വിൽക്കാനുണ്ട് സ്വത്തുവകകൾ; വാങ്ങാനുണ്ട് സ്വപ്‌നങ്ങൾ: ബജറ്റ് ഒരവലോകനം 

വിൽക്കാനുണ്ട് സ്വത്തുവകകൾ; വാങ്ങാനുണ്ട് സ്വപ്‌നങ്ങൾ: ബജറ്റ് ഒരവലോകനം 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ അസാധാരണ സാഹചര്യത്തിലാണ് ഇന്ത്യയുടെ രണ്ടാമത്തെ വനിതാ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ഇന്ത്യൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചത്. തന്റെ പ്രസംഗ പീഠത്തിൽ ടാബിൽ നോക്കി ബജറ്റ് അവതരിപ്പിക്കുമ്പോൾ ആദ്യത്തെ കടലാസ് രഹിത ബജറ്റ് എന്ന പ്രാധാന്യവും അതിനുണ്ടായി.

ജനപ്രിയ ജനോപകാര ബജറ്റ് എന്ന് ഒറ്റ നോട്ടത്തിൽ തോന്നാവുന്ന ബജറ്റിനെ ഡെസ്കിലടിച്ച് ഭരണപക്ഷാംഗങ്ങൾ പ്രോത്സാഹിച്ചപ്പോൾ, വളരെ നേരിയ തോതിലുള്ള എതിർ ശബ്ദങ്ങൾ പ്രതിപക്ഷത്ത് നിന്നും ഉയർന്ന കേൾക്കാമായിരുന്നു.

ആദായ നികുതി ഘടനയില്‍ വന്‍ ഇളവാണ്‌ ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്‌. ഒരു വിധ നികുതി ഭാരവും അടിച്ചേൽപ്പിക്കാത്ത ആദ്യ ബജറ്റാണിതെന്ന് പറയാൻ സാധിക്കും. പ്രവാസികളുടെ ഇരട്ട നികുതി  നിർത്തലാക്കി, കർഷകർക്ക് കരുതൽ പദ്ധതികൾ, ആരോഗ്യ പാക്കേജുകൾ, ചെറുകിട വ്യാപാരികൾക്ക് പ്രത്യേക പദ്ധതികൾ ഇങ്ങനെ ഒട്ടേറെ നല്ല കാര്യങ്ങൾ ബജറ്റിൽ നമുക്ക് ഒറ്റ നോട്ടത്തിൽ  കാണാൻ സാധിക്കും.

കൊച്ചി മെട്രോയ്ക്കും, കൊച്ചി ഫിഷിങ് ഹാർബറിനും, കൊച്ചി തുറമുഖത്തിനും, കേരളത്തിലെ റോഡ് വികസനത്തിനും  ബജറ്റിൽ പണം നീക്കി വച്ചിട്ടുണ്ട് എന്നത് മലയാളികളെ പ്രത്യേകിച്ച് സന്തോഷിപ്പിക്കും എന്നതിൽ സംശയമില്ല. ഗ്രാമങ്ങൾക്കും കർഷകർക്കുമാണ് ഈ ബജറ്റിൽ കേന്ദ്ര സ്ഥാനം ലഭിച്ചതെന്നും ഇന്ത്യയുടെ ആത്മവിശ്വാസമാണ് ബജറ്റിൽ പ്രതിഫലിച്ചതെന്നും ബജറ്റ് അവതരണത്തിന് ശേഷം  പ്രധാനമന്ത്രി ധനമന്ത്രിയെ അഭിനന്ദിച്ച് കൊണ്ട് പറഞ്ഞു.

പദ്ധതികൾ ഉദാരമായി പ്രഖ്യാപിക്കുമ്പോൾ അതിനാവശ്യമായ പണം സമാഹരിക്കാനുള്ള വഴികളെക്കുറിച്ച് കാര്യമായ ദീർഘവീക്ഷണമൊന്നും മന്ത്രി പ്രകടിപ്പിക്കുന്നില്ല എന്നത് ഇതിന്റെ ഒരു പോരായ്മയായി ചൂണ്ടിക്കാട്ടുന്നു. ആത്മനിർഭർ ഭാരത് എന്ന മുന്ദ്രവാക്യമുയർത്തുന്ന മോദി സർക്കാർ, ഭാരതത്തിന്റെ കരുത്തും ശക്തിയുമായിരുന്ന പല പൊതു മേഖലാ സ്ഥാപനങ്ങളെയും വിറ്റിട്ടാണ് കാര്യങ്ങൾ നടത്തനുദ്ദേശിക്കുന്നത് എന്നാണ് മുൻ ധനകാര്യമന്ത്രി പി ചിദംബരം ഉൾപ്പടെയുള്ളവർ പരിഹസിക്കുന്നത്. 

