്ളികളഞ്ഞു കാരണം മനസ്സിലെ ചിന്ത ദൈവമില്ല എന്നു മാത്രം. ഡാർവിന്റെ പരിണാമവും ബിഗ് ബാംങ് തീയറിയുമൊക്കെ ശാസ്ത്രം തെളിയിച്ചു എന്ന് വിശ്വാസിക്കുവാൻ ഇഷ്ടപ്പെടുന്ന കാലം. നീ ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന ബാലിശമായ ചോദ്യം കൈമുതലാക്കി നടന്ന കാലം. പക്ഷെ ഓർത്തില്ല ഈ പരിണാമവും ബിഗ് ബാംങുമൊന്നും ആരും കണ്ടിട്ടില്ല എന്ന്.

പലപ്പോഴും പലയിടത്തും താങ്ങിയിരുന്ന സൗഹൃദങ്ങൾ തന്നെയാണ് അകന്നു തുടങ്ങിയ കുമ്പസാരക്കൂടിനോട് എന്നെ അടുപ്പിച്ചത്. എല്ലാം തുറന്നു പറയുന്ന സൗഹൃദങ്ങൾ എനിക്കുണ്ട് എന്നു പറയുമ്പോഴും നാം ഓർക്കണം അവരോടും ചിലതു നാം മറച്ചു വെയ്ക്കുന്നുണ്ട് എന്ന്, മറച്ചുവെച്ചിട്ടില്ലേയെന്ന്. ആരോടും പറയാത്ത ചില രഹസ്യങ്ങൾ. നിനച്ചിരിക്കാത്ത നേരത്തെ ചില ഫോൺ കോളുകൾ അതാണ് ജീവിതത്തിന്റെ വഴിത്തിരിവുകൾ. കുമ്പസാരം നിരന്തരം അരങ്ങേറിയിരുന്ന ഇടവകപ്പള്ളിയിൽ കുമ്പസാരിക്കാൻ തോന്നാതിരിക്കുന്ന എന്നെ ദൈവം രണ്ടു വ്യക്തികളിലൂടെ തിരിച്ചു വിളിച്ചു.

ജോണിനുവേണ്ടി പ്രാർത്ഥിക്കണം

കാരണം?

കാരണമറിയേണ്ട അവനു വേണ്ടി പ്രാർത്ഥിക്കുക

ഈ രണ്ടു ഡയലോഗുകൾ ജീവിതത്തെ വലിയ ദയത്തിലേക്ക് നീക്കുകയായിരുന്നു. സഞ്ചു എന്ന സുഹൃത്തിന്റെ ഉപദേശം ശക്തിയുള്ളതായിരുന്നു, ദൈവം നിന്നെ എവിടെയെങ്കിലും വെച്ച് പിടിച്ചുക്കെട്ടും...നീ ദൈവത്തിൽ നിന്ന് എത്രയകന്നാലും ഒരു ദിവസം നീ തിരിച്ചുവരും അന്ന് നീ പൊളിക്കും... എന്ന സാമിന്റെ വാക്കുകൾക്കും വലിയ ശക്തിയായിരുന്നു. നീ പേടിക്കുമൊന്നും വേണ്ടടാ ഈശോ എല്ലാം നോക്കിക്കോളും. ഞാൻ പ്രാർത്ഥിച്ചോളാം എന്ന അക്ഷിജയുടെ സാന്ത്വനം ശരിക്കും ശക്തിയായിരുന്നു. അങ്ങനെ ചില ടെലിഫോൺ സംഭാഷണങ്ങൾ തിരിച്ചു നടത്തി. ഒന്നും കൈയെത്താ ദൂരത്തേയ്ക്ക് അകന്നു പോയിട്ടില്ലാ എന്ന് തോന്നി തുടങ്ങി. ഞാൻ പോലുമറിയാതെ എനിക്കായി പ്രാർത്ഥിക്കുന്ന ഒരുപാടുപേരുടെ പ്രാർത്ഥനയുടെ ഫലമായി ഇരിക്കാം ഞാൻ തിരിച്ചു നടന്നു. ലാലേട്ടൻ പറയുന്നതുപോലെ പിന്നിട്ട വഴികളിൽ കാലിൽ തറച്ച പല മുളകളും ഞാൻ ഊരി പിന്നിലേക്ക് നടന്നു തുടങ്ങി. അത് അത്ര എളുപ്പമായിരുന്നില്ല. അങ്ങനെ നാളുകൾക്കു ശേഷം ഉള്ളിൽ ഇരുളും പുറമേ വെള്ളയും ധരിച്ച് ദേവാലയങ്കണത്തിലേക്ക് ചെന്നു. നെഞ്ചിടിപ്പിന്റെ താളം വളരെ വലുതാണ്. ശരീരമാസകലം വിറയ്ക്കുന്നു. ഞാൻ വളരെ അസ്വസ്ഥനായി നിൽക്കുന്നതു കണ്ട ജെയ്മോൻ എന്ന സ്നേഹിതൻ എന്നോട് ചോദിച്ചു, എന്തുപ്പറ്റി? ഞാൻ അവനോടു പറഞ്ഞു. രണ്ടു വർഷംകൂടി ഞാൻ കുമ്പസാരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാലും മനസ്സിനൊരു വല്ലായ്മ കുമ്പസാരക്കൂടിനെ കാണുമ്പോൾ പേടിയാകുന്നു.

