മറ്റുള്ളവരോട് നല്ല വാക്കുകൾ പറഞ്ഞ് പരിശുദ്ധാത്മാവിന്റെ സൗമ്യമായ ശബ്ദത്തിന്റെ പ്രതിധ്വനികളാവുക : ഫ്രാൻസിസ് മാർപാപ്പയുടെ പന്തക്കുസ്താ ഞായർ സന്ദേശം

മറ്റുള്ളവരോട് നല്ല വാക്കുകൾ പറഞ്ഞ് പരിശുദ്ധാത്മാവിന്റെ സൗമ്യമായ ശബ്ദത്തിന്റെ പ്രതിധ്വനികളാവുക : ഫ്രാൻസിസ് മാർപാപ്പയുടെ പന്തക്കുസ്താ ഞായർ സന്ദേശം

വത്തിക്കാൻ സിറ്റി: പരിശുദ്ധാത്മാവിന്റെ സ്വരം എത്രത്തോളം താല്പര്യത്തോടെ ശ്രവിക്കുന്നു എന്ന കാര്യം ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. എല്ലാ ദിവസവും സുവിശേഷ വചനങ്ങൾ ധ്യാനിക്കുന്നതും പ്രാർത്ഥനയിലൂടെ കർത്താവിനോടൊപ്പമായിരിക്കുന്നതും ഇതിന് നമ്മെ സഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

'പരിശുദ്ധാത്മാവിൻ്റെ സ്വരത്തോട് നമുക്ക് വിധേയത്വമുള്ളവരായിരിക്കാം' - പന്തക്കുസ്താ ഞായറാഴ്ച വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ മധ്യാഹ്ന പ്രാർത്ഥനക്കായി ഒരുമിച്ചുകൂടിയ വിശ്വാസികൾക്ക് നൽകിയ സന്ദേശം ഈ വാക്കുകളോടെയാണ് മാർപാപ്പ ആരംഭിച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്റെയും അപ്പസ്തോലഗണത്തിന്റെയുംമേൽ പരിശുദ്ധാത്മാവ് ഇറങ്ങിവന്നതിനെയാണ് നാം ഇന്ന് അനുസ്മരിക്കുന്നത് - പാപ്പാ തുടർന്നുപറഞ്ഞു.

പരിശുദ്ധാത്മാവിനെക്കുറിച്ച് പഠിപ്പിക്കുമ്പോൾ യേശു ഇപ്രകാരം പറയുന്നതായി സുവിശേഷത്തിൽ നാം വായിക്കുന്നു: 'അവൻ കേൾക്കുന്നതു മാത്രം സംസാരിക്കും' (യോഹന്നാൻ 16: 15) 'എന്താണ് ഇതിൻ്റെ അർത്ഥം? എന്താണ് പരിശുദ്ധാത്മാവ് കേൾക്കുന്നത്? എന്തിനെപ്പറ്റിയാണ് അവൻ സംസാരിക്കുന്നത് ?' - മാർപാപ്പ ചോദിച്ചു.

അത്ഭുതകരമായ അനുഭവങ്ങൾ നമുക്ക് പകർന്നു തരുന്ന വാത്സല്യത്തിന്റെയും കൃതജ്ഞതയുടെയും കരുതലിന്റെയും കരുണയുടേതുമായ വാക്കുകളാണ് പരിശുദ്ധാത്മാവ് നമ്മോട് സംസാരിക്കുന്നത് - അവിടെ കൂടിയിരുന്നവരുടെ ഉത്തരങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് പാപ്പ പറഞ്ഞു. മനോഹരവും പ്രകാശപൂർണവും ഉറപ്പുള്ളതും നിത്യം നിലനിൽക്കുന്നതുമായ ദൈവ-മനുഷ്യ സ്നേഹബന്ധത്തെക്കുറിച്ച് പരിശുദ്ധാത്മാവ് നമുക്ക് വെളിപ്പെടുത്തിത്തരുന്നു.