നമ്മുടെ ധനക്കമ്മി 2021 -2022  ഏറ്റവും കൂടിയതും (അതായത് 9.5%) ധനകാര്യ വിദഗ്ദ്ധർ ആശങ്കയോടെയാണ് കാണുന്നത്. സാധാരക്കാർക്കും തൊഴിലാളികൾക്കും യാതൊരു പ്രയോജനവും ലഭിക്കാത്ത ബജറ്റാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞതും ശ്രദ്ധേയമാണ്.  കാരണം നേരിട്ട് ജനങ്ങളുടെ കൈയിൽ പണമെത്തുന്ന തൊഴിലുറപ്പ് - ക്ഷേമ പദ്ധതികളൊന്നും ബജറ്റിലില്ല എന്നത് ഒരു കുറവ് തന്നെയാണ്.

ഒരു സംഭവ കഥ ഓർത്ത് പോകുന്നു. തുച്ഛമായ വരുമാനമുള്ള, ലേബർ ക്യാമ്പിൽ താമസിക്കുന്ന ഒരു പാവം പ്രവാസി തൊഴിലാളിയുടെ കഥ. നാട്ടിൽ മാതാപിതാക്കളും മക്കളും കുഞ്ഞുങ്ങളും ഒരു വാടക വീട്ടിൽ.  കുടുബ സ്വത്തായി കിട്ടിയ 10 സെന്റ് സ്ഥലം പേരിലുണ്ടെങ്കിലും  ഇതുവരെ വീട് വയ്ക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് അവിചാരിതമായി അയാൾക്ക് ജോലി നഷ്ടപെട്ടത്; കാരണം സാമ്പത്തിക മാന്ദ്യം തന്നെ.

നാട്ടിലേക്ക് പോകും മുൻപ് അവസാന ഷോപ്പിംഗിന് ഭാര്യയോടും മക്കളോടും അവർക്ക് അത്യാവശ്യമുള്ള സാധനങ്ങൾ ചോദിച്ചു. ഭാര്യക്ക് സ്വർണ്ണ നെക്ലേസ്, മകന് പഠിക്കാൻ ലാപ്ടോപ്പ്, മകൾക്ക് സ്മാർട്ട് ഫോൺ, പ്രായമായ അമ്മയ്ക്ക് സീരിയലൊക്കെ കാണാൻ നല്ലൊരു ടി വി ഇങ്ങനെയുള്ള അവരുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ കേട്ട് അയാൾ തലയിൽ കൈവച്ചിരുന്നു പോയി.

കൂടെ താമസിക്കുന്നവർ പ്രോത്സാഹിപ്പിച്ചു. സ്വന്തക്കാരുടെ ആഗ്രഹങ്ങൾ സാധിക്കാനല്ലേ നമ്മൾ ഈ മണലാരണ്യത്തിൽ പണിയെടുക്കുന്നത്. അയാൾ കടം വാങ്ങി അവർക്ക് വേണ്ടതെല്ലാം വാങ്ങി കൊടുത്തു.  എല്ലാർക്കും സന്തോഷം. കടം കൂടി കൂടി സ്വന്തമായുണ്ടായിരുന്ന 10 സെന്റ് സ്ഥലവും വിൽക്കേണ്ടിവന്നു ആ പാവം പ്രവാസി മലയാളിക്ക് എന്നത് കഥയിലെ ക്ലൈമാക്സ്.

ഭാരതത്തിന്റെ ധനമന്ത്രി നിർമലാ സീതാരാമൻ വളരെ ആകർഷകമായ ഒരു ബജറ്റ് അവതരിപ്പിച്ച് പ്രജകളെല്ലാം സന്തോഷത്തിലിരിയ്ക്കുന്ന ഈ സമയത്ത് ഈ കഥയ്‌ക്കെന്താ ഇവിടെ കാര്യം എന്ന് ആരും ചോദിച്ച് കളയരുത്. സത്യം പറയാമല്ലോ; ശരിക്കും  കോടാനുകോടി ജനങ്ങളെ കോരിത്തരിപ്പിച്ച ബജറ്റ് തന്നെയാണ് ഇന്ത്യൻ പാർലമെന്റിൽ ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി  അവതരിപ്പിച്ചത് എന്ന കാര്യത്തിൽ എതിരഭിപ്രായം ആർക്കും ഉണ്ടാകാൻ സാധ്യതയില്ല.

സ്വാതന്ത്ര്യാനന്തര ഭാരത ശിൽപികൾ പടുത്തുയർത്തിയ സ്വത്തുവകകൾ വിൽക്കാതെ നമുക്ക് വികസന പാതയിൽ മുന്നേറാൻ കഴിയില്ലേ എന്ന ചെറിയൊരു ചോദ്യം ബാക്കിയാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.