 എന്റെ കരങ്ങൾ തന്റെ കരത്തിനുള്ളിലാക്കി ജെയ്മോൻ പറഞ്ഞു, നീ എന്തിനാടാ പേടിക്കുന്നത് ? നിന്റെ പാപം ക്ഷമിക്കുന്ന ഒരു ദൈവമാണ് അവിടെയിരിക്കുന്നത്. നീ ഒന്നുകൊണ്ടും പേടിക്കാതെ ചെല്ല്...

 പിന്നെ അവന്റെ ധൈര്യപ്പെടുത്തലിന്റെ ഒരു മുഖഭാവവും. അവന്റെ വാക്ക് വലിയൊരു പ്രചോദനമായിരുന്നു. അവൻ തന്ന കരുത്ത് വളരെ വലുതായിരുന്നു. ഒടുവിൽ കുമ്പസാരകൂട്ടിലിരുന്ന ദൈവസാന്നിദ്ധ്യം ഞാൻ തിരിച്ചറിഞ്ഞു. യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് കോപ്പിയടിച്ചപ്പോൾപ്പോലും തോന്നാത്ത പേടി ഇപ്പോൾ വല്ലാതെ തോന്നുന്നു. ചങ്കിടിപ്പോടെ കുമ്പസാരക്കൂട്ടിലേക്ക് പോയ ഞാൻ വലിയ ശാന്തതയോടെയാണ് തിരിച്ചെത്തിയത്. മനസ്സിന്റെ ഭാരം മുഴുവൻ ഞാനവിടെ ഇറക്കിവെച്ചു. നാളുകളുടെ ഭാരം, എന്റെ പാപ കറകൾ കുമ്പസാരക്കൂട്ടിൽ കഴുകി ഒഴിച്ചു. തിരിച്ചൊന്നും പറയാതെ പാപത്തിന്റെ കണികപോലും കാണിക്കാതെ അതെന്നെ തിരികെ അയച്ചു. നിത്യമെന്നെ കാത്തിരിക്കുന്ന എന്റെ പാപത്തിന്റെ കറകളാൽ സ്വയം ഇരുണ്ടു തുടങ്ങിയ കുമ്പസാരക്കൂട് ഇന്ന് എന്റെ അഹങ്കാരം. എന്നിൽ നിന്ന് ഇറങ്ങി ഓടിയ പിശാചിന് തന്നെക്കാൾ ശക്തരായ ഏഴു പിശാചുകളെയും കൊണ്ടുവരുന്നതിനാൽ ഞാൻ ഒരുക്കത്തിലാണ്. കുമ്പസാരം കഴിഞ്ഞ് ഇറങ്ങുന്ന മനുഷ്യനെ കൂട്ടിച്ചെല്ലാൻ സാത്താൻ നിൽക്കുന്നു എന്ന പഴമൊഴി സത്യമായി തോന്നുന്നു. കാരണം ഒരുപാട് പ്രലോഭനങ്ങൾ. അവിടെയും ബലം അവന്റെ ഉപദേശങ്ങൾ മാത്രം, പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ. തിരുത്താൻ ചിലരുള്ളിടത്തോളം കാലം ഞാൻ ഭാഗ്യവാനാണ്.

ഇവിടെ പറഞ്ഞ ഞാൻ എന്ന കഥാപാത്രം നീ തന്നെയാണ് നിന്റെ ജീവിതമാണ്. നിന്നെ വിളിക്കുന്ന ആ മരക്കൂട്ടിലേക്ക് പ്രവേശിച്ച് രക്ഷ നേടു. ഈശോയിലേക്കുള്ള, ദൈവത്തിങ്കലേക്കുള്ള, അൾത്താരയിലേക്കുള്ള ദൂരം തേടി പലരും അലഞ്ഞു. എന്നാൽ യഥാർത്ഥ ദൂരം ഞാനും കുമ്പസാരക്കൂടും തമ്മിലുള്ളതാണ്. അത് കണ്ടെത്തിയാൽ ജീവിതം പൊളിയാകും. ഇപ്പോൾ ധരിച്ചിരിക്കുന്ന തിളങ്ങുന്ന കുപ്പായം മാറി മുഴിഞ്ഞതു ധരിക്കും. നമ്മുടെ ദൈവം രക്ഷ നേടിയത് ഇത്തരത്തിലാണ്. ഒട്ടും വൃത്തിയില്ലാത്ത ഒരു ദൈവം. മനുഷ്യനായി സ്വന്തം ശരീരം മലിനമാക്കിയ മുറിപ്പെടുത്തിയ യേശു. അതു നമുക്ക് മാത്രമുള്ളതാണ്.

 കടപ്പാട്: എനിക്കായി ഉരുകിത്തീർന്ന മെഴുകുതിരികൾക്ക്... അത് കൊളുത്തിയ നിന്റെ കരങ്ങളോട്... പിന്നെ നിന്നോടും.

ബിനീഷ് തോമസ് 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26