ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അഞ്ച് മാസങ്ങള്‍ മാത്രം ശേഷിക്കേ, ഡൊണാള്‍ഡ് ട്രംപിനെതിരേയുള്ള ന്യൂയോര്‍ക്ക് ജൂറിയുടെ കണ്ടെത്തല്‍ തിരിച്ചടിയായി മാറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അശ്ലീലതാരവുമായുള്ള ബന്ധം പുറത്തു വരാതിരിക്കാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളാണ് കുരുക്കായി മാറിയത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കല്‍കൂടി ഏറ്റുമുട്ടാനിരിക്കേയാണ് വിധി വന്നത്. അതുകൊണ്ട് തന്നെ ജൂലൈ 11-ലെ കോടതി വിധി ട്രംപിന് നിര്‍ണായകമാണ്. നാല് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ട്രംപിന് മേല്‍ ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട മുന്‍ പ്രസിഡന്റ് ജയിലിലേക്കു പോകുമോ അതോ വീണ്ടും അധികാരത്തിലെത്തുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നില്‍നില്‍ക്കുന്ന ട്രംപിന്, ഈ വിധി രാഷ്ട്രീയമായ തിരിച്ചടിയായി മാറാന്‍ സാധ്യതയില്ലെന്ന അഭിപ്രായമാണ് നിയമവിദഗ്ദര്‍ പങ്കുവയ്ക്കുന്നത്.
എന്നാല്‍ ട്രംപിന് ശിക്ഷ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. അക്രമരഹിത കുറ്റകൃത്യം, ആദ്യമായാണ് സമാനമായ കേസില്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ ഘടകങ്ങള്‍ ട്രംപിനെ സഹായിക്കും. ജയില്‍ ശിക്ഷ മൂലമുണ്ടാകുന്ന രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കുക എന്നതും ജഡ്ജിയുടെ പരിഗണനയില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എന്നീ നിലകളും സഹായകമാകും.
ഇത്തരം കേസുകളില്‍ പിഴ, വീട്ടുതടങ്കല്‍, സാമൂഹ്യ സേവനം, തുടങ്ങിയവയാകും മിക്കവാറും ശിക്ഷകള്‍. ജയിലില്‍ അടക്കാതെ പ്രൊബേഷന്‍ വിധിക്കാനും സാധ്യതയുണ്ട്. പ്രൊബേഷന്‍ വിധിച്ചാല്‍ സ്ഥിരമായി ഒരു പ്രൊബേഷന്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഇനി എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ ജയിലിലാകും.
കുറ്റം ചെയ്തതില്‍ പശ്ചാത്താപമില്ലാത്ത ട്രംപിന്റെ മനോഭാവം ജഡ്ജി എങ്ങനെ കണക്കിലെടുക്കും എന്നതും നിര്‍ണായകമാണ്. വിധി എന്തുതന്നെയായാലും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കും. അപ്പീലുമായി ബന്ധപ്പെട്ട നിയമനടപടികള്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടേക്കാം. എന്തായാലും നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് അപ്പീല്‍ നടപടികള്‍ അവസാനിക്കാന്‍ സാധ്യതയില്ല. അപ്പീല്‍ പരിഗണനയിലിരിക്കെ ശിക്ഷ നടപ്പാക്കാനും സാധ്യതയില്ല.
അതിനാല്‍ ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തെ ശിക്ഷ നിയമപരമായി ബാധിക്കില്ല. ശിക്ഷാ നടപടികള്‍ പുരോഗമിക്കുകയും ട്രംപ് വിജയിക്കുകയും ചെയ്താല്‍ ഉണ്ടാകുന്നത് പുതിയൊരു സാഹചര്യം ആയിരിക്കും. ജയിലില്‍ നിന്ന് അദ്ദേഹത്തിന് പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. പ്രസിഡന്റ് 34 വയസിന് മുകളില്‍ പ്രായമുള്ള യുഎസില്‍ ജനിച്ച പതിനാല് വര്‍ഷം രാജ്യത്ത് താമസിക്കുന്നയാള്‍ ആയിരിക്കണം പ്രസിഡന്റ് എന്നുമാത്രമാണ് യുഎസ് ഭരണഘടന പറയുന്നത്.
ക്രിമിനല്‍ കുറ്റമോ ജയില്‍ ശിക്ഷയോ ട്രംപിന്റെ യോഗ്യതയോ പ്രസിഡന്റാകാനുള്ള കഴിവിനെ ബാധിക്കില്ല. ഇനി തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, ട്രംപിന് ജയിലില്‍ നിന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യാം.
അശ്ലീലതാരം സ്റ്റോമി ഡാനിയല്‍സിന്റെ വായടപ്പിക്കാന്‍ നടത്തിയ പണമിടപാടുകള്‍ മറച്ചുവെക്കാന്‍ 34 ബിസിനസ് രേഖകളില്‍ കൃത്രിമം കാണിച്ചതു സംബന്ധിച്ച കേസുകളിലാണ് 77 കാരനായ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതോടെ ഒരു കുറ്റകൃത്യത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ്. അമേരിക്കയുടെ 45-ാമത് പ്രസിഡന്റായിരുന്നു ഡൊണാള്‍ഡ് ട്രംപ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവരുടെ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിക്കുന്നതിന് ഔപചാരികമായി തിരഞ്ഞെടുക്കുന്നതിന് നാല് ദിവസം മുമ്പാണ് കോടതി നടപടിയെന്നത് ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.