മ്യാൻമറിലെ സൈനീക ഭരണം ഒരു തുടർക്കഥ

മ്യാൻമറിലെ സൈനീക ഭരണം ഒരു തുടർക്കഥ

മ്യാൻമറിൽ ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെ മ്യാൻമറിന് ജനാധിപത്യം എന്നത് ഒരു മരീചികയായി മാറുന്നുവോ ? 1948 ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് ബർമീസ് സ്വാതന്ത്ര്യസേനയുടെ കീഴിൽ മ്യാൻമർ (ബർമ്മ) സ്വാതന്ത്ര്യം നേടി. ആദ്യത്തെ സൈനിക ഭരണം 1958 ൽ ആരംഭിച്ചു. 1962 ൽ ഒരു വിപ്ലവത്തിലൂടെ നെ വിൻ അധികാരം പിടിച്ചടക്കിയപ്പോൾ നേരിട്ടുള്ള സൈനിക ഭരണം തുടങ്ങി. ഈ ഭരണം 1962 മുതൽ 2011 വരെ നീണ്ടുനിൽക്കുകയും 2021 ൽ പുനരാരംഭിക്കുകയും ചെയ്തു.

ഭരണഘടനാ പ്രകാരമുള്ള സൈനീക ഇടപെടലാണ് നടന്നതെന്നാണ് സൈന്യത്തിന്റെ ഔദ്യോഗിക ഭാഷ്യം. കൊറോണ വൈറസ് പ്രതിസന്ധിയും നവംബർ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതും അടിയന്തരാവസ്ഥയ്ക്ക് കാരണമാണെന്ന് സൈനിക ഉടമസ്ഥതയിലുള്ള മ്യാവഡി ടിവി പ്രഖ്യാപിച്ചു. രാജ്യത്തെ ഭരണഘടനയുടെ ആർട്ടിക്കിൾ 417 ഉദ്ധരിച്ചുകൊണ്ട് അത് അടിയന്തിര സമയങ്ങളിൽ സൈന്യത്തെ ഭരണം ഏറ്റെടുക്കാൻ അനുവദിക്കുന്നുവെന്ന് സർക്കാർ മാധ്യമം വ്യക്തമാക്കി.

2008 ൽ സൈന്യം തയ്യാറാക്കിയ ഭരണഘടന അനുസരിച്ച് ജനാധിപത്യ, സിവിലിയൻ ഭരണത്തിന്റെ മറവിൽ സൈന്യത്തിന് അധികാരം നിലനിർത്തുന്നു. സൈന്യത്തിന് ഏതുസമയവും ഭരണത്തിൽ കൈകടത്തുവാൻ ഉള്ള സ്വാതന്ത്ര്യം ഈ ഭരണഘടന നൽകുന്നു. പ്രധാന കാബിനറ്റ് മന്ത്രിമാരും പാർലമെന്റിലെ 25 ശതമാനം സീറ്റുകളെയും സൈന്യത്തിനായി നീക്കിവച്ചിരിക്കുന്നു. ഇത്  സിവിലിയൻ സർക്കാരിന്റെ അധികാരത്തെ പരിമിതപ്പെടുത്തുകയും സൈനിക പിന്തുണയില്ലാതെ ഭേദഗതികൾ നടപ്പിലാക്കുവാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇത്രത്തോളം ശക്തമായ സൈന്യം എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനൊയൊരു കടന്നുകയറ്റം നടത്തിയത് ? 2011 മുതൽ സായുധ സേനയുടെ കമാൻഡറായിരുന്ന സീനിയർ ജനറൽ മിൻ ആംഗ് ഹ്ലയിങ്ങിന്റെ വിരമിക്കലിനോട് അനുബന്ധിച്ചുള്ള ആഭ്യന്തര സൈനീക രാഷ്ട്രീയം തന്നെയാണ് കാരണം എന്ന് നിരീക്ഷകർ കരുതുന്നു. പൊതുവെ സുതാര്യമല്ലാത്ത  സൈനീക ശ്രേണിയിൽ അധികാരം നിലനിർത്തുന്നതിനായുള്ള മാർഗവുമാകാം. മുൻ സൈനിക ഉദ്യോഗസ്ഥനായ വൈസ് പ്രസിഡന്റ് മൈന്റ് സ്വീയെ ഒരു വർഷത്തേക്ക് സർക്കാർ മേധാവിയായി സൈന്യം ചുമതലപ്പെടുത്തി.

 നവംബറിലെ തെരഞ്ഞെടുപ്പിൽ, പാർലമെന്റിന്റെ  ഉപരിസഭകളിലെ 476 സീറ്റുകളിൽ 396 സ്യൂകിയുടെ പാർട്ടി പിടിച്ചെടുത്തു. യൂണിയൻ ഇലക്ഷൻ കമ്മീഷൻ ഫലം സ്ഥിരീകരിച്ചു. 314 ടൗൺ‌ഷിപ്പുകളിൽ‌ വോട്ടർ‌ പട്ടികയിൽ‌ ദശലക്ഷക്കണക്കിന് ക്രമക്കേടുകൾ‌ ഉണ്ടെന്ന്‌ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സൈന്യം അവകാശപ്പെട്ടു. ഒന്നിലധികം ബാലറ്റുകൾ‌ രേഖപ്പെടുത്താനോ മറ്റ് “വോട്ടിംഗ് ദുരുപയോഗം” ചെയ്യാനോ വോട്ടർ‌മാരെ അനുവദിച്ചു  എന്ന  ആരോപണമായിരുന്നു സൈന്യം ഉയർത്തിയത്. എന്നാൽ  അതിനുള്ള തെളിവുകളൊന്നും കാണിക്കുവാൻ സൈന്യത്തിനായിട്ടില്ല. കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ സൈന്യത്തിന്റെ  അവകാശവാദങ്ങൾ നിരസിച്ചു, അവയെ പിന്തുണയ്ക്കുന്നതിന് തെളിവുകളില്ലെന്ന് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനെത്തുടർന്ന് പുതിയ പാർലമെന്റിന്റെ നിലവിൽ വരുന്ന ആദ്യ ദിവസം തന്നെ സൈനിക ഏറ്റെടുക്കൽ നടപ്പിലായി. ഇന്ന് പാർലമെന്റ് നിലവിൽ വന്നിരുന്നു എങ്കിൽ സൂകിയും മറ്റു നേതാക്കളും സത്യപ്രതിജ്ഞ ചെയ്യപ്പെടുമായിരുന്നു.ഒരു വർഷത്തിന് ശേഷം സൈന്യത്തിന്റെ നേതൃത്വത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തും എന്നാണ് സൈന്യം വാർത്താ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത് .

ലോകരാജ്യങ്ങൾ എല്ലാം തന്നെ സൈനീക അട്ടിമറിയെ അപലപിക്കുമ്പോൾ ചൈന യുടെ പ്രതികരണം ശ്രദ്ധാപൂർവമാണ് . മ്യാൻമറിൽ സ്ഥിരത പ്രതീക്ഷിക്കുന്നതായി ചൈന പ്രസ്താവിച്ചു. മ്യാൻമർ സൈന്യവുമായും ജനാധിപത്യസർക്കാർ പ്രതിനിധിയായ ഓങ് സാങ് സൂചിയുമായും ചൈന നല്ല ബന്ധമാണ് പുലർത്തുന്നത്. ചൈനയുടെ തന്ത്രപ്രധാന പങ്കാളിയാണ് മ്യാൻമർ . വൻതോതിൽ നിക്ഷേപവും ചൈന നടത്തി വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.