ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡികളിലായി 50 ദിവസത്തോളമാണ് കെജരിവാള്‍ ജയിലില്‍ കഴിഞ്ഞത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. കെജരിവാളിന് ഇടക്കാലം ജാമ്യം നല്‍കരുതെന്ന ഇഡിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കോടതിയുടെ തീരുമാനം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ത്തിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണം മൗലികമോ, ഭരണഘടനാപരമോ ആയ അവകാശമല്ലെന്നും വ്യാഴാഴ്ച നല്‍കിയ സത്യവാങ്മൂലത്തില്‍ ഇ ഡി പറയുന്നു. ഒരു രാഷ്ട്രീയ നേതാവിനും പ്രചാരണത്തിന് വേണ്ടി ജാമ്യം ലഭിച്ചിട്ടില്ലെന്നും കെജരിവാളിനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ജയിലില്‍ നിന്ന് പുറത്തുവിടുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഇഡി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
കേസ് പരിഗണിക്കവെ, അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയുടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.