ദിനംതോറും നമ്മെ പരിപോഷിപ്പിക്കുന്നു

കൃത്യമായി പറഞ്ഞാൽ, സ്നേഹത്തിൻ്റെ രൂപാന്തരപ്പെടുത്തുന്ന വാക്കുകളാണ് പരിശുദ്ധാത്മാവ് നമ്മോട് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. കേൾക്കാൻ ഇമ്പമുള്ള ആ വാക്കുകൾ, ഹൃദ്യമായ വികാരങ്ങളും നിയോഗങ്ങളും നമ്മുടെ ഉള്ളിൽ ഉണർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നവയാണ് - പാപ്പാ തുടർന്നു പറഞ്ഞു.

ഇക്കാരണത്താൽ, സുവിശേഷത്തിൽ നിന്നുള്ള ഒരു ഭാഗം എല്ലാ ദിവസവും വായിച്ച്, ആ വചനങ്ങളാൽ നമ്മെത്തന്നെ പരിപോഷിപ്പിക്കുന്നത് പ്രാധാന്യമർഹിക്കുന്നു. ഇതിനായി, കയ്യിൽ സൂക്ഷിക്കാവുന്ന വിധത്തിലുള്ള ഒരു സുവിശേഷം എപ്പോഴും കൂടെയുള്ളത് നല്ലതായിരിക്കുമെന്ന് പാപ്പ അഭിപ്രായപ്പെട്ടു.

പരിശുദ്ധാത്മാവിന്റെ സ്വരത്തിനായി കാതോർക്കാം

കർത്താവിന്റെ വചനം ശ്രവിക്കുന്നതും ആരാധനയിൽ പങ്കെടുക്കുന്നതും വ്യക്തിപരമായ പ്രാർത്ഥിക്കുന്നതും പരിശുദ്ധാത്മാവിന്റെ സ്വരത്തിന് ഇടം നൽകാൻ നമ്മെ സഹായിക്കുന്ന കാര്യങ്ങളാണെന്ന് മാർപാപ്പ പറഞ്ഞു. മറ്റുള്ളവരോട് നല്ല വാക്കുകൾ പറയുമ്പോൾ, ആശ്വാസപ്രദനായ പരിശുദ്ധാത്മാവിന്റെ സൗമ്യമായ ശബ്ദത്തിൻ്റ പ്രതിധ്വനിയായി നാം മാറുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സുവിശേഷം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക, നിശബ്ദതയിൽ പ്രാർത്ഥിക്കുക, നല്ല വാക്കുകൾ പറയുക എന്നിവയൊന്നും ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ലെന്നും നമുക്കെല്ലാവർക്കും അവ ചെയ്യാൻ കഴിയുമെന്നും പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു.

ഇപ്രകാരമുള്ള പ്രവർത്തികൾക്ക് എൻ്റെ ജീവിതത്തിൽ എന്ത് സ്ഥാനമാണുള്ളത്? പരിശുദ്ധാത്മാവിനെ കൂടുതൽ നന്നായി ശ്രവിക്കാനും മറ്റുള്ളവർക്കുവേണ്ടി അവിടുത്തെ പ്രതിധ്വനിയായി മാറാനുമുള്ള എൻ്റെ കഴിവ് ഞാൻ വളർത്തിയെടുക്കാറുണ്ടോ? - ഈ ചോദ്യങ്ങൾ ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

പെന്തക്കുസ്താ ദിനത്തിൽ അപ്പസ്തോലന്മാരോടെപ്പം സന്നിഹിതയായിരുന്ന പരിശുദ്ധ അമ്മ പരിശുദ്ധാത്മാവിന്റെ ശബ്ദത്തിന് കൂടുതൽ വിധേയരാകുവാൻ നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഫ്രാൻസിസ് പാപ്പ തൻ്